അരുതുകളെയും സന്ദേഹങ്ങളെയും ദൂരെ മാറ്റിവച്ച് സ്വയം പ്രകാശിക്കാൻ തീരുമാനിച്ച കുറച്ചു സ്ത്രീകളാണ് മറ്റു സ്ത്രീകൾക്കും അതുവഴി സമൂഹത്തിനും വെളിച്ചമാവുന്നത്. പോയ കാൽനൂറ്റാണ്ടിൽ സ്ത്രീ പുറത്തുവന്നത് പ്രധാനമായും ശരീരത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ കിട്ടിയിരുന്ന ചില പ്രശംസകളുടെ തടവറകളിൽനിന്നാണ്. ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി എന്ന പരസ്യവാചകം ബ്യൂട്ടി മീൻസ് ക്വാളിറ്റി എന്ന നിലയിൽ അവർ പുനർനിർവചിച്ചു. സ്വന്തം നിലപാടുകളാണ് സൗന്ദര്യമെന്ന് ഇപ്പോൾ സ്ത്രീക്കറിയാം. അർഹിക്കുന്നതിനെക്കാൾ കുറഞ്ഞതിനെ തിരസ്കരിക്കാനും സ്വന്തം സ്വപ്നങ്ങളെ ത്യജിക്കാതിരിക്കാനും അവർ പഠിച്ചുതുടങ്ങി.
- Also Read പ്രശസ്ത കൊറിയൻ ബ്യൂട്ടി ഇൻഫ്ലുവൻസർ അന്തരിച്ചു; വിടവാങ്ങിയത് ചൈനയുടെ മനംകവർന്ന യുവതാരം
‘മേക്കപ്പ് അധികം ഉപയോഗിക്കുന്ന പെൺകുട്ടികളെ ആൺകുട്ടികൾക്ക് ഇഷ്ടമല്ല’ എന്നു പറഞ്ഞവരെ നോക്കി പുച്ഛത്തോടെ പെൺകുട്ടികൾ പറഞ്ഞു, ‘ഞങ്ങൾ വസ്ത്രം ധരിക്കുന്നതും മേക്കപ്പ് ചെയ്യുന്നതും ഞങ്ങൾക്കു വേണ്ടിയാണ്. ആരെയും ബോധിപ്പിക്കാനോ ആരുടെയും ഇഷ്ടം പിടിച്ചുപറ്റാനോ അല്ല’. ഒരു കാലത്ത് സിനിമയായിരുന്നു ഫാഷൻ. എന്നാൽ, ഇ– കൊമേഴ്സ് സൈറ്റുകൾ വന്നതോടെ ഗ്ലോബൽ വില്ലേജിന്റെ ഭാഗമായി കേരളവും മാറി. ഗ്ലോബൽ ഫാഷൻ ട്രെൻഡുകൾ ഇവിടേക്കുമെത്തി. ഇഷ്ടവസ്ത്രം ധരിക്കാനും വസ്ത്രത്തിന്റെ പേരിൽ വിധിക്കുന്നവരെ ഒരു ദയയും കൂടാതെ മാറ്റിനിർത്താനും പെൺകുട്ടികൾ പഠിച്ചതോടെയാണു വസ്ത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾ മാധ്യമങ്ങളിൽ ഇടംപിടിച്ചത്. ഓവർ സൈസ്ഡ് വസ്ത്രങ്ങൾക്കൊപ്പം യൂണിസെക്സ് വസ്ത്രങ്ങളും അലമാരകളിൽ ഇടംനേടി. വിദ്യ മുകുന്ദൻ
ജെൻഡർ ന്യൂട്രൽ യൂണിഫോമിന് തുടക്കമിട്ടവരിൽ ഒരാളായ ഫാഷൻ ഡിസൈനറും സംവിധായികയുമായ വിദ്യ മുകുന്ദൻ പറയുന്നു–‘ബുട്ടീക്കുകൾ കേരളത്തിന്റെ ഫാഷനെ അടിമുടി മാറ്റി. സാരിക്കൊപ്പം ഷൂസും മുണ്ടിനൊപ്പം ഹൈഹീലും ധരിക്കാമെന്നായി. മിക്സ് ആൻഡ് മാച്ച് പുതിയ ഫാഷൻ ഭാഷയായി.
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
- എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
ആരോ പറഞ്ഞുവച്ച അഴകളവുകൾക്കുള്ളിൽ സ്ത്രീകൾ ഒതുങ്ങണമെന്ന കഥ പഴഞ്ചനായി. മെലിഞ്ഞ ശരീരമുള്ളവർക്കു മാത്രം ധരിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ, ഡാർക് ഷേഡഡ് ശരീരമുള്ളവർക്കു ധരിക്കാവുന്ന നിറങ്ങൾ എന്നിങ്ങനെയുള്ള എല്ലാ തിരിച്ചുവ്യത്യാസങ്ങളും ഇന്നത്തെ പെൺകുട്ടികൾ പൊളിച്ചെഴുതുന്നു.
‘യെസ് വി ഹാവ് ലെഗ്സ്’
മറ്റുള്ളവരുടെ നിർവചനങ്ങളിൽ ഒതുങ്ങേണ്ടതില്ലെന്നു ജീവിതംകൊണ്ടു തെളിയിച്ചവരാണ് കോട്ടയം മണർകാട് സ്വദേശി ജിൻസി പോളും തൃപ്പൂണിത്തുറ സ്വദേശി ഇന്ദുജ പ്രകാശും. ഒതുങ്ങാത്ത ശരീരഘടനയോ തടിച്ച കാലുകളോ ആത്മവിശ്വാസത്തിനു തടസ്സമല്ലെന്ന സന്ദേശം പ്ലസ് സൈസ് മോഡലിങ്ങിലൂടെ ലോകത്തോടു പറയുന്നു.
ഒരുകാലത്ത് അഴകളവുകളുടെ പേരിൽ ഗുണ്ടുമണി, തടിച്ചി തുടങ്ങിയ പരിഹാസവാക്കുകൾ കേട്ട് തളർന്നവരാണിവർ. ജിൻസി പോള്‍ , ഇന്ദുജ പ്രകാശ്
2022ൽ 42–ാം വയസ്സിലാണ് ജിൻസി റാംപിൽ ചുവടുവച്ചത്. മേവൻ മിസ് പ്ലസ് സൈസ് ഇന്ത്യ മത്സരത്തിന്റെ അഞ്ചാം സീസണിൽ മിസ് സൗത്ത് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതു ജിൻസിയുടെ ജീവിതത്തിലെ നിർണായകനിമിഷമായി. അറിവുവച്ച പ്രായം മുതൽ ബോഡി ഷെയ്മിങ് നേരിടുന്ന ഇന്ദുജയുടെ മോഡലിങ്ങിലെ വളർച്ചയ്ക്കു കാരണം സോഷ്യൽ മീഡിയയാണ്. ബുള്ളറ്റിന്റെ മുകളിലിരിക്കുന്ന ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ അധിക്ഷേപങ്ങളുണ്ടായി; പക്ഷേ, പലരും ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ചു. അതോടെ ആത്മവിശ്വാസമായി.
പിന്നീടാണ് പ്ലസ് സൈസ് മോഡലിങ്ങിലേക്കു കടന്നുവന്നത്.
പഴ്സനൽ ടൈം പാപമല്ല
തൊണ്ടുപൊളിച്ച ഉള്ളിയും വെളുത്തുള്ളിയും ചിരകിയ നാളികേരവും റെഡിമെയ്ഡ് തേങ്ങാപ്പാലും അരിഞ്ഞുകിട്ടുന്ന പച്ചക്കറികളും തൊലികളഞ്ഞ കൂർക്കയുമെല്ലാം വിപണിയിൽ ഇടംപിടിച്ചിട്ടു കാലമേറെയായി. പക്ഷേ, ഇവ ഉപയോഗിച്ചു തുടങ്ങിയവരുടെ എണ്ണം ഈയിടെയാണു വർധിച്ചത്. ‘ഇതൊന്നും ഞങ്ങളുടെ കാലത്തുണ്ടായിരുന്നില്ലേ’ എന്നു വിലപിച്ച തലമുറയെ നോക്കി ഇന്നത്തെ പെൺകുട്ടികൾ സഹതപിച്ചു. ഇന്ന്, ജെൻഡർ ന്യൂട്രൽ അടുക്കളകൾ കാണാം.
ആണും പെണ്ണും ഒന്നിച്ചു ഭക്ഷണമുണ്ടാക്കുന്നതും വിളമ്പുന്നതും പാത്രം കഴുകുന്നതും കാണാം.
ഡിഷ് വാഷറും എയർ ഫ്രയറും വാങ്ങാൻ മടിയില്ലാത്ത വീടുകളുടെ എണ്ണം വർധിച്ചത് അടുക്കളജോലികൾ എളുപ്പമല്ലെന്നും ശമ്പളമില്ലാത്ത അടുക്കള ജോലികൾ അൽപമെങ്കിലും അനായാസമാക്കാൻ ഇവയെല്ലാം ആവശ്യമാണെന്നുമുള്ള തിരിച്ചറിവ് പുരുഷനും സ്ത്രീക്കും വന്നതുകൊണ്ടുകൂടിയാണ്. മെരുക്കപ്പെട്ട അടുക്കളമൃഗങ്ങളെപ്പോലെ വീടും കുട്ടികളും അരയ്ക്കലും പൊടിക്കലുമായി മറ്റൊരു ചിന്തയില്ലാതെ ജീവിതം തള്ളിനീക്കുന്നവർ പലരും ഇപ്പോൾ മാറിച്ചിന്തിക്കുന്നു.
ഇന്നു സ്ത്രീകൾ പഴ്സനൽ ടൈമിനു പ്രാധാന്യം നൽകിത്തുടങ്ങി. വിവാഹശേഷം സ്ത്രീകൾക്കു സുഹൃത്തുക്കളെ നഷ്ടമാകുന്ന സ്ഥിതി മാറി. ഇത്തരം ചെറിയമാറ്റങ്ങൾ സ്വയം പ്രാധാന്യം നൽകുന്നതിലേക്കു നയിക്കുന്നു.
മാറ്റങ്ങൾ അനുഭവിച്ചുതന്നെ അറിയണം
താനും പാർട്നർ ജോയും തുല്യപങ്കാളിത്തമുള്ള ജീവിതവും ഈക്വൽ സ്പേസും കണ്ടെത്തുന്നതുകൊണ്ട് ജീവിതം എങ്ങനെ സ്വയംനിർണയാവകാശമുള്ളതായെന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അധ്യാപികയുമായ ലക്ഷ്മി ജോ പറയുന്നു:
‘അച്ഛനും അമ്മയും തമ്മിൽ ഇക്വാലിറ്റി കണ്ടിട്ടില്ല; അടുക്കളയിൽ അമ്മയെ സഹായിക്കണമെന്ന് അച്ഛനു തോന്നിയാലും വീട്ടിലെ മറ്റുള്ളവർ എന്തു വിചാരിക്കും എന്നുകരുതി ചെയ്യാറില്ലായിരുന്നു. എന്നാൽ ഞങ്ങൾക്കിടയിൽ അങ്ങനെയൊന്നില്ല. ലക്ഷ്മി ജോ
കല്യാണവും കുട്ടികളും അവരവരുടെ ഇഷ്ടമാണ്. അതിൽ മറ്റുള്ളവർക്കു റോൾ ഇല്ല. എനിക്കു കുട്ടികളില്ല.
അമ്മയായാലേ ഒരു സ്ത്രീ, അല്ലെങ്കിൽ ജീവിതം പൂർണമാവുകയുള്ളൂ എന്നു പലരും പറയാറുണ്ട്; ഞാൻ അതിൽ വിശ്വസിക്കുന്നില്ല, അമ്മയാവുക എന്നതിലുപരി ഒട്ടേറെ കാര്യങ്ങൾ എനിക്കു ചെയ്യാനുണ്ടെന്നു കരുതുന്നയാളാണ് ഞാൻ.
∙ ഗാഡ്ജറ്റ്സിന് സ്വാഗതം
അമ്മിയിൽ അരച്ചാലേ ചമ്മന്തിക്കു സ്വാദ് കൂടൂ എന്നു വിശ്വസിക്കാറില്ല. നമ്മുടെ പണികൾ എളുപ്പമാക്കണം.
എപ്പോഴും തൂത്തും തുടച്ചും ഭക്ഷണം തയാറാക്കിയും സമയം കളയുന്നതിനു താൽപര്യമില്ല, പണികൾ വേഗം തീർത്ത് ഇഷ്ടങ്ങൾക്കായി സമയം കണ്ടെത്തണം. പാത്രം കഴുകാൻ ഡിഷ് വാഷർ ഉപയോഗിക്കുന്നത് ആ പണി എളുപ്പമാക്കി. മാറ്റങ്ങൾ അനുഭവിച്ചുതന്നെ അറിയണം. സന്തോഷത്തിനും ആരോഗ്യത്തിനുമാണു ഞാൻ പ്രാധാന്യം നൽകുന്നത്.
മഗളിർ മട്ടും; മലയും പോരും
പെണ്ണുങ്ങൾ കൈകോർത്താൽ പഴഞ്ചൊല്ലുകൾ പലതും തിരുത്തിയെഴുതാം എന്നു തെളിയിച്ചവരാണ് ബിസിനസ് മേഖലയിലെ സ്ത്രീകൂട്ടായ്മകളായ ക്വീൻസ് ബിസിനസ് ഗ്ലോബലും (ക്യുബിജി) വിമൻസ് ഒൻട്രപ്രനേഴ്സ് നെറ്റ്‌വർക്കും (വെൻ). സ്ത്രീകൾ സ്ത്രീകൾക്കായി തുടങ്ങിയ ഈ കൂട്ടായ്മകളിൽ, ഒരേ ബിസിനസ് ചെയ്യുന്നവർപോലും മത്സരമില്ലാതെ പരസ്പരം പിന്തുണയ്ക്കുന്നു. 140 ചാപ്റ്ററുകളിലായി 3000 വനിതാ സംരംഭകരുടെ വാട്സാപ് കൂട്ടായ്മയാണ് ക്യുബിജി. സന്ധ്യ രാധാകൃഷ്ണൻ, ബ്ലെസീന രാജേഷ്, രേണു ഷെനോയ്, ശിൽപ സുനിൽ, വിദ്യ മോഹൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്നു വർഷം മുൻപാണ് ആരംഭിച്ചത്.
ആറു ചാപ്റ്ററുകളിലായി ആയിരത്തോളം വനിതാ സംരംഭകരുള്ള കൂട്ടായ്മയാണ് വെൻ. വി സ്റ്റാർ ക്രിയേഷൻസ് സ്ഥാപക ഷീല കൊച്ചൗസേപ്പിന്റെ നേതൃത്വത്തിൽ 9 വർഷം മുൻപാണ് വെൻ സ്ഥാപിച്ചത്. ബിസിനസ് ആരംഭിക്കുന്നതിനുള്ള പ്രാഥമിക കാര്യങ്ങൾ മുതൽ മുതൽ വായ്പ വിവരങ്ങൾ, മാർക്കറ്റിങ് തന്ത്രങ്ങൾ തുടങ്ങി ബിസിനസ് വളർത്താൻ വനിതാ സംരംഭകർക്കു വേണ്ട മാർഗനിർദേശങ്ങളും അവസരങ്ങളും നൽകി പരസ്പരം കൈത്താങ്ങാകുകയാണ് ഈ കൂട്ടായ്മകൾ. ഷീല കൊച്ചൗസേപ്പ്
പുരുഷൻമാർ നേതൃത്വം നൽകുന്ന ഒട്ടേറെ അസോസിയേഷനുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ, അവിടെയൊന്നും സ്ത്രീകൾക്കു സ്പേസ് കിട്ടാറില്ല. അതുകൊണ്ടാണ് സ്ത്രീകൾക്കു മാത്രമായി കൂട്ടായ്മ രൂപീകരിച്ചത്. സ്ത്രീയെ ഏറ്റവും നന്നായി മനസ്സിലാക്കാനും സഹായിക്കാനും സാധിക്കുക മറ്റൊരു സ്ത്രീക്കായിരിക്കും.’
ഷീല കൊച്ചൗസേപ്പ്, വിമൻസ് ഒൻട്രപ്രനേഴ്സ് നെറ്റ്‌വർക് സ്ഥാപക സന്ധ്യ രാധാകൃഷ്ണൻ
സ്ത്രീകൾതന്നെ സ്ത്രീകൾക്കു വേണ്ടി നിലകൊള്ളുമ്പോൾ വൈകാരികവശങ്ങളും കുടുംബ ചുറ്റുപാടും മനസ്സിലാക്കി തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയും. അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകാറുണ്ട്. പക്ഷേ, അതെല്ലാം പരിഹരിക്കാൻ കഴിയുന്നുണ്ട്. കൗൺസലിങ് ഉൾപ്പെടെയുള്ള സേവനങ്ങളും നൽകുന്നു. ’.
സന്ധ്യ രാധാകൃഷ്ണൻ, ക്വീൻസ് ബിസിനസ് ഗ്ലോബൽ സ്ഥാപക ശ്രീദേവി ഒളപ്പമണ്ണ
‘ഡോഡോ പീടിക’ കമ്യൂണിറ്റി ഷോപ്പ്
പാലക്കാട് ഒറ്റപ്പാലം സ്വദേശി ശ്രീദേവി ഒളപ്പമണ്ണയുടെ ആശയത്തിൽ പിറന്ന ‘ഡോഡോ പീടിക’ കമ്യൂണിറ്റി ഷോപ്പ് നാൽപതോളം സ്ത്രീകൾക്കു സ്വന്തം കരവിരുത് ലോകത്തിനു മുൻപിൽ എത്തിക്കാനുള്ള വേദിയായി. ശ്രീദേവിയുടെ എഴുത്തുകളും ദിനചര്യകളും പങ്കുവച്ചിരുന്ന സമൂഹമാധ്യമ പേജിനു ലഭിച്ച സ്വീകാര്യത മറ്റു സ്ത്രീകൾക്കും ഉപകാരപ്പെടണം എന്ന ചിന്തയിൽനിന്നാണു പീടികയുടെ തുടക്കം.
വ്യത്യസ്ത ജീവിതഘട്ടങ്ങളിലെ സ്ത്രീകളാണു ഡോഡോ പീടികയുടെ കരുത്ത്. ഇവർ തയാറാക്കുന്ന കലോൽപന്നങ്ങൾ വിൽക്കാനുള്ള ഒരിടം. കോവിഡ് കാലത്ത് പാഴ്‌വസ്തുക്കളിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുമായി തുടങ്ങിയതാണ്. വർഷത്തിൽ ആറു വരെ പ്രദർശനങ്ങളും ഡോഡോ പീടിക സംഘടിപ്പിക്കുന്നു. അർജുൻ പാണ്ഡ്യൻ (Photo-Twitter)
ഭരണചക്രത്തിലും സ്ത്രീമുന്നേറ്റം
അർജുൻ പാണ്ഡ്യൻ, തൃശൂർ കലക്ടർ
തദ്ദേശ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പോളിങ് ഉദ്യോഗസ്ഥരും സ്ത്രീകളായിരുന്നു. സ്ത്രീകൾ മാത്രമുള്ള പിങ്ക് ബൂത്ത് പണ്ടൊരു സംഭവമായിരുന്നെന്നെങ്കിൽ ഇപ്പോൾ സ്ത്രീകൾ മാത്രമുള്ള പോളിങ് ബൂത്തുകൾ പ്രത്യേകതയേ അല്ലാതായി. ഡിജിറ്റൽ ലോകത്ത് സുതാര്യതയുള്ളതുകൊണ്ട് അവസരങ്ങൾ സ്ത്രീകളിലേക്ക് എത്താതെ പോകുന്നില്ല. എന്നിട്ടും നേട്ടങ്ങളുടെ പേരിൽ സ്വയം അടയാളപ്പെടുത്താൻ വനിതകൾക്കു കൂടുതൽ പ്രയത്നം വേണ്ടി വരുന്നു. പുരുഷന്റെ മിടുക്ക് ശ്രദ്ധിക്കുന്നതുപോലെ സ്ത്രീകളുടേതു സമൂഹം ശ്രദ്ധിക്കാത്തതാണ് കാരണം. ഇതു മാറണം.
നാളെ: വിവാഹം അനിവാര്യമാണോ? സ്ത്രീകൾ അഭിപ്രായം തുറന്നുപറഞ്ഞാൽ എന്തായിരിക്കും സമൂഹത്തിന്റെ പ്രതികരണം? മലയാള മനോരമ സർവേയിലെ കണ്ടെത്തലുകൾ English Summary:
Manorama series part3: Women empowerment is crucial for societal progress, highlighting how women are breaking free from traditional constraints. They are redefining beauty and success on their own terms. This article explores how women are prioritizing personal time and supporting each other through various initiatives, challenging societal norms and stereotypes. |
|