LHC0088 • 1 hour(s) ago • views 969
വൈപ്പിൻ ∙ ലോകബാങ്ക് ധനസഹായത്തോടെ കെഎസ്ടിപി പദ്ധതിയിൽപെടുത്തി കോടിക്കണക്കിന് രൂപ ചെലവിട്ട് നടത്തിയ സംസ്ഥാനപാത നവീകരണം കഴിഞ്ഞിട്ടും കണ്ണിലെ കരടുപോലെ പള്ളിപ്പുറം പഞ്ചായത്തിൽ രണ്ട് പാലങ്ങൾ. 36 കോടി രൂപ ചെലവിട്ട പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നെങ്കിലും കലുങ്ക് പോലുള്ള രണ്ടു പാലങ്ങളും ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമായി തുടരുന്നു.
സംസ്ഥാന പാതയിലെ എട്ടു പാലങ്ങൾ മുൻപ് വീതി കൂട്ടി പുനർനിർമിച്ചെങ്കിലും പള്ളിപ്പുറത്തെ പാലങ്ങൾ അതിൽ ഉൾപ്പെട്ടില്ല. ചെറായി ജംക്‌ഷന് വടക്കു ഭാഗത്തേക്ക് ഗതാഗതം കുറവായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇരുപാലങ്ങളും ഒഴിവാക്കപ്പെട്ടത്. എന്നാൽ സംസ്ഥാന പാതയിലെ വാഹനത്തിരക്ക് നിലവിൽ എല്ലായിടത്തും ഒരു പോലെയാണ്.
വടക്കൻ മേഖലയിൽ നിന്നുള്ള ഭാരമേറിയ മത്സ്യവാഹനങ്ങളും മണൽ ലോറികളും കണ്ടെയ്നർ ലോറികളുമെല്ലാം ഈ രണ്ടു പാലങ്ങളും കടന്നാണ് പോകുന്നത്. വീതി കുറവായതിനാൽ ഇരുവശത്തു നിന്നും വലിയ വാഹനങ്ങൾ വന്നാൽ രണ്ടു പാലങ്ങളിലും ഗതാഗതം കുരുങ്ങും. പാർശ്വഭിത്തിയിൽ വാഹനങ്ങൾ ഇടിച്ചു കയറി പലതവണ അപകടങ്ങളും ഉണ്ടായിട്ടുണ്ട്. കാലപ്പഴക്കമുള്ള പാലങ്ങൾക്ക് ബലക്ഷയം ഉണ്ടോയെന്നുള്ള ആശങ്കയും നിലനിൽക്കുന്നു.
സംസ്ഥാനപാത നവീകരണത്തിന് 36 കോടി രൂപ ചെലവിട്ടപ്പോൾ പാലങ്ങളുടെ പുനർ നിർമാണത്തിന് മുൻഗണന ലഭിച്ചില്ല. പാലങ്ങളുടെ അവസ്ഥ എംഎൽഎ അടക്കമുള്ളവരുടെ ശ്രദ്ധയിൽപെടുത്താൻ പഞ്ചായത്തിലെ ജനപ്രതിനിധികളും മെനക്കെട്ടില്ല. എല്ലാ കാര്യങ്ങളും അറിയാവുന്ന പൊതുമരാമത്ത് അധികൃതരും മിണ്ടാതിരുന്നു. വൈകാതെ മുനമ്പം– അഴീക്കോട് പാലം തുറക്കുന്നതോടെ വാഹന ഗതാഗതം പതിന്മടങ്ങായി വർധിക്കുമെന്നതിനാൽ സംസ്ഥാന പാതയിലെ കുപ്പിക്കഴുത്തുകളായി ഈ പാലങ്ങൾ മാറുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ എംഎൽഎ അടക്കമുള്ളവരുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം ഉയരുന്നത്. ADVERTISEMENT Go AD-FREE English Summary:
Narrow bridges in Vypin are causing severe traffic congestion and safety hazards after being excluded from a major ₹36 crore state highway renovation. Residents and local authorities are now demanding immediate action to reconstruct the dilapidated bridges before traffic worsens. |
|