മലപ്പുറം∙ ‘സ്വാമിയേ അയ്യപ്പാ’ ഭക്തിഗാനത്തിന്റെ പാരഡി ഗാനവുമായി നൃത്തം വച്ച് എൽഡിഎഫ് പ്രവർത്തകർ. മലപ്പുറം താനാളൂർ പഞ്ചായത്തിലെ 17–ാം വാർഡിലെ വിജയാഹ്ലാദ പ്രകടനത്തിൽ, അയ്യപ്പ ഭക്തിഗാനത്തിന്റെ പാരഡി ഗാനത്തിന്റെ താളത്തിൽ പ്രവർത്തകർ നൃത്തംവയ്ക്കുന്നതിന്റെ വിഡിയോ ആണ് പ്രചരിക്കുന്നത്.
ഇവിടെ സിപിഎമ്മിൽനിന്നു മറുകണ്ടം ചാടിയ പ്രാദേശിക നേതാക്കളെ വിമർശിച്ചുകൂടിയാണ് ഈ പാട്ട് തയാറാക്കിയത്. എൽഡിഎഫ് ഭരണത്തിലായിരുന്ന താനാളൂർ പഞ്ചായത്ത് 22 വർഷത്തിനു ശേഷം യുഡിഎഫ് ഇത്തവണ പിടിച്ചെടുത്തിരുന്നു. അതേസമയം, 17–ാം വാർഡ് എൽഡിഎഫ് നിലനിർത്തിയതിന്റെ ആഹ്ലാദപ്രകടനത്തിലാണ് പാരഡി ഗാനം ഉൾപ്പെടുത്തിയത്.
മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; ‘പോറ്റിയേ കേറ്റിയേ’ പാട്ടിൽ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വൈറലായ ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. പാട്ട് തയാറാക്കിയവരെ പ്രതികളാക്കിയാണ് കേസ്. തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പരാതിക്കാരൻ.
ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെട്ടുവെന്നുമാണ് പരാതി. സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോക് പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഗാനരചയിതാവ് ഉള്‍പ്പെടെ നാലു പേരെ പ്രതി ചേര്‍ത്താണ് കേസ്. കുഞ്ഞബ്ദുല്ല, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. ഖത്തറിൽ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുല്ലയാണ് പാട്ടെഴുതിയത്. ഖത്തറിൽ വച്ചെഴുതിയ പാട്ട് നാട്ടിലെ ഒരു സുഹൃത്തിന് അയച്ചുകൊടുത്തു. പിന്നീട് ഡാനിഷ് എന്ന ഗായകൻ ഇത് ആലപിക്കുകയും സിഎംഎസ് മീഡിയ ഉടമ സുബൈർ പന്തല്ലൂർ പാരഡി ഗാനം പുറത്തിറക്കുകയുമായിരുന്നു. നാസർ കൂട്ടിലങ്ങാടിയാണ് ഡബ്ബ് ചെയ്തത്. പാട്ട് ഹിറ്റായതോടെ സംസ്ഥാനത്തും വിദേശങ്ങളിലുമെല്ലാം സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.
ഗാനം ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നു കാട്ടി സിപിഎമ്മും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഗുരുതരമായ ധ്രുവീകരണത്തിന് ഇടയാക്കുന്ന തരത്തില്‍ പാരഡി ഗാനം ഉപയോഗപ്പെടുത്തി എന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞത്.
അതേസമയം, ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി പാട്ടിനെതിരെയല്ല തന്റെ പരാതിയെന്നും പാട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഏതാനും വാക്കുകൾക്കെതിരെ മാത്രമാണെന്നുമാണ് പരാതിക്കാരനായ തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാല പറഞ്ഞത്. അയ്യപ്പൻ, ശാസ്താവ് എന്നീ വാക്കുകൾ വികലമായി ഉപയോഗിച്ചിട്ടുണ്ട്. അത് മാത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. പരാതിയെ ചിലർ രാഷ്ട്രീയപരമായി മുതലെടുക്കുന്നതിൽ താൻ ഉത്തരവാദിയല്ലെന്നും പ്രസാദ് കുഴിക്കാല മനോരമ ഓൺലൈനോട് പ്രതികരിച്ചിരുന്നു. English Summary:
Malappuram LDF victory celebration witnessed a parody song based on an Ayyappan devotional. This involved a dance by LDF workers criticizing local leaders who defected from CPM, in the context of UDF capturing the Thanalur panchayath after 22 years. |
|