വിമാന പൈലറ്റുമാർക്ക് സുരക്ഷ മുൻനിർത്തി വിശ്രമം ഉറപ്പുവരുത്തുന്നവിധത്തിൽ ഡ്യൂട്ടി പരിഷ്കരിച്ചത് റെയിൽവേയിലെ ലോക്കോ പൈലറ്റുമാർ അനുഭവിക്കുന്ന സമാനസാഹചര്യംകൂടി രാജ്യത്തിന്റെ ശ്രദ്ധയിലെത്തിച്ചിരിക്കുന്നു. മുപ്പതിനായിരത്തിലേറെ ഒഴിവുകളിൽ റെയിൽവേ നിയമനം നടത്താത്തതാണ് ലോക്കോ പൈലറ്റുമാരുടെ താങ്ങാനാവാത്ത ജോലിഭാരത്തിനു കാരണം.
വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് ചട്ടത്തിനു സമാനമായി ലോക്കോ പൈലറ്റുമാരുടെയും ജോലിസമയം ക്രമീകരിക്കണമെന്നാണ് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. ഇത്രയേറെ ഒഴിവുകളുണ്ടായിരിക്കെ, 2018നു ശേഷം ലോക്കോ പൈലറ്റുമാരുടെ നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ച് അസോസിയേഷൻ ഈ മാസമാദ്യം 48 മണിക്കൂർ നിരാഹാരസമരം നടത്തിയിരുന്നു.
ലോക്കോ പൈലറ്റുമാർക്ക് ആഴ്ചയിൽ 30 മണിക്കൂറോളം മാത്രമാണു വിശ്രമം ലഭിക്കുന്നത്. ദിവസേനയുള്ള വിശ്രമവും പ്രതിവാര വിശ്രമവും ചേർത്ത് ആഴ്ചയിൽ 46 മണിക്കൂർ വിശ്രമം നൽകണമെന്നതാണ് അവർ ഉന്നയിക്കുന്ന പ്രധാനാവശ്യം. ശരിക്കൊന്നുറങ്ങാൻ പറ്റാതെ, കുടുംബത്തോടൊപ്പം കഴിയാൻപോലും സമയം കിട്ടാതെ കഷ്ടപ്പെടുകയാണ് നമ്മുടെ ലോക്കോ പൈലറ്റുമാർ. ചിലപ്പോൾ തുടർച്ചയായ നാലു രാത്രികളിൽവരെ ജോലി. ചിലപ്പോൾ വിശ്രമമില്ലാതെ 72 മണിക്കൂർ ജോലി ചെയ്യേണ്ടിവരും. സ്വന്തം ആരോഗ്യത്തിനും യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന ജോലിഭാരം കുറയ്ക്കണമെന്ന ലോക്കോ പൈലറ്റുമാരുടെ ദീർഘകാലത്തെ ആവശ്യം ന്യായമാണെന്നതിൽ സംശയമില്ല.
- കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
- കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
- കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
MORE PREMIUM STORIES
അർഹമായ വിശ്രമസമയം അനുവദിക്കാതെ ട്രെയിൻ ഓടിക്കില്ലെന്നു പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേയിലെ പാലക്കാട്, തിരുവനന്തപുരം, സേലം, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലെ രണ്ടായിരത്തോളം ലോക്കോ പൈലറ്റുമാർ കഴിഞ്ഞ വർഷം ജൂൺ ഒന്നു മുതൽ ഒരു മാസത്തോളം സമരം നടത്തിയിരുന്നു. ഒറ്റയടിക്ക് 10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ലെന്നും തുടർച്ചയായി 2 രാത്രികളിൽ കൂടുതൽ ട്രെയിൻ ഓടിക്കില്ലെന്നും പറഞ്ഞായിരുന്നു സമരം. ആ സമരത്തിനു ഫലമുണ്ടായില്ലെന്നു മാത്രം.
ഒഴിവുകളിൽ നിയമനം നടത്താത്തതുകൊണ്ട് ടിക്കറ്റ് പരിശോധകരുടെ (ടിടിഇ) ജോലിഭാരവും കൂടുതലാണ്. മൂന്നു കോച്ചുകൾക്ക് ഒരു ടിടിഇ എന്നാണു കണക്ക്. എന്നാൽ, നിയമനം കൃത്യമായി നടക്കാത്തതിനാൽ ഒരു ടിടിഇ 6 കോച്ചുകളിൽ വരെ ജോലി ചെയ്യണം. അനധികൃത യാത്രക്കാരെ പുറത്താക്കുകയും അമിത ലഗേജ് ഒഴിവാക്കുകയുമൊക്കെ വേണ്ടിവരുമ്പോൾ ചിലപ്പോഴൊക്കെ യാത്രക്കാർ സംഘം ചേർന്ന് എതിർക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്.
അതിഥിത്തൊഴിലാളികളുടെ എണ്ണം കേരളത്തിൽ കൂടിയതിന് ആനുപാതികമായി ട്രെയിനുകളുടെ എണ്ണം കൂടിയിട്ടില്ല. ഇവർ കൂട്ടമായി യാത്ര ചെയ്യുന്ന ട്രെയിനുകളിൽ ടിക്കറ്റ് പരിശോധന പലപ്പോഴും ശ്രമകരമാണെന്നു ടിടിഇമാർ പറയുന്നു. കഴിഞ്ഞ വർഷം, ടിടിഇ കെ.വിനോദിനെ ഒഡീഷ സ്വദേശി ട്രെയിനിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവം കേരളത്തെ നടുക്കുകയുണ്ടായി. ട്രെയിനുകളിൽ മതിയായ സുരക്ഷാ ജീവനക്കാരെ വിന്യസിക്കാത്തതിനാൽ ടിടിഇമാർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയിലേക്കാണ് ആ സംഭവം വിരൽചൂണ്ടിയത്. മാസം നിശ്ചിതതുക പിഴയായി ഈടാക്കാൻ ടിടിഇമാരിൽ അനൗദ്യോഗികമായ സമ്മർദവും ഉണ്ടാകാറുണ്ടെന്ന പരാതി ഗൗരവമുള്ളതാണ്. ചില ടിടിഇമാർ ഈ തുക തികയ്ക്കുമ്പോൾ മറ്റു ചിലർക്ക് അതിനാവണമെന്നില്ല.
മനുഷ്യത്വത്തോടെവേണം റെയിൽവേ അധികൃതർ ഈ പ്രശ്നങ്ങളെ കാണാൻ. എത്രയുംവേഗം ആവശ്യമായ നിയമനങ്ങൾ നടത്തി, ലോക്കോ പൈലറ്റുമാർക്ക് അർഹമായ വിശ്രമസമയം നൽകുകതന്നെ വേണം. ടിടിഇമാരുടെ ആവശ്യങ്ങളും അനുഭാവത്തോടെ പരിഗണിച്ചേതീരൂ. യാത്രക്കാർക്കു മാത്രമല്ല, റെയിൽവേ ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക ജീവിതയാത്രയിലും ‘ശുഭം’ ഉറപ്പുവരുത്താൻ റെയിൽവേക്കു കഴിയേണ്ടതുണ്ട്. English Summary:
Off the Rails: How 30,000 Vacancies Endanger Loco Pilots and Passengers |
|