പ്രായം പാർട്ടിയുടെ പരിധികടന്നതോടെ ചുമതലകളുടെ ചുമടെല്ലാം ഇറക്കി വീട്ടിൽ ചുമരുംചാരി കാലും തടവി ഇരിപ്പായിരുന്നു സിപിഎം (റിട്ട.) നേതാവ് എ.കെ.ബാലൻ. മടുപ്പുമാറ്റാൻ തോന്നിയ നിഷ്‌കളങ്ക ഉപായമാണ് പണ്ടത്തെ മാറാട് കലാപത്തിന്റെ കാര്യം ഓർമിപ്പിച്ച് എല്ലാവരെയും ഒന്ന് ഉഷാറാക്കിക്കളയാം എന്ന ചിന്ത. പത്രക്കാരെ വിളിച്ചു കാര്യം പറഞ്ഞു. ‘യുഡിഎഫ് സർക്കാർ വന്നാൽ ജമാഅത്തെ ഇസ്‌ലാമി ആയിരിക്കും ആഭ്യന്തരം നിയന്ത്രിക്കുക. പിന്നെ ഇവിടെ മാറാട് കലാപം ആവർത്തിക്കും’. സംഗതി ഏറ്റു. കൊടും വർഗീയത ഇളക്കിവിടുന്ന വേണ്ടാത്ത ഏർപ്പാടാണെന്നും തീക്കൊള്ളികൊണ്ട് തല ചൊറിയൽ ആണെന്നുമൊക്കെ സ്ഥിരബുദ്ധിയുള്ളവർക്കു തോന്നിയെങ്കിലും ബാലന്റെ മനസ്സു നിറഞ്ഞു. അതാണ് പ്രധാനം.
Also Read രാഹുലിനെതിരെ നിയമസഭാ നടപടി സാധ്യത: പുറത്താക്കിയാൽ ചരിത്രം
താൻ പറയുന്നത് ഗൗരവത്തിലെടുക്കുന്നവർ ഇപ്പോഴും കേരളത്തിൽ ഉണ്ടെന്നോർത്ത് ബാലനു ചിരിയടക്കാൻ പറ്റുന്നുണ്ടാവില്ല. തന്റെ പഴയ പ്രവചനങ്ങളും അതിന്റെ പിന്നീടുള്ള ഗതിയും പലവട്ടം തിരിച്ചറിഞ്ഞിട്ടും ഈ മണ്ടൻമാർക്കു ശരിക്കും താൻ ആരാണെന്ന് ഇതുവരെ വിവരം വച്ചില്ലല്ലോ എന്നാണ് ആ ചിരിയുടെ അർഥം. ‘മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രചെയ്‌ത നവകേരള ബസ് വിൽപനയ്ക്കു വച്ചാൽ ഇരട്ടിവിലയ്ക്ക് എടുക്കാൻ ആളുണ്ടാകും, ബസ് മ്യൂസിയത്തിൽ വച്ചാൽ ടിക്കറ്റെടുത്തു കാണാൻ ലക്ഷക്കണക്കിന് ആളുകൾ വരും’ എന്നൊക്കെ പ്രവചിച്ച ബുദ്ധിരാക്ഷസനാണ്. ബാലൻ പറഞ്ഞത് വിശ്വസിച്ച് മ്യൂസിയത്തിലെ താരപദവി സ്വപ്നംകണ്ട ബസ് ഇപ്പോൾ കോഴിക്കോട് - ബെംഗളൂരു റൂട്ടിലോടി നടുതളരുകയാണ്. ബസ് വാങ്ങാൻ മുന്നിട്ടു നിന്ന അന്നത്തെ നവകേരള ഗതാഗതമന്ത്രി ആന്റണി രാജു മത്സരത്തിനിടെ അടിവസ്ത്രം ഉരിഞ്ഞുപോയ ഓട്ടക്കാരനെപ്പോലെ ബ്രേക്‌ഡൗണായി രാഷ്ട്രീയത്തിന്റെ പെരുവഴിയിലും. ബാലന്റെ നാവ് പൊന്നായിരിക്കട്ടെ.
Also Read ആർഎസ്എസിന്റെ ലക്ഷ്യം നേടാൻ നിരന്തര പരിശ്രമം തുടരണം: ഗവർണർ
ഇക്കണക്കിനാണ് സിപിഎമ്മിന്റെ പോക്കെങ്കിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരവും അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നവും പോകുമെന്നും പിന്നെ ഈനാംപേച്ചി, തേള്, ഒക്ടോപസ്, എലിപ്പെട്ടി ചിഹ്നങ്ങളായിരിക്കും നമുക്കു കിട്ടുക എന്നുമൊരു പ്രവചനം പണ്ടു ബാലൻ നടത്തിയതോർക്കുന്നു. സഖാക്കളുടെ ഭാഗ്യത്തിന് അതും സത്യമായില്ല. ഇതെല്ലാം കഴിഞ്ഞിട്ടും താൻ പറയുന്നത് ജനം ഗൗരവത്തിലെടുക്കാൻ തുടങ്ങിയാൽ അതുകൊണ്ട് ഉണ്ടാവുന്ന കുണ്ടാമണ്ടികൾക്കു ബാലനെ കുറ്റം പറയുന്നതു നീതിയല്ല.
സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
MORE PREMIUM STORIES
സർക്കാരുണ്ടാക്കാൻ 71 സീറ്റ് ധാരാളം. തന്റെ ഭരണമികവുകൊണ്ട് 110 എണ്ണത്തിൽ വിജയം ഉറപ്പിച്ചുകഴിഞ്ഞു, മുഖ്യമന്ത്രി പിണറായി വിജയൻ. ബാക്കി 30ൽ ബിജെപിക്കു വേണ്ടതു കൊടുത്തശേഷം ബാക്കിയുണ്ടെങ്കിൽ കോൺഗ്രസിനും ലീഗിനും വീതം വയ്ക്കാം എന്നാണ് അദ്ദേഹത്തിന്റെ മനസ്സിലെന്നു കരുതണം. മൂന്നാം ഭരണം ഉറപ്പായിരിക്കെ യുഡിഎഫ് സർക്കാർ വരികയും ആഭ്യന്തരം ജമാഅത്തെ ഇസ്‍ലാമി നിയന്ത്രിക്കുകയും ചെയ്യും എന്ന് ബാലൻ പറഞ്ഞത് പിണറായി തള്ളും എന്നാണ് എല്ലാവരും കരുതിയത്. തള്ളിയില്ലെന്നു തന്നെയല്ല, ബാലനെ ചേർത്തുപിടിക്കുകയും ചെയ്‌തു. സീറ്റിന്റെ സ്വന്തം കണക്ക് മുഖ്യമന്ത്രിതന്നെ വിശ്വസിക്കുന്നില്ല എന്നു വന്നാൽ എന്തു നിവൃത്തി? എന്തായാലും ‘സിഎം വിത് മീ’ പദ്ധതി ബാലനെങ്കിലും പ്രയോജനപ്പെട്ടു എന്ന ഭരണനേട്ടം കുറച്ചുകാണുന്നില്ല.
കുറച്ചുകാലം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ സിംഗപ്പൂരിലും ഇന്തൊനീഷ്യയിലുമൊക്കെ പോയപ്പോൾ വലിയ വിമർശനമായിരുന്നു. ‘ആറു ദിവസം ലോകം സൃഷ്‌ടിച്ച ദൈവത്തിനുപോലും ഏഴാംദിവസം വിശ്രമം വേണ്ടിവന്നു. അപ്പോൾ പിണറായിയും അൽപം വിശ്രമിക്കുന്നതിൽ എന്താണ് തെറ്റ്’ എന്നു പിന്തുണയ്ക്കാൻ അന്നു ബാലനേ ഉണ്ടായിരുന്നുള്ളൂ. അത്തരം ഉപകാരങ്ങളൊന്നും മറക്കുന്ന ആളല്ല പിണറായി. ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും എന്നാണു പ്രമാണം.
കെപിസിസി പ്രസിഡന്റ് സ്‌ഥാനം കെ.സുധാകരനും സിപിഎമ്മിന്റെ പദവികൾ ബാലനും ഒഴിഞ്ഞകാലത്ത് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയതോർക്കുന്നു. ബാലനെ ‘വായിലൂടെ വിസർജിക്കുന്ന ജീവി’ എന്നാണ് സുധാകരൻ ബഹുമാനിച്ചത്. ഒന്നോർത്താൽ വിസർജനം ഒരുതരം സ്വയം ശുദ്ധീകരണമാണ്. ഉള്ളിലുള്ളത് വർഗീയവിഷവും വിസർജിക്കുന്നത് വെളിയിടത്തിലും ആണെന്നു വന്നാൽ സംഗതി കുഴപ്പമാണ്. എങ്കിലും ഒരാളുടെ ഉള്ളിലെ ദുഷ്ട് പുറത്തുപോകാൻ മറ്റുള്ളവർ അൽപം ബുദ്ധിമുട്ട് സഹിക്കുന്നത് മനുഷ്യത്വവുമാണ്. ഇത്തരം മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്‌കരിക്കുകയാണ് സംസ്കാരമുള്ളവർ ചെയ്യാറ്. ആ ടെക്നോളജി ബാലനു പിടികിട്ടാത്തതുകൊണ്ടുള്ള കുഴപ്പമാണ്.
സപ്‌തതി കഴിഞ്ഞതിനാൽ
ജയിക്കാവുന്ന സീറ്റ് നൽകാൻ കോൺഗ്രസ് തയാറാണെങ്കിലും സപ്‌തതി പിന്നിട്ടതുകൊണ്ട് ഇനി മത്സരിക്കാനില്ലെന്നു പാർട്ടി നേതാവ് ചെറിയാൻ ഫിലിപ്പ് പറഞ്ഞതിന്റെ ഞെട്ടലിലാണ് മറ്റുള്ളവർ. നടുക്കം പല കാരണങ്ങളാലാണ്. തിരഞ്ഞെടുപ്പു വേണ്ടെന്നു വയ്ക്കേണ്ട പ്രായമാണ് ‘സപ്‌തതി’ എന്ന് ഒരു കോൺഗ്രസ് നേതാവിനു തോന്നിയെന്നതാണ് ഒന്ന്. ചെറിയാൻ ഫിലിപ്പിനു ജയിക്കാൻ കഴിയുന്ന സീറ്റ് കോൺഗ്രസിന്റെ കൈവശമുണ്ട് എന്നു കേട്ടതിന്റെ ഞെട്ടലാണ് രണ്ടാമത്തേത്. അതേത് എന്നന്വേഷിച്ചുള്ള ഫോൺവിളികൊണ്ട് തിരഞ്ഞെടുപ്പു വിദഗ്‌ധൻ കനുഗോലുവിന് ഇരിക്കപ്പൊറുതി ഇല്ലായിരുന്നത്രേ.
പാർട്ടിയിൽ തലമുറമാറ്റത്തിനു സമയമായി എന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞതോടെയാണ് പാർട്ടി പറഞ്ഞാൽ മത്സരിക്കാമെന്നു മുൻ കെപിസിസി പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമൊക്കെയായ മുല്ലപ്പള്ളി രാമചന്ദ്രൻ കച്ചമുറുക്കിയതെന്നു പറയുന്നവരുണ്ട്. സതീശൻ അറുപത് പിന്നിട്ടതേയുള്ളൂ. മുല്ലപ്പള്ളിക്ക് എൺപതു കഴിഞ്ഞു. 20 വയസ്സ് ഒരു തലമുറമാറ്റത്തിനു മതിയായ കാലയളവാണെന്നു മുല്ലപ്പള്ളിക്കു തോന്നിയിട്ടുണ്ടാവാം. വിവാഹപ്രായമെത്തിയ പെൺകുട്ടിയോട് കല്യാണം കഴിക്കുന്നോ എന്നു ചോദിക്കുന്നതുപോലെയാണ് കോൺഗ്രസുകാരനോട് തിരഞ്ഞെടുപ്പിനു നിൽക്കുന്നോ എന്നു ചോദിക്കുന്നതെന്നാണ് എം.എം.ഹസന്റെ ഉപമ. അനുഭവപരിചയമുള്ള നേതാക്കൾ മത്സരിക്കുന്നതു തെറ്റല്ലെന്നും ഹസൻ പറഞ്ഞു. ചിലരുടെ അനുഭവമാണ് മറ്റുള്ളവർക്കു ദുരനുഭവം. ഏതെങ്കിലും കോൺഗ്രസുകാരൻ ഒരു മണ്ഡലം പച്ച പിടിപ്പിച്ചു കൊണ്ടുവരുമ്പോൾ അവിടെ പറന്നിറങ്ങി അത് പാർട്ടിയുടെ ഊഷരഭൂമിയാക്കുന്ന വെട്ടുക്കിളികളെപ്പറ്റി പണ്ട് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. ആര് ആരെപ്പറ്റി എപ്പോൾ എന്നു കൃത്യമായി ഓർക്കുന്നില്ലെന്നു മാത്രം.
ഉചിതമായ സമയം
പത്തനംതിട്ടയിൽ സിപിഎമ്മിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് ആവശ്യത്തിലേറെ ശത്രുക്കളുണ്ടെന്നു കേട്ടിട്ടുണ്ടെങ്കിലും ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും അക്കൂട്ടത്തിലാണ് എന്ന സംശയമാണ് ഇപ്പോഴുയരുന്നത്. വീണ മൂന്നാംവട്ടവും ആറന്മുള മണ്ഡലത്തിൽ സ്ഥാനാർഥിയാകുമെന്നു രാജു പ്രഖ്യാപിച്ചു കളഞ്ഞത്രേ.
ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ കാലത്ത് പ്രസവശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ വയറ്റിൽ കത്രിക വച്ചു മറന്ന ഹർഷിന അനുഭവിച്ച ദുരിതം കേരളം മറന്നിട്ടില്ല. മാനന്തവാടി മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ ദേവി എന്ന യുവതിയുടെ ഉള്ളിൽ തുണിക്കഷണം മറന്നുവച്ച വാർത്തയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. മൂർച്ചയേറിയ കത്രിക വയറ്റിൽ വയ്ക്കുന്നതിൽനിന്നു സാമാന്യേന നിരുപദ്രവകരമായ തുണി ഉള്ളിൽ തിരുകിവയ്ക്കുന്നതിലേക്കു സർക്കാർ ആശുപത്രിയിലെ പ്രസവചികിത്സ പുരോഗമിച്ചു എന്നത് മന്ത്രിക്കും അഭിമാനകരമാണ്. ചികിത്സാവീഴ്‌ചകളുടെ വാർത്ത ഒഴിയാത്ത കാലമാണ്. ഇത്തരമൊരു അവസരം ഉപയോഗിക്കാതിരിക്കുന്നതു ബുദ്ധിയല്ല എന്ന് രാജുവിനു തോന്നിയതുമാവാം.
സ്‌റ്റോപ് പ്രസ്
നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ തോറ്റവർക്കു മത്സരിക്കാതിരിക്കാനുള്ള സാഹചര്യവുമില്ല. English Summary:
Aazhchakurippukal: AK Balan\“s political remarks have sparked controversy in Kerala. His statements, often critical of opponents, continue to generate discussion and debate about the state\“s political landscape. The article highlights the criticism faced by CPM leader AK Balan.