വാളയാർ ∙ അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിക്കു നേരെയുണ്ടായതു മണിക്കൂറുകളോളം നീണ്ട ആൾക്കൂട്ട വിചാരണയും അതിക്രൂര മർദനവുമെന്നു പൊലീസ്. അടിയേറ്റതാണോ മരണകാരണമെന്നതിൽ വ്യക്തതയില്ലെങ്കിലും ശരീരത്തിലും മുഖത്തും ഉൾപ്പെടെ പത്തോളം സ്ഥലത്തു ക്രൂരമായി മർദനമേറ്റ പാടുകളുണ്ടായിരുന്നെന്നാണ് ഇൻക്വസ്റ്റിനു ശേഷം പൊലീസ് പറയുന്നത്. ആന്തരാവയവങ്ങൾക്കു പരുക്കേറ്റെന്നും സംശയിക്കുന്നുണ്ട്. ചോര ഛർദിച്ച ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീടാണു നാട്ടുകാർ ആശുപത്രിയിലേക്കു മാറ്റിയത്.
അതേസമയം, ഇയാൾ പലപ്പോഴും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിന്നു സാധനസാമഗ്രികൾ മോഷ്ടിച്ചു കടത്താറുണ്ടെന്നു പ്രദേശവാസികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. റോഡരികിലും കടയോരങ്ങളിലുമാണ് അന്തിയുറങ്ങിയിരുന്നത്. സ്ഥിരമായി മദ്യപിച്ച അവസ്ഥയിലുമായിരുന്നു. ഉപദ്രവിക്കുമെന്ന പേടിയിലാണു കുട്ടികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാർ കടന്നുപോകാറുള്ളതെന്നു പ്രദേശവാസികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാൽ ആരും ഇതുവരെ പരാതിയുമായി സമീപിച്ചിട്ടില്ല. അതിനാൽ കേസെടുത്തിരുന്നില്ല. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തു പരിശോധന നടത്തി.
വിഡിയോ ദൃശ്യങ്ങളും
∙ ആൾക്കൂട്ട മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഇന്നലെ രാത്രി മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി. കഞ്ചിക്കോട്ടെയും വാളയാറിലെയും പല സമൂഹമാധ്യമ ഗ്രൂപ്പുകളിലും ദൃശ്യങ്ങളുണ്ട്. കള്ളനെ പിടികൂടിയെന്ന അടിക്കുറിപ്പോടെയും വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. അതിൽ തലയിൽ ഉൾപ്പെടെ മർദിക്കുന്നതായി കാണാം. English Summary:
Walayar incident involves the death of a migrant worker following an alleged mob assault. Police are investigating the incident, which involved a group of people and resulted in severe injuries to the victim. The investigation is ongoing, and authorities are examining video evidence circulating on social media. |
|