പൂച്ചാക്കൽ ∙ വേമ്പനാട്ടു കായലിനു കുറുകെ വലിയൊരു മഴവില്ല് വിരിഞ്ഞു. ഏഴല്ല, സ്വപ്നങ്ങളുടെ എഴുനൂറ് നിറങ്ങളാണ് അതിന്. പന്ത്രണ്ടായിരത്തോളം ജനസംഖ്യയുള്ള പെരുമ്പളം ദ്വീപ് ഇനി കരയിലേക്കു കൈനീട്ടി തൊടും. അതിന് ഇനി ഏതാനും ദിവസം മാത്രം. മാർച്ച് 3ന് പെരുമ്പളം പാലം ഉദ്ഘാടനം ചെയ്യുമെന്നാണു കരുതുന്നത്.
ശരിക്കും മഴവില്ലു പോലെയാണാ പാലം. നടുക്ക് ഏഴു ചായങ്ങൾ തേച്ചതു മാത്രമല്ല കാരണം. രൂപത്തിലുമുണ്ട് വില്ല്. മധ്യഭാഗത്തായി 3 ബോസ്ട്രിങ്ങുകൾ. വില്ലും ഞാണും ചേർന്ന രൂപം. ആ ഭാഗത്തു പാലത്തിനു 12 മീറ്റർ വീതിയുണ്ട്. ബാക്കി ഭാഗങ്ങളിൽ 11 മീറ്റർ. പാലം വരുന്നതോടെ വർഷങ്ങളായി ദ്വീപുനിവാസികൾ അനുഭവിക്കുന്ന യാത്രാക്ലേശമാണു പാലം കടന്നു പോകുന്നത്. 14 വാർഡുകളുള്ള പെരുമ്പളം ദ്വീപ് പഞ്ചായത്തിനെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്നത് ബോട്ട്, ജങ്കാർ സർവീസുകളാണ്. കൊച്ചി ഭാഗത്തേക്കു പൂത്തോട്ട, സൗത്ത് പറവൂർ സർവീസുകളും ആലപ്പുഴയിലേക്കു പാണാവള്ളി സർവീസും.
ഇതിനു പുറമേ ദ്വീപിന്റെ പല ഭാഗങ്ങളിലേക്കു പോകാനുള്ള സർവീസുകളുമുണ്ട്. ആകെ 7 സർവീസ് ബോട്ടുകളും ഒരു ആംബുലൻസ് ബോട്ടും. മുൻപ് അത്യാവശ്യ സേവനത്തിന് ഉപയോഗിച്ചിരുന്ന സ്റ്റേ ബോട്ടിനു പകരമാണ് ആംബുലൻസ് വന്നത്.
ദേശീയ ജലപാതയ്ക്കു സമീപമാണു പെരുമ്പളം. പാലത്തിന്റെ കിഴക്കേക്കരയായ പെരുമ്പളം ഭാഗത്ത് അപ്രോച്ച് റോഡ് ചേരുന്നതു താഴ്ന്ന ചതുപ്പ് പ്രദേശമായതിനാൽ എണ്ണായിരത്തോളം തെങ്ങിൻകുറ്റികൾ താഴ്ത്തിയും ചെമ്മണ്ണു നിറച്ചുമാണു ഭൂമി ഉയർത്തിയത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ തെങ്ങിൻകുറ്റികൾ എത്തിച്ചു. ഇതിനു മുകളിൽ വീണ്ടും ചെമ്മണ്ണും മെറ്റലും നിറച്ചു റോഡ് പാലത്തിന്റെ നിരപ്പിലേക്ക് ഉയർത്തി. ADVERTISEMENT Go AD-FREE
അപ്രോച്ച് റോഡിനു ഭാവിയിൽ കേടു വരാതിരിക്കാനും വശങ്ങൾ സുരക്ഷിതമാക്കാനും ജിയോഗ്രിഡ്, ജിയോടെക്സ് ഉൾപ്പെടെ സംവിധാനങ്ങളുമുണ്ട്. പാലത്തിന്റെ രണ്ടറ്റത്തും അപ്രോച്ച് റോഡിനു 300 മീറ്റർ നീളവും 9.5 മീറ്റർ വീതിയുമുണ്ട്.
ചേർത്തല–അരൂക്കുറ്റി റോഡിൽനിന്നു പെരുമ്പളം ദ്വീപ് വഴി വൈക്കം– പൂത്തോട്ട– തൃപ്പൂണിത്തുറ സംസ്ഥാന പാതയിലെത്തുന്ന പദ്ധതിയുടെ ആദ്യഘട്ടമാണു പെരുമ്പളം പാലം. ADVERTISEMENT Go AD-FREE English Summary:
Perumbulam Bridge, a significant infrastructure project connecting Perumbulam island to the mainland via Vembanad Kayal, is set to open soon. This new bridge promises to alleviate long-standing travel difficulties for the island\“s residents and enhance connectivity in the region. |