LHC0088 • 1 hour(s) ago • views 349
‘പോറ്റിയെ കേറ്റിയേ’ എന്നു തുടങ്ങുന്ന പാരഡിഗാനം ഇപ്പോഴെത്തി നിൽക്കുന്നത് മതവികാരം വ്രണപ്പെടുത്തൽ എന്ന വകുപ്പ് ചാർത്തിയുള്ള കേസിലാണ്. ശബരിമല സ്വർണക്കൊള്ള വിഷയമാകുന്ന പാട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം പ്രചാരണായുധമാക്കിയപ്പോൾ ഗൗനിക്കാതെ വിട്ട സിപിഎമ്മും സംസ്ഥാന സർക്കാരും തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് അതിൽ കേസിനുള്ള വക കണ്ടെത്തിയത്. എഴുതിയവരെയും പാടിയവരെയുമൊക്കെ പൂട്ടാൻ ഒരുങ്ങുന്ന ആ നീക്കത്തിൽ ആവിഷ്കാരസ്വാതന്ത്ര്യം സംബന്ധിച്ച നിലപാടുകളിലെ ഇരട്ടത്താപ്പാണോ വെളിപ്പെടുന്നത്? അതോ മതവികാരം വ്രണപ്പെടുകതന്നെ ചെയ്തോ? എഴുത്തിന്റെയും നിയമത്തിന്റെയും മേഖലകളിൽ നിന്നുള്ള mപ്രമുഖർ പ്രതികരിക്കുന്നു
- Also Read ഇനി എന്തു ചെയ്യും മെറ്റ? ‘പോറ്റിയേ കേറ്റിയേ...’ കോടതി പറയാതെ മാറ്റരുതെന്ന് സതീശൻ, ഫെയ്സ്ബുക് കമ്പനിക്ക് കത്ത്
ജനാധിപത്യ സർക്കാരിന് യോജിച്ചതല്ല കേസ്
കെ.സച്ചിദാനന്ദൻ, കവി, സാഹിത്യ അക്കാദമി പ്രസിഡന്റ്
കാർട്ടൂണുകളും പാരഡികളും ജനാധിപത്യ സമൂഹത്തിലെ സ്വാഭാവിക പ്രതികരണങ്ങളാണ്. അവയെ സർക്കാർ നിയന്ത്രിക്കുന്നത് ഉചിതമല്ല. ഒരു സാഹിത്യസൃഷ്ടിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിനെതിരായ എതിർപ്പ് സിവിൽ സൊസൈറ്റിയിൽനിന്നാണ് ഉയരുക. ആ എതിർപ്പ് കനക്കുമ്പോൾ, അതു ക്രമസമാധാന പ്രശ്നമാകുമ്പോൾ സർക്കാരിനു വേണമെങ്കിൽ കേസെടുക്കാം. അല്ലാതെ നേരിട്ട് ആദ്യമേ കേസെടുക്കുന്നത് ജനാധിപത്യ സർക്കാരിനു യോജിച്ചതല്ല. കെ.സച്ചിദാനന്ദൻ
അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലയില്ലേ?
കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗാനരചയിതാവ്
ഒരു പാട്ടുണ്ടാക്കിയതിനു കേസെടുക്കുകയെന്നതു ശരിയല്ലെന്നാണ് എനിക്കു തോന്നിയത്. വിദേശത്തു ജോലി ചെയ്യുന്ന ഒരാളാണ് ഈ പാട്ടെഴുതിയതെന്നാണു കേട്ടത്. വിദേശത്തു ജോലി ചെയ്യുന്ന ഒരാൾ തന്റെ നാട്ടിലെ സംഭവങ്ങൾ കേൾക്കുന്നു. നാട്ടിലെ ഇന്നത്തെ ചുറ്റുപാടിനെക്കുറിച്ച് അയാൾക്കുള്ള കാഴ്ചപ്പാടും പ്രതിഷേധവുമൊക്കെ പാട്ടായി എഴുതുന്നു. അത് ഈണമിട്ടു പുറത്തിറക്കുന്നു. ഇതു ചെയ്യാൻ അയാൾക്ക് അവകാശമുണ്ട്. ആ ആശയത്തോടു വ്യത്യസ്ത നിലപാടെടുക്കുന്നവർക്കും അവരുടേതായ അഭിപ്രായം പറയാനും അവരുടേതായ പാട്ടെഴുതാനുമൊക്കെ നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യമുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തിന് അത്രയേറെ വില നൽകുന്നവരാണു നമ്മൾ. അതല്ലാതെ, പാട്ടുണ്ടാക്കിയതിനെതിരെ കേസെടുക്കുകയെന്ന രീതി ശരിയാണോ? നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ സമർപ്പണം കവി കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിക്കുന്നു.
- REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
- കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
- സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
കേസിനു പിന്നിലുള്ളവരുടേത് വിചിത്ര ഭാവന; ഭയക്കണം
അഡ്വ. കാളീശ്വരം രാജ്, സുപ്രീം കോടതി അഭിഭാഷകൻ
പാരഡിഗാനത്തിന്റെ പേരിൽ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തത് വലിയൊരു നിയമപ്രശ്നമായി തോന്നിയിട്ടേയില്ല. അതേസമയം, ഭരണകൂട ഫലിതമെന്ന നിലയിൽ ഈ സംഭവത്തെ അവഗണിക്കാൻ കഴിയുകയുമില്ല. അഡ്വ. കാളീശ്വരം രാജ്
മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതോ മതത്തെ പരിഹസിക്കുന്നതോ ആയ എന്തെങ്കിലും പാരഡിഗാനത്തിൽ ഉള്ളതായി തോന്നിയിട്ടില്ല. അതിനാൽത്തന്നെ ഇക്കാര്യത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 299–ാം വകുപ്പ് അനുസരിച്ചു കേസെടുക്കാവുന്നതല്ല. സാമുദായിക വിഭാഗങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കാൻ പോന്ന ഒന്നും ഈ പാട്ടിൽ ഇല്ല. അതുകൊണ്ടു ന്യായ സംഹിതയിലെ 353 (1) (സി) വകുപ്പിനും ഇവിടെ പ്രസക്തിയില്ല. വിചിത്രമായ ഭാവനയിലൂടെ ഇപ്പറഞ്ഞ വകുപ്പുകൾ പ്രയോഗിക്കാൻ തീരുമാനിച്ച ബുദ്ധികേന്ദ്രങ്ങളെയാണു സർക്കാരും ഇടതുപക്ഷവും ഭയക്കേണ്ടത്; അല്ലാതെ പാരഡിഗാനത്തെയല്ല! പക്വതയുള്ള ഒരു ഭരണകൂടം കേവലം ഒരു പാട്ടിന്റെ പേരിൽ ഇത്രമേൽ വിറളിപിടിക്കേണ്ടതില്ലായിരുന്നു.
- Also Read അന്ന് കരുണാകരനെ കളിയാക്കാൻ ‘മന്ത്രിയേ പയ്യെപ്പോ’; ശബരിമല യുവതീപ്രവേശ സമയത്ത് പാരഡിയുമായി ബിജെപിയും
തിരഞ്ഞെടുപ്പുകളെ ആസ്വാദ്യകരംകൂടിയാക്കുന്ന പാരഡിഗാനങ്ങൾക്ക് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളോളംതന്നെ പഴക്കമുണ്ട്. നിയമവ്യവസ്ഥകളെ ദുരുപയോഗപ്പെടുത്തി അഭിപ്രായസ്വാതന്ത്ര്യത്തെയും ആവിഷ്കാരസ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാമെന്ന് അധികാരികൾ ധരിക്കരുത്. അടിസ്ഥാനപരവും വിട്ടുവീഴ്ച പാടില്ലാത്തതുമായ ഭരണഘടനാ മൂല്യങ്ങളുടെ കാര്യത്തിൽ സർക്കാരിന് ഉറച്ച നിലപാടുണ്ടാകണം. പൗരസ്വാതന്ത്ര്യത്തെ കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി അടിച്ചമർത്താൻ ശ്രമിക്കരുത്.
കേന്ദ്ര സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നടപടികളെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളും അവരുടെ സർക്കാരുകളും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാ പ്രയോഗത്തിന്റെ മികച്ച മാതൃകകൾ സൃഷ്ടിക്കുകയാണു വേണ്ടത്. എന്നാൽ, അതിന്റെ വിപരീതമാണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചത്. ഇതുവഴി സർക്കാർ, സർക്കാരിനുതന്നെ അപകീർത്തിയുണ്ടാക്കിയിരിക്കുന്നു. എത്ര വേഗത്തിൽ ഈ തെറ്റ് തിരുത്തുന്നുവോ, അത്രയും നല്ലത്.
- Also Read പാരഡിപ്പാട്ട്: നടപടി തേടി സിപിഎം; തിടുക്കം കാട്ടാതെ പൊലീസ്
ഈ അസഹിഷ്ണുത വല്ലാത്ത കഷ്ടം
കൽപറ്റ നാരായണൻ, എഴുത്തുകാരൻ
കാർട്ടൂണിനോടും പാരഡിഗാനങ്ങളോടും ഇത്രമാത്രം അസഹിഷ്ണുത പുലർത്തുന്നതു വല്ലാത്ത കഷ്ടമാണ്. ഭരണാധികാരിക്കു നർമബോധം ഇല്ലെങ്കിൽ എന്താ ചെയ്യുക! ഇങ്ങനെ തുടങ്ങിയാൽ എവിടെയൊക്കെ, ആർക്കൊക്കെ എതിരെ കേസെടുക്കേണ്ടി വരും! നടപടിയുമായി മുന്നോട്ടു പോയാൽ നർമബോധം ഇല്ലാത്ത ഭരണകൂടം എന്നു പിൽക്കാലത്തു പരിഹസിക്കപ്പെടുമെന്ന് ഉറപ്പാണ്. ഈ ശൈലി വച്ചാണെങ്കിൽ, നാളിതുവരെ ഉണ്ടായിട്ടുള്ള എല്ലാ കാർട്ടൂണുകൾക്കും ആക്ഷേപഹാസ്യങ്ങൾക്കുമെതിരെ കേസെടുക്കേണ്ടി വരും. ആക്ഷേപഹാസ്യം നമ്മുടെ സംസ്കാരത്തിന്റെ ഉന്നതരൂപമാണ്. ആ ഭാഷ മനസ്സിലാക്കാൻ സാധിക്കാത്ത ഭരണകൂടവും വ്യക്തിയും എത്രമാത്രം നിരക്ഷരരായിരിക്കും! കൽപറ്റ നാരായണൻ
ഇത് സർക്കാർവക പ്രഹസനം
സലിംകുമാർ, ചലച്ചിത്രനടൻ
ആവിഷ്കാരസ്വാതന്ത്ര്യത്തെ എക്കാലത്തും മുറുകെപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന ഇടതുപക്ഷം തങ്ങൾക്കു പൊള്ളിയപ്പോൾ മതവികാരം വ്രണപ്പെടുത്തിയെന്ന കാർഡിറക്കി പാരഡിഗാനത്തിന്റെ അണിയറക്കാർക്കെതിരെ കേസെടുത്തതിനെ പ്രഹസനം എന്നേ വിശേഷിപ്പിക്കാനാകൂ. പാരഡിഗാനങ്ങൾ കേരളത്തിൽ അലയടിക്കാൻ തുടങ്ങിയിട്ട് എത്രയോ വർഷങ്ങളായി. ‘ദേ മാവേലി കൊമ്പത്ത്’ എന്ന കസെറ്റ് ഓരോ ഓണത്തിനും പുതിയ സിനിമകൾപോലെ റിലീസ് ചെയ്യാറുള്ളതാണ്. അതിനായി ആരാധകർ കാത്തിരിക്കാറുള്ളതാണ്. അങ്ങനെയെങ്കിൽ മാവേലിയെ അപമാനിച്ചതിന് ആ കസെറ്റ് ഇറക്കിയവർ ഓരോ വർഷവും ജയിലിൽ കിടക്കേണ്ടിവരുമല്ലോ? സലിംകുമാർ
തങ്ങൾക്കു ഹിതകരമല്ലാത്തതെന്തെങ്കിലും സമൂഹത്തിലുയർന്നുവന്നാൽ അതിനെ അടിച്ചമർത്താൻ ഏതു വഴിയും സ്വീകരിക്കുന്ന സമീപനമായേ ഈ നീക്കത്തെ കാണാൻ കഴിയൂ.
- Also Read ‘പള്ളിക്കെട്ട്’ ഈണം സൂഫി ഗാനത്തിന്റേത്: നാഗൂർ ദർഗയിലെ ഗാനത്തിന്റെ ഈണത്തിൽ രചിച്ചത് കവി ഉളുന്തൂർപേട്ട ഷൺമുഖം
ഇത് ചാക്യാരും നമ്പ്യാരും പ്രതികരിച്ച മാർഗം
രാജീവ് ആലുങ്കൽ, ഗാനരചയിതാവ്
രാജഭരണ കാലത്തുപോലും സാമൂഹിക യാഥാർഥ്യങ്ങൾ ആവിഷ്കരിക്കാൻ കലയായിരുന്നു ശക്തമായ മാർഗം. വഷളായ വ്യവസ്ഥിതിക്കെതിരെ ചാക്യാരും നമ്പ്യാരും സമർഥമായി പ്രതികരിച്ചത് അപ്രകാരമാണ്. രാജാവിനെ പരിഹസിക്കാൻ അവകാശമുള്ള വിനോദ വകുപ്പു മന്ത്രിയെത്തന്നെ നിയമിച്ചതായി കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തിൽ പരാമർശമുണ്ട്. കാർട്ടൂണിസ്റ്റ് ശങ്കറിനോടു വിമർശന വരയിൽനിന്നു തന്നെ ഒഴിവാക്കരുതെന്ന് അപേക്ഷിച്ച ജവാഹർലാൽ നെഹ്റു എന്ന പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു. രാജീവ് ആലുങ്കൽ
തങ്ങൾക്കു ഹിതകരമല്ലാത്തതിനോടെല്ലാം അസഹിഷ്ണുത കാട്ടുന്നതു മറുപക്ഷത്തെ ശക്തിപ്പെടുത്താനും പ്രസക്തമാക്കാനുമേ ഉപകരിക്കൂ. മനുഷ്യനു മനസ്സിലാകുന്ന ഭാഷയിലുള്ള ഒരു പാട്ടുണ്ടാക്കിയ പുകിലുകൾ വ്യക്തമാക്കുന്നത്, ഇതേ ആശയംതന്നെ പലരും പല പ്രകാരത്തിൽ പ്രകടിപ്പിച്ചപ്പോൾ ഉണ്ടാകാത്തത്ര ശ്രദ്ധ ആ പാട്ടിനു നൽകാനായി എന്നാണ്. അത്രമേൽ ശക്തമാണു കല.
വിമർശനങ്ങൾ ഉൾക്കൊണ്ടു സ്വയം വിലയിരുത്തുന്ന, തിരുത്തുന്നവരുടെ ഭാവി ശോഭനമാകും. അല്ലാത്തവർ കണ്ണടച്ച് ഇരുട്ടാക്കി ന്യായീകരണത്തിൽ ഏർപ്പെടും. നല്ലൊരു നാളെയുടെ നന്മ നിറഞ്ഞ നിലനിൽപിന് എല്ലാ ആവിഷ്കാര രൂപങ്ങളും തടസ്സമില്ലാതെ ഒഴുകണം.
സർക്കാർ ഇപ്പോഴേ മറുപക്ഷം ചേർന്നോ?
മനോജ് കുറൂർ, എഴുത്തുകാരൻ
അതിസാധാരണമായ ഒരു പാരഡിപ്പാട്ടിനെതിരെ മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപണമുന്നയിക്കുകയും അതിനെതിരെ കേസെടുക്കുകയും ചെയ്യുന്നവർ അതിന്റെ പ്രത്യാഘാതം അറിയാത്തവരല്ല. ഏതെഴുത്തിനെയും കലയെയും ഇല്ലാതാക്കാൻ, അതുവഴി എഴുത്തുകാരെയും കലാകൃത്തുകളെയും ഉന്മൂലനം ചെയ്യാൻ ഇക്കാലത്ത് എളുപ്പമാണ്; പ്രസ്തുതകൃതി മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ചാൽ മതി. അതിന്റെ പേരിൽ കൊല്ലപ്പെട്ടവരുണ്ട്, മുഖത്തു കത്തിമുന തറഞ്ഞവരുണ്ട്, കൈകാലുകൾ ഛേദിക്കപ്പെട്ടവരുണ്ട്, നിരോധനം നേരിട്ടവരുണ്ട്. മനോജ് കുറൂർ
ആവിഷ്കാരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ ഈ അവകാശത്തെപ്പറ്റി സുപ്രീംകോടതി വ്യക്തമായിത്തന്നെ വിശദീകരിച്ചിട്ടുണ്ട്. എങ്കിലും നമ്മുടെ ഭരണകൂടങ്ങൾ ഏതെങ്കിലും രചന തങ്ങൾക്കു പ്രതികൂലമാകുന്ന സന്ദർഭങ്ങളിൽ മതവികാരത്തെ മുൻനിർത്തി ഈ വിഷയം കൈകാര്യം ചെയ്യുന്നതു നിരാശയുണ്ടാക്കുന്നു.
- Also Read \“പോറ്റിയെ കേറ്റിയെ\“...: പാരഡി ഗാനത്തിൽ എതിർപരാതിയുമായി കോൺഗ്രസ്
ഏതെങ്കിലും കൃതിക്കെതിരെ, എഴുത്തുകാർക്കും കലാകൃത്തുകൾക്കുമെതിരെ മതവികാരം വ്രണപ്പെടുത്തി എന്ന മട്ടിൽ ആക്രമണമുണ്ടായാൽ സംരക്ഷണം നൽകേണ്ട ഭരണകൂടം ഇപ്പോഴേ മറുപക്ഷം ചേർന്നുകഴിഞ്ഞു എന്ന ഭയാനകമായ തോന്നലാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇതു തീർച്ചയായും സങ്കടകരമാണ്. English Summary:
Parody song criticism: Parody song criticism in Kerala focuses on the recent case against a parody song and its implications for freedom of expression. The article explores the debate surrounding artistic expression, satire, and potential legal restrictions, particularly in the context of political criticism and religious sentiments. Experts weigh in on whether the case reflects a double standard regarding freedom of speech. |
|