LHC0088 • 3 hour(s) ago • views 406
മുംബൈ ∙ മധ്യറെയിൽവേയിലും പശ്ചിമ റെയിൽവേയിലും ഓരോ എസി ലോക്കൽ ട്രെയിനുകൾ കൂടി വരുന്നു. മുൻപുണ്ടായിരുന്ന ട്രെയിനുകളിൽ നിന്നു രൂപകൽപനയിൽ ചെറിയ മാറ്റം വരുത്തിയവയാണിത്. നേരത്തെ 1028 പേർക്കു യാത്ര ചെയ്യാനുള്ള സൗകര്യങ്ങളാണു ട്രെയിനിലുണ്ടായിരുന്നത്. പുതിയതായി വരുന്നതിൽ 1,116 പേർക്കു യാത്ര ചെയ്യാം. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ചതാണിവ.
നിലവിലുള്ളത് 19 എസി ട്രെയിനുകൾ
മധ്യ റെയിൽവേയിലും പശ്ചിമ റെയിൽവേയിലും കൂടി 19 എസി ട്രെയിനുകളാണു സർവീസിന് ഉപയോഗിക്കുന്നത്. പശ്ചിമ റെയിൽവേ 10 എസി ലോക്കൽ ട്രെയിനുകൾ ഉപയോഗിച്ചു ദിവസേന 109 സർവീസുകൾ നടത്തുന്നു. മധ്യറെയിൽവേയിൽ 9 എസി ലോക്കൽ ട്രെയിനുകൾ ഉപയോഗിച്ച് 90 സർവീസുകളാണു ദിവസേന നടത്തുന്നത്. പുതിയതായി വരുന്ന ട്രെയിനുകൾ ഉപയോഗിച്ചു 10 സർവീസുകൾ വീതം കൂടുതൽ നടത്താനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
സ്പെയർ വേണമെന്നും ആവശ്യം
പുതിയതായി അനുവദിച്ചിരിക്കുന്ന ട്രെയിൻ അറ്റകുറ്റപ്പണി സമയത്ത് ഉപയോഗിക്കുന്നതിനായി സ്പെയർ ആയി നീക്കി വയ്ക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എസി ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടത്തുമ്പോൾ നോൺ എസി ട്രെയിനുപയോഗിച്ചാണ് സർവീസ് നടത്തുന്നത്. അതിൽ പലയിടത്തു നിന്നും പരാതി ഉയരുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകും.
കൂടുതൽ എസി ട്രെയിൻ വരും
ലോക്കൽ ട്രെയിനുകളെ പൂർണമായും നവീകരിക്കുന്നതിന്റെ ഭാഗമായി 238 എസി ലോക്കൽ ട്രെയിനുകൾക്കു കേന്ദ്ര സർക്കാർ അനുമതി നൽകി. ഘട്ടംഘട്ടമായി ഈ ട്രെയിനുകൾ എത്തിക്കുന്നതോടെ സാധാരണ ലോക്കൽ ട്രെയിനുകൾ എസിയായി മാറും. നിരക്ക് കൂട്ടാതെയാകും എസി ട്രെയിനോടിക്കുകയെന്നാണു സർക്കാരിന്റെ വാഗ്ദാനം. 19,293 കോടി രൂപയാണു മുംബൈ അർബൻ ട്രാൻസ്പോർട്ട് 3 പദ്ധതി പ്രകാരം സർക്കാർ അനുവദിച്ചിരിക്കുന്നത്. കരാർ നടപടികളും ആരംഭിച്ചിട്ടുണ്ട്. English Summary:
Mumbai AC Local Trains are getting a boost with new, slightly redesigned trains offering more capacity. These additions aim to improve service frequency and eventually replace the existing local train fleet with air-conditioned models as part of a large-scale urban transport project. |
|