മലപ്പുറം ∙ ഷോപ്പിങ് മാളിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചും പലിശരഹിത വായ്പയ്ക്കായി സ്വർണം ഈടുവച്ചും 130 കോടിയോളം രൂപ തട്ടിയെന്നു പരാതി. ബെംഗളൂരുവിൽ കഴിയുന്ന തിരൂർ ഒഴൂർ സ്വദേശി ജയചന്ദ്രനെതിരെയാണ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും ഡയറക്ടർമാരിലൊരാളടക്കം പരാതി നൽകിയത്. നേരത്തേ മറ്റൊരു നിക്ഷേപത്തട്ടിപ്പ് കേസിലുൾപ്പെടെ ജാമ്യത്തിലുള്ളയാളാണ് ഒഴൂർ സ്വദേശിയെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും നിക്ഷേപകർ പറഞ്ഞു. ആന്ധ്രയിൽ ഒരു ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന് വിശ്വസിപ്പിച്ച് കമ്പനിയിൽ ചേർത്ത ശേഷം നിക്ഷേപമെടുക്കാനും മറ്റുള്ളവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കാനും നിർബന്ധിക്കുകയായിരുന്നുവെന്നാണു നിറമരുതൂർ കരിമനം സ്വദേശി അക്ബർ അരങ്കത്ത് നൽകിയ പരാതിയിൽ പറയുന്നത്.
ഒരു ലക്ഷം രൂപ നിക്ഷേപത്തിന് മാസം തോറും 2300 രൂപ ലാഭവിഹിതം, നിക്ഷേപകനെ ചേർക്കുന്ന ഏജന്റിന് 10% കമ്മിഷൻ എന്നിവയായിരുന്നു ഓഫർ. 2020 മുതൽ 2023 വരെ 80 കോടിയോളം രൂപയാണ് ഇത്തരത്തിൽ മലപ്പുറം ജില്ലയ്ക്കകത്തും പുറത്തുനിന്നും നിക്ഷേപമായി സ്വീകരിച്ചത്. ഇതിനു പുറമേ 40 കോടി രൂപ വായ്പയുടെ ഈടായും ശേഖരിച്ചു. 3000 പേർക്കെങ്കിലും പണം നഷ്ടപ്പെട്ടിട്ടുണ്ട്. 10,000 രൂപ മുതൽ 2.5 കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട്.
പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന് നിക്ഷേപകർ
തുടക്കത്തിൽ ലാഭവിഹിതം നിക്ഷേപകർക്ക് നൽകിയിരുന്നുവെങ്കിലും 2023 ആയതോടെ മുടങ്ങിത്തുടങ്ങി. 2024 ആയപ്പോഴേക്കും പൂർണമായും മുടങ്ങി. ബെംഗളൂരുവിൽ വിവിധ പേപ്പറുകളിൽ ഒപ്പിടുവിച്ച് ഡയറക്ടർമാരാക്കി നിയമിച്ചതായും പരാതിയിലുണ്ട്. സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നി അന്വേഷിക്കാനായി പിന്നീട് ബെംഗളൂരുവിലെത്തിയവരെ കാണാൻ കൂട്ടാക്കിയില്ലെന്നും ഭീഷണിപ്പെടുത്തി മടക്കി വിടുകയുമായിരുന്നെന്നും പരാതിയിൽ പറയുന്നു.
തട്ടിപ്പിനിരയായവർ ഇപ്പോൾ ജപ്തി ഭീഷണിയിലാണെന്നും പണം തിരിച്ചു നൽകാൻ നടപടി വേണമെന്നുമാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. രേഖാമൂലവും അല്ലാതെയും ലക്ഷങ്ങൾ നൽകിയ പണമാണ് നഷ്ടമായിരിക്കുന്നതെന്ന് നിക്ഷേപകനായ വി.പി.സുബ്രഹ്മണ്യൻ പറഞ്ഞു. 30 ലക്ഷം രൂപയും 10 പവൻ സ്വർണവുമാണ് ഇദ്ദേഹത്തിനു നഷ്ടപ്പെട്ടത്. വീട് ഇപ്പോൾ ജപ്തി ഭീഷണിയിലാണ്.
കൊണ്ടോട്ടി, രാമനാട്ടുകര പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമില്ല. മുൻപ് നിക്ഷേപത്തട്ടിപ്പിൽ ജയിലിലായ ആൾ വീണ്ടും സമാന തട്ടിപ്പ് നടത്തിയിട്ടും നടപടിയില്ല. ഇപ്പോൾ പുതിയ കമ്പനി രൂപീകരിച്ച് പുതിയ തട്ടിപ്പിന് കളമൊരുക്കുന്നതായി വിവരമുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
English Summary:
Malappuram investment fraud involves a large-scale scam where investors were deceived with promises of profits and interest-free loans. This fraud highlights the need for careful investment practices and awareness of potential scams. |
|