ഇസ്‌ലാമാബാദ്∙ വീണ്ടും വിവാദ പരാമർശവുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ഭരണകാലത്തല്ലാതെ ഇന്ത്യ ഒരിക്കലും യഥാർഥത്തിൽ ഐക്യപ്പെട്ടിരുന്നില്ലെന്നാണ് ഖ്വാജ ആസിഫ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഭീകരതയെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ നിലപാടിനെതിരെ ഇന്ത്യ മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഖ്വാജ ആസിഫിന്റെ പ്രസ്താവന.
- Also Read സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; 11 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു
‘‘ഔറംഗസേബിന്റെ കീഴിൽ കുറച്ചുകാലം മാത്രമേ ഇന്ത്യ ഒരൊറ്റ ഐക്യ രാഷ്ട്രമായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ഔറംഗസീബിന്റെ ഭരണകാലത്ത് മുഗൾ സാമ്രാജ്യം ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ വ്യാപിച്ചിരുന്നു. കിഴക്ക് ബംഗാളും തെക്ക് കന്യാകുമാരി വരെയും അന്ന് ഇന്ത്യ ഒറ്റരാജ്യമായി പ്രവർത്തിച്ചു. പിന്നീടൊരിക്കലും ആ രാജ്യം ഐക്യത്തോടെ നിന്നിട്ടില്ല. ഒരു കാലഘട്ടത്തിൽ 540 നാട്ടുരാജ്യങ്ങളായി വരെ ആ രാജ്യം പിരിഞ്ഞു. എന്നാൽ ഇന്ത്യയുമായുള്ള പോരാട്ടത്തിൽ പാക്കിസ്ഥാൻ എന്നും ഒന്നാണ്. ഇന്ത്യയുമായുള്ള യുദ്ധസാധ്യതകൾ യഥാർഥമാണ്. എനിക്ക് സംഘർഷം രൂക്ഷമാക്കാൻ ആഗ്രഹമില്ല, പക്ഷേ അപകടസാധ്യതകൾ യഥാർഥമാണ്, ഞാൻ അത് നിഷേധിക്കുന്നില്ല. ഇനിയൊരു യുദ്ധം വന്നാൽ, മുമ്പത്തേക്കാൾ മികച്ച ഫലമായിരിക്കും നമുക്ക് ലഭിക്കുക’’ – ഖ്വാജ ആസിഫ് സമ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. English Summary:
Khawaja Asif\“s statement sparked controversy regarding India\“s unity. He claimed India was truly united only during Aurangzeb\“s rule, while also addressing potential conflict between India and Pakistan. |