കഴിഞ്ഞ 12 വർഷങ്ങളിലായി സർക്കാർ സ്വീകരിച്ച തന്ത്രപരമായ ചുവടുകൾ തന്നെയാണ് ബജറ്റിൽ പ്രതിഫലിച്ചത്. തന്ത്രപ്രധാന വിഷയങ്ങളിൽ മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കുക, ജനങ്ങൾക്കു പ്രയാസം കുറഞ്ഞ ജീവിതമൊരുക്കുക, സാമ്പത്തിക–ഡിജിറ്റൽ– സാങ്കേതിക അധീശത്വം ഉറപ്പാക്കുക എന്നിവ മുന്നിൽക്കണ്ട്, 2047നകം ആത്മനിർഭര വികസിത ഭാരതം സാധ്യമാക്കുകയെന്ന ആത്യന്തികലക്ഷ്യമാണ് ബജറ്റിനുള്ളത്.
∙ ആരോഗ്യമേഖലയ്ക്ക് ലക്ഷം കോടി
ജനജീവിതം അനായാസമാക്കാനായി നിലവിലുള്ള പദ്ധതികൾക്കു കരുത്തുപകരുകയാണ് ഈ ബജറ്റ്. ആരോഗ്യ, വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്കായി പ്രത്യേകം ഉദ്ദേശിച്ചുള്ള പദ്ധതികളും വർധിച്ച തോതിലുള്ള തുക വകയിരുത്തലുമുണ്ട്. ആരോഗ്യമേഖലയ്ക്കായി 1,06,530 കോടി രൂപ നീക്കിവച്ചിരിക്കുന്നത് അർബുദം, പ്രമേഹം, അപൂർവരോഗങ്ങൾ, ഓട്ടോഇമ്യൂൺ രോഗാവസ്ഥകൾ തുടങ്ങിയവയ്ക്കെതിരെ ഒരു ബയോഫാർമ ആവാസവ്യവസ്ഥ വികസിപ്പിച്ചെടുക്കാനാണ്.
ജില്ലാ ആശുപത്രികളിലെ എമർജൻസി, ട്രോമ കെയർ ശേഷിയിൽ 50% വർധനയാണ് ലക്ഷ്യമിടുന്നത്. ഒന്നര ലക്ഷം ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകും. ആയുഷ് സംവിധാനത്തിനൊപ്പം പോകുന്നതും മാനസിക വെല്ലുവിളി നേരിടുന്നവർക്കായുള്ള കരുതലിനു ശക്തിപകരുന്നതുമായ ചുവടുവയ്പാകുമിത്. അർബുദത്തിനും അപൂർവരോഗങ്ങൾക്കുമുള്ള മരുന്നുകൾക്ക് തീരുവയിളവ് സാധാരണക്കാർക്കു താങ്ങാകും. ADVERTISEMENT Go AD-FREE
∙ എഐയ്ക്ക് ബൂസ്റ്റർ ഡോസ്
എഐ, സെമികണ്ടക്ടർ മേഖലയ്ക്ക് 76,000 കോടി രൂപ വകയിരുത്തിയുള്ള ‘ബൂസ്റ്റർ ഡോസാ’ണ് ബജറ്റിലുള്ളത്. ഡേറ്റ സെന്ററുകൾക്ക് ദീർഘകാല അടിസ്ഥാനത്തിലുള്ള നികുതിയിളവുകളാണ് മറ്റൊരു സുപ്രധാന നടപടി. ഇലക്ട്രോണിക് ഘടകവസ്തുക്കളുടെയും സെമികണ്ടക്ടർ ഉപകരണങ്ങളുടെയും ആഭ്യന്തര ഉൽപാദനം വിപുലപ്പെടുത്തുക, ഇന്ത്യയുടേതായ ബൗദ്ധിക സ്വത്തവകാശങ്ങൾ വികസിപ്പിച്ചെടുക്കുക എന്നിങ്ങനെയാണ് ലക്ഷ്യങ്ങൾ.
‘ഭാരത് വിസ്താർ’ പോലെ, ഗവേഷണത്തിലൂന്നിയുള്ള ഇന്നവേഷൻ സംരംഭങ്ങളാണ് മറ്റൊന്ന്. വിദ്യാഭ്യാസത്തിലൂടെ തൊഴിലവസരം ഉറപ്പാക്കാനായി വിഭാവനം ചെയ്തിരിക്കുന്ന ഓറഞ്ച് ഇക്കോണമിയിലൂടെ മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിയുമായി കൈകോർത്ത് സ്കൂളുകളിലും കോളജുകളിലും കണ്ടന്റ് ക്രിയേറ്റർ ലാബുകൾ തുടങ്ങും.
∙ കേരളത്തിന് ‘അപൂർവ’ധാതു ഇടനാഴി
34,300 കോടി രൂപ വകയിരുത്തിയുള്ള ക്രിട്ടിക്കൽ മിനറൽ മിഷൻ വഴി രാജ്യത്തെ അപൂർവധാതു കരുതൽശേഖരം പ്രയോജനപ്പെടുത്താനും ഈ മേഖലയിലെ ആശ്രിതത്വം കുറയ്ക്കാനുമുള്ള നടപടികളാണ് വികസിപ്പിക്കുന്നത്. ഒഡീഷ, കേരളം, ആന്ധ്രപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന അപൂർവധാതു ഇടനാഴി വികസിപ്പിക്കാനും അതിന് ആവശ്യമായ അനുബന്ധ നടപടികൾ ഉറപ്പാക്കാനും ബജറ്റിൽ നിർദേശിക്കുന്നുണ്ട്. ADVERTISEMENT Go AD-FREE
രാജ്യത്തിന്റെ വ്യാവസായിക ശേഷിക്ക് കരുത്തുപകരാനുള്ള നടപടികളും ബജറ്റിലുണ്ട്. റോഡ്, റെയിൽവേ, ഏവിയേഷൻ, ഷിപ്പിങ് തുടങ്ങിയ എല്ലാ രംഗങ്ങളിലും വികസനപദ്ധതികൾ ലക്ഷ്യമിടുന്നുണ്ട്. ധാതുസമ്പന്ന മേഖലകളെ വ്യവസായ ഇടനാഴികളും തുറമുഖങ്ങളുമായുൾപ്പെടെ ബന്ധിപ്പിക്കുന്ന പുതിയ 20 ദേശീയ ജലപാതകളുൾപ്പെടെ വികസിപ്പിക്കും.
∙ ക്ലീൻ എനർജിക്ക് 20,000 കോടി
ഹൈടെക് വ്യവസായ വളർച്ച പരിസ്ഥിതിയെ ബലി കൊടുത്തുകൊണ്ടാകരുതെന്നാണ് സർക്കാർ നിലപാട്. ക്ലീൻ എനർജി പദ്ധതികൾക്കായി 20,000 കോടി രൂപ കൂടി ബജറ്റിൽ നീക്കിവച്ചിരിക്കുന്നു. രാജ്യത്തിന്റെ ഉൾക്കരുത്തും ശേഷിയും വർധിപ്പിക്കുന്നതിലും യുവജനങ്ങളെ പ്രാപ്തരാക്കുന്നതിലും വ്യക്തമായ ശ്രദ്ധ പതിപ്പിക്കുന്ന ദീർഘകാല മുൻഗണനകളിലൂന്നിയുള്ള ബജറ്റാണിത്.
∙ ലേഖകൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇക്കണോമിക് അഡ്വൈസറി കൗൺസിലിലെ അംഗമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT GO AD-FREE English Summary:
India\“s 2026 Budget focuses on self-reliance with ₹1L Cr for health (bio-pharma, emergencies), ₹76K Cr AI/semiconductors boost, Kerala-linked critical minerals mission, and ₹20K Cr clean energy, aiming for easier lives and 2047 developed India. |