കോട്ടയം / തൊടുപുഴ ∙ മെർലിൻ ജേക്കബാണു ഷെയർ ട്രേഡിങ്ങിലേക്ക് കുറിച്ചി സ്വദേശിയെ ക്ഷണിച്ചത്. പല തവണകളായി 1.13 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്കു കൈമാറി. പിന്നീട് അനക്കമില്ലാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്നു മനസ്സിലാക്കിയത്. ചിങ്ങവനം പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ തട്ടിപ്പിന്റെ ഒരു ചരട് കംബോഡിയയിലേക്കു നീണ്ടു. മെർലിൻ ജേക്കബ് എന്ന വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് കംബോഡിയയിലേതാണ്. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം ചാനലുകൾ... എല്ലാം കംബോഡിയയിൽ നിന്നാണ് ഇൻസ്റ്റാൾ ചെയ്തത്. അവിടെ ജോലി ചെയ്തിരുന്ന മാവേലിക്കര സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
What you should read next
- രാജൻ നമ്പൂതിരിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായത് വാട്സാപ്പിൽ ലഭിച്ച ഒരു ലിങ്ക് ! Kottayam
കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ് നടത്തിയ മറ്റു കേസുകളിൽ 3 മലയാളികളെ കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കംബോഡിയയിലെ വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് തട്ടിപ്പുകൾ വ്യാപകമാകുന്നെന്നു നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ നിന്നു തൊഴിൽതട്ടിപ്പിൽപെട്ട് കംബോഡിയയിൽ എത്തിയ ഏഴായിരത്തോളം പേരെ തിരിച്ചെത്തിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു. ചൈനീസ് നിയന്ത്രണത്തിനുള്ള ആഗോള സൈബർ തട്ടിപ്പ് സംഘത്തിന്റെ ആസ്ഥാനം കംബോഡിയയിലെന്നാണ് സൈബർ കേസുകൾ അന്വേഷിക്കുന്ന പൊലീസിന്റെ കണ്ടെത്തൽ.
ജോലി ചെയ്യിച്ച് ‘പണി’
തൊടുപുഴ സ്വദേശിയായ വ്യക്തിക്ക് പാർട്‌ടൈം ജോലി ചെയ്തപ്പോഴാണു ‘പണി’ കിട്ടിയത്. ദിവസവും ഒന്നോ രണ്ടോ മണിക്കൂർ ഓൺലൈനായി ജോലി ചെയ്താൽ മാസം 50,000 മുതൽ ഒരു ലക്ഷം വരെയായിരുന്നു വാഗ്ദാനം ചെയ്ത പ്രതിഫലം. പിഡിഎഫ് കൺവേർഷൻ ആണ് യുവാവിന് ലഭിച്ച ജോലി. ഓരോ ദിവസവും ജോലി വിലയിരുത്തി ‘എക്സലന്റ്’ റിപ്പോർട്ടും കിട്ടിയതോടെ യുവാവിന് ആവേശമായി.
ഒരു മാസത്തോളം നീണ്ട ജോലിക്കൊടുവിൽ 59,000 രൂപ ശമ്പളവും പ്രഖ്യാപിച്ചു. ജോലി നൽകിയ വ്യക്തി മലയാളത്തിലാണ് സംസാരിച്ചത്. യുപിഐ ഐഡി വാങ്ങി അക്കൗണ്ടിലേക്ക് ഒരു രൂപ നിക്ഷേപിച്ച് ‘റൂട്ട് ക്ലിയർ’ ചെയ്തതോടെ യുവാവിന് പൂർണ വിശ്വാസമായി. പിന്നീടാണ് യഥാർഥ കഥ തുടങ്ങിയത്. പ്രോസസിങ് ചാർജായി രണ്ടായിരത്തിൽ താഴെയുള്ള ഒരു തുക ആവശ്യപ്പെട്ടു. ADVERTISEMENT GO AD-FREE
59,000 രൂപ കിട്ടാനുള്ളതിനാൽ, പ്രോസസിങ് ചാർജ് യുവാവ് നൽകി. രണ്ടു ദിവസം കഴിഞ്ഞും ശമ്പളം കിട്ടാതെ വന്നപ്പോൾ യുവാവ് വിവരം തിരക്കി. കെവൈസി അപ്ഡേറ്റ് ചെയ്യാത്തതിനാൽ തുക അയയ്ക്കാൻ പറ്റുന്നില്ല എന്നു മറുപടി.വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവാവിന് അപകടം മനസ്സിലായി. നിയമപരമായി പോകുകയാണെന്ന് അറിയിച്ചതോടെ യുവാവിനെ ബ്ലോക്ക് ചെയ്ത് തട്ടിപ്പുകാരൻ മുങ്ങി. കൂടുതൽ അന്വേഷണത്തിൽ ഇതേ സംഭവത്തിൽ പല സംസ്ഥാനങ്ങളിൽ നിന്നായി 30,000 രൂപ മുതൽ മുകളിലേക്ക് പണം നഷ്ടപ്പെട്ടവർ ഉണ്ടെന്ന് മനസ്സിലായി. അവധിക്കാലത്താണ് ഇത്തരം തട്ടിപ്പുകൾ കൂടുതലാകുന്നത്.
കോടികൾ പോകുന്ന വഴി
സുന്ദർ സി. സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ‘അരുണാചലത്തി’ൽ പൂർവികസ്വത്തായ 3000 കോടി രൂപ കിട്ടാൻ 30 ദിവസത്തിനുള്ളിൽ 30 കോടി രൂപ ചെലവാക്കാൻ ഒരു ടാസ്ക് നൽകുന്നുണ്ട്. സൈബർ തട്ടിപ്പുകാർക്ക് ആ ടാസ്ക് നൽകിയാൽ ഒരു മണിക്കൂറിൽ പണം പലവഴി പോകുന്നതു നേരിൽക്കാണാം. വികേന്ദ്രീകൃത രീതിയാണ് ഫണ്ട് ട്രാൻസ്ഫറിൽ ഇവർ സ്വീകരിക്കുന്നത്. ഒരു കോടി രൂപയാണു തട്ടിച്ച് എടുത്തതെങ്കിൽ ആദ്യ മണിക്കൂറിനുള്ളിൽ ഇത് 10 ലക്ഷം രൂപ വീതമാക്കി 10 അക്കൗണ്ടുകളിലേക്കു മാറ്റും. പിന്നീട് 1 ലക്ഷം വീതം 100 അക്കൗണ്ടുകളിലേക്ക് മാറും, അങ്ങനെ വളരെ വേഗത്തിൽ കോടികൾ ആയിരങ്ങളായി ചിതറും.
48 മണിക്കൂറിനുള്ളിൽ തട്ടിപ്പു വിവരം സൈബർ പൊലീസിൽ അറിയിച്ചാൽ ഇതിന് തടയിടാനായേക്കും. എന്നാൽ പലരും തട്ടിപ്പു നടന്ന് ഒരു മാസത്തിനു ശേഷമൊക്കെയാണ് പരാതി നൽകുന്നത്. വയോജനങ്ങൾ ഓൺലൈൻ ബാങ്ക് ഇടപാടുകൾ ശ്രദ്ധിക്കാത്തതിനാൽ അടുത്ത തവണ ബാങ്കിൽ ചെല്ലുമ്പോൾ മാത്രമാകും പണം നഷ്ടപ്പെട്ട കാര്യം അറിയുക. ഇടുക്കി സ്വദേശിയായ സ്ത്രീക്ക് പണം നഷ്ടമായെന്ന് അറിയുന്നത് 2 മാസത്തിനു ശേഷമാണ്. English Summary:
Cyber fraud is a growing concern, with a recent case involving a fake job offer leading to significant financial loss. These scams often originate from Cambodia and utilize sophisticated methods to trick victims into transferring large sums of money. |