ആലപ്പുഴ ∙ ജില്ലാക്കോടതി പാലം പുനർനിർമാണത്തിനു ഇനിയും 3 കടകൾ കൂടി പൊളിച്ചുമാറ്റി സ്ഥലം ലഭിക്കണം. ഒരു വീടിന്റെ മുറ്റവും വിട്ടുകിട്ടണം. സർക്കാർ ഭൂമി കുത്തകപ്പാട്ട വ്യവസ്ഥയിൽ കൈവശം വച്ചു വരികയായിരുന്നു. നാല് കൂട്ടർക്കും നേരത്തെ നോട്ടിസ് നൽകിയിരുന്നു. പക്ഷേ കടകൾ പൊളിച്ചു മാറ്റുകയോ, സ്ഥലം വിട്ടുകിട്ടുകയോ ചെയ്തില്ല.
എസ്ഡിവി സ്കൂൾ ഒന്നര സെന്റ് സ്ഥലം നൽകി
∙ ഗർഡർ കോൺക്രീറ്റ് ചെയ്തു വയ്ക്കുന്ന വടക്കേക്കരയിൽ സ്ഥലം ആവശ്യത്തിനില്ലാത്തതിനാൽ എസ്ഡിവി സ്കൂൾ അധികൃതർ താൽക്കാലികമായി ഒന്നര സെന്റ് സ്ഥലം നൽകി. ഗർഡറുകൾ ഉയർത്തി വയ്ക്കുന്ന കൂറ്റൻ ഉപകരണം കൊണ്ടുപോകാനുള്ള റെയിൽ സ്ഥാപിക്കാൻ ഇതോടെ കുറെ സ്ഥലം ലഭിക്കും.
കലക്ടർ വിളിച്ച യോഗം 18ന്
∙ പാലത്തിന്റെ തെക്കുവശത്തെ റാംപ് നിർമാണം ഉടൻ തുടങ്ങണം. അതിന് കെട്ടിടങ്ങൾ പൊളിച്ചുമാറ്റി സ്ഥലം വേണം. നടപടികൾ വേഗം പൂർത്തിയാക്കാൻ 18ന് കലക്ടർ യോഗം വിളിച്ചിട്ടുണ്ട്. ചെത്തുതൊഴിലാളി യൂണിയൻ ഓഫിസിന്റെ സമീപമുള്ള കടകളാണ് നീക്കം ചെയ്യേണ്ടത്. പുതിയ പാലത്തിന്റെ പദ്ധതിക്കുവേണ്ടി 2 വർഷം മുൻപ് 283 സെന്റ് സ്ഥലം ഏറ്റെടുക്കാൻ കടകളും സ്വകാര്യ കെട്ടിടങ്ങളും നഗരസഭയുടെ കെട്ടിടങ്ങളും സർക്കാർ ഓഫിസുകൾ പ്രവർത്തിച്ച 5 കെട്ടിടങ്ങളും പൊളിച്ചുമാറ്റിയപ്പോൾ ഇവരും മാറേണ്ടതായിരുന്നു. സർക്കാർ ഭൂമിയായതിനാൽ നടപടി വേഗം ആകുമെന്നതുകൊണ്ട് ഇതുവരെ നീണ്ടുപോയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ സ്ഥലം കൂടി ലഭിച്ചാലേ ഇതുവഴിയുള്ള റാംപ് റോഡിന്റെ നിർമാണം തുടങ്ങൂ.
നിർമാണം വേഗത്തിലായി
പണിമുടക്ക് ദിവസമായിരുന്ന ഇന്നലെയും നിർമാണം മുടങ്ങാതെ നടന്നു. ഇതിനകം 171 പൈലുകളിൽ 115 എണ്ണം പൂർത്തിയായി. പൈലിങ്ങിനു ഉപയോഗിക്കുന്ന രണ്ട് യന്ത്രങ്ങൾ തടസ്സമില്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ് വേഗത്തിന് കാരണം. മുല്ലയ്ക്കൽ വടക്കേയറ്റം മുതൽ ഇടത്, വലത് ഭാഗങ്ങളിലേക്ക് 3 മീറ്റർ വീതിയിൽ സർവീസ് റോഡ് നിർമാണം താമസിയാതെ പൂർത്തിയാകും. മാർച്ച് 31വരെ ചെയ്യുന്ന പ്രവൃത്തികൾക്ക് ഷെഡ്യൂൾ തയാറാക്കിയിട്ടുണ്ടെന്നും കിഫ്ബി അധികൃതർ പറഞ്ഞു. ADVERTISEMENT Go AD-FREE English Summary:
Alappuzha district court bridge reconstruction requires the demolition of three more shops and acquisition of private land. Progress is being made on the bridge\“s infrastructure despite delays. |