ഉന്നതവിദ്യാഭ്യാസ മേഖലയെ ഏകീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കേന്ദ്രീകൃത സംവിധാനമുണ്ടാക്കാനുള്ള ബിൽ കേന്ദ്രസർക്കാർ പാർലമെന്റിന്റെ സംയുക്തസമിതിക്കു വിട്ടിരിക്കുന്നു. സർവകലാശാലകളെയും കോളജുകളെയും ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന യുജിസി, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്കു പകരം വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ എന്ന സ്ഥാപനത്തിനു രൂപം നൽകുകയാണ് ലക്ഷ്യം. ചെയർപഴ്സനും 12 അംഗങ്ങളുമുള്ള കമ്മിഷനു കീഴിൽ മൂന്നു കൗൺസിലുകളുമുണ്ടാകും.
- Also Read ഹയർ എജ്യുക്കേഷൻ കമ്മിഷൻ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
പുതിയ കമ്മിഷന്റെ ദൗത്യങ്ങളിൽ ഏറ്റവും പ്രധാനം ഉന്നത വിദ്യാഭ്യാസമേഖലയെ നേരിട്ടു നിയന്ത്രിക്കലാണ്. സ്വയംഭരണാധികാരമുള്ള കോളജുകളും കമ്മിഷന്റെയും കൗൺസിലുകളുടെയും നിയന്ത്രണങ്ങൾക്കു വിധേയമായി പ്രവർത്തിക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സാമ്പത്തികസഹായം നൽകാൻ 1956ൽ നിലവിൽ വന്ന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) ഇതോടെ ഇല്ലാതാകും. പുതിയ കമ്മിഷൻ കോളജുകൾക്കു സാമ്പത്തികസഹായം നൽകുന്ന സ്ഥാപനമല്ല; നിയന്ത്രണം മാത്രമാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ അതിരുകളില്ലാത്ത അധികാരം കമ്മിഷനുണ്ടാകുമെന്നു ഭയക്കേണ്ടിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയം നേരിട്ടു സാമ്പത്തികസഹായം നൽകും.
- Also Read ഒരു ഇന്ത്യൻ ഭാഷ കൂടി കൂടുതൽ പഠിപ്പിക്കണം; ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസി കത്ത്
സർവകലാശാലകളുടെ പ്രസക്തി ഇല്ലാതാകും
വിദ്യാഭ്യാസമേഖലയുടെ സമൂല പരിഷ്കരണം ലക്ഷ്യമിട്ട് അവതരിപ്പിച്ച 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തുടർച്ചയാണ് പുതിയ സംവിധാനം. കമ്മിഷൻ നിലവിൽ വരുന്നതോടെ സർവകലാശാലാ സംവിധാനങ്ങളുടെ പ്രസക്തിയും കടമകളും ഉത്തരവാദിത്തങ്ങളും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാകും. ഉദാഹരണത്തിന്, ഉന്നതവിദ്യാഭ്യാസ കമ്മിഷൻ എല്ലാ കോളജുകൾക്കും കോഴ്സുകൾ ഡിസൈൻ ചെയ്യാനും പഠിപ്പിക്കാനും ഡിഗ്രി നൽകാനുമുള്ള സ്വയംഭരണാധികാരം ഘട്ടംഘട്ടമായി നൽകുമെന്നു പറയുന്നു. അപ്പോൾ കോളജുകൾ സർവകലാശാലകളുടെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായിട്ടല്ലാതെ കമ്മിഷന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കേണ്ടിവരും. കമ്മിഷന്റെ നിയമങ്ങളും നിർദേശങ്ങളും അനുസരിക്കാത്ത കോളജുകൾക്ക് 10 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെ പിഴയും കോഴ്സുകൾ തടയുന്ന തരത്തിലുള്ള കടുത്ത നിയന്ത്രണങ്ങളും നിയമത്തിൽ ശുപാർശ ചെയ്യുന്നു. അത്തരം സാഹചര്യത്തിൽ അഫിലിയേറ്റഡ് കോളജുകൾ അടങ്ങുന്ന സർവകലാശാലാസംവിധാനം അപ്രസക്തമാകും.
- കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
- കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
- കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
MORE PREMIUM STORIES
കോളജുകൾ സർക്കാരിന്റെ രാഷ്ട്രീയതാൽപര്യങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കേണ്ടിവരും. കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്കു തുല്യാവകാശമുള്ള, ഭരണഘടനയുടെ കൺകറന്റ് പട്ടികയിൽപ്പെടുന്ന വിദ്യാഭ്യാസമേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള കേന്ദ്ര നയത്തിന്റെ തുടർച്ചയായി വേണം കമ്മിഷനെ കാണാൻ. ഡോ. ബർട്ടൺ ക്ലീറ്റസ്
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തുടർച്ചയെന്നോണം ‘ഭാരതീയ ജ്ഞാന മണ്ഡലങ്ങളുടെ’ പ്രചാരണത്തിന് ഉന്നത വിദ്യാഭ്യാസമേഖല വേദിയാകണമെന്നു പുതിയ ബിൽ നിർദേശിക്കുന്നു. സർവകലാശാലകൾക്കു സാമ്പത്തികസഹായം അനുവദിക്കുകയും ചില മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുക മാത്രമാണ് യുജിസി ചെയ്തിരുന്നത്. എന്നാൽ, സർവകലാശാലകളുടെ അധികാരത്തിൽ കൈകടത്തി കോഴ്സുകൾ രൂപീകരിക്കാനും പരീക്ഷ നടത്താനുമുള്ള അവകാശം കവർന്നെടുക്കാനാണ് കമ്മിഷൻവഴി ശ്രമിക്കുന്നത്. പുതിയ ബിൽ പ്രകാരം, കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ കോളജുകൾ കമ്മിഷന്റെ വെബ്സൈറ്റിൽ നൽകണം. കോളജുകൾക്ക് സ്വയംഭരണ അധികാരങ്ങൾ കൈവരുമെന്നു വാദിക്കുമ്പോഴും, നിലവിലുള്ള പരിമിതമായ അധികാരങ്ങൾപോലും കമ്മിഷൻ കവർന്നെടുക്കുമെന്നു സംശയിക്കണം.
ഇംഗ്ലിഷിനെ പടിയിറക്കി ഹിന്ദി അടിച്ചേൽപിക്കുമ്പോൾ
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പൊതുലക്ഷ്യം സ്കൂൾതലം മുതൽ സർവകലാശാല വരെയുള്ള വിദ്യാഭ്യാസത്തിന്റെ മാധ്യമം പ്രാദേശിക ഭാഷയാക്കി മാറ്റുകയായിരുന്നു. എന്നാൽ, അതിന്റെ മറപറ്റി വിദ്യാഭ്യാസ മേഖലയിൽനിന്ന് ഇംഗ്ലിഷിന്റെ പടിയിറക്കലും ഹിന്ദിയുടെ ആധിപത്യമുറപ്പിക്കലുമാണ് നടക്കുന്നത്. കമ്മിഷന്റെ പേര് ‘വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ എന്നായത് മികച്ച ഉദാഹരണം.
ലോകത്ത് പലയിടത്തും ശാസ്ത്രം, സാമൂഹികശാസ്ത്രം, സാമ്പത്തികശാസ്ത്രം, നരവംശശാസ്ത്രം തുടങ്ങിയ വ്യത്യസ്ത മേഖലകളെ കോർത്തിണക്കിയുള്ള പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അതിനെയാണ് ഇന്റർ ഡിസിപ്ലിനറി വിദ്യാഭ്യാസം എന്നു വിളിക്കുന്നത്. എന്നാൽ, ഇവിടെ നടത്തിയ ഇന്റർ ഡിസിപ്ലിനറി വിദ്യാഭ്യാസം മറ്റൊരു തലത്തിലാണ്. ശാസ്ത്ര, സാമൂഹികശാസ്ത്ര വിദ്യാഭ്യാസത്തോടൊപ്പം ഭാരതീയ ജ്ഞാന മണ്ഡലം എന്ന നിലയിൽ യോഗയും ആയുർവേദവും സംഗീതവും മറ്റു കലാരൂപങ്ങളും കോർത്തിണക്കിയത് ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കാം.
നിലവിലുള്ള സർവകലാശാല-കോളജ് സംവിധാനം ഒരുപരിധിവരെയെങ്കിലും വിജയകരമായിരുന്നു. ആഗോളതലത്തിലുള്ള ജ്ഞാനമേഖലകളെ ഉൾക്കൊള്ളുമ്പോഴും, പ്രാദേശിക ഭാഷാ -സാംസ്കാരിക അറിവുകളെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും കഴിഞ്ഞിരുന്നു. ഇത്തരമൊരു പ്രാദേശിക സംവിധാനത്തിനു മേലെയാണ് കേന്ദ്രീകൃത നിയന്ത്രണവും പാഠ്യപദ്ധതിയും നടപ്പാക്കാൻ ശ്രമിക്കുന്നത്.
2020ൽ നിലവിൽ വന്ന നാലുവർഷ ഡിഗ്രി പ്രോഗ്രാമിന്റെ സാധ്യതകളെക്കുറിച്ചും പോരായ്മകളെ കുറിച്ചുമുള്ള ആഴത്തിലുള്ള പഠനമായിരുന്നു സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരുന്നത്. ആ പഠനത്തിന്റെ അടിസ്ഥാനത്തിൽ അത്തരം പരിഷ്കാരങ്ങളുടെ തുടർച്ചയെയും സാധ്യതകളെയും കുറിച്ച് സമഗ്ര അന്വേഷണം നടത്തേണ്ടിയിരുന്നു. എന്നാൽ, നമ്മുടെ രാജ്യത്തു നടപ്പാക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ പോരായ്മകളെക്കുറിച്ച് പരിശോധന നടത്താറില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പാരമ്പര്യവാദവും കേന്ദ്രീകരണവും ഗുണത്തേക്കാളേറെ ദോഷം ചെയ്യാനാണു സാധ്യത. അറിവിന്റെ ഉൽപാദനം അധികാരകേന്ദ്രങ്ങളുമായുള്ള സംഘർഷത്തിലൂടെയാണ് എന്നും നടന്നിട്ടുള്ളത്. നിയന്ത്രണങ്ങളും പൊരുത്തപ്പെടലുകളും അധികാരകേന്ദ്രങ്ങൾ വരച്ചിട്ട നിയന്ത്രണ രേഖകൾക്കു പുറത്തിറങ്ങി ചിന്തിക്കാനുള്ള ശേഷി നശിപ്പിക്കും. ഇതു വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനല്ല, ശോഷണത്തിനാകും വഴിവയ്ക്കുക.
വിദ്യാഭ്യാസമേഖലയിലെ സ്വാതന്ത്ര്യം നഷ്ടമാകും
വിദ്യാഭ്യാസ മേഖലയുടെ വാണിജ്യവൽക്കരണത്തിനെതിരെ പുതിയ നിയമത്തിൽ പരാമർശിക്കുന്നുണ്ടെങ്കിലും വിദ്യാർഥികൾ നൽകേണ്ട ഫീസുകൾക്കു നിയന്ത്രണമില്ല. ഉന്നത വിദ്യാഭ്യാസ മേഖലയെയും വ്യവസായ സ്ഥാപനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാനുള്ള നിർദേശങ്ങളും കമ്മിഷന്റെ ലക്ഷ്യങ്ങളിൽ കാണാനാകും. പരമ്പരാഗത– എൻജിനീയറിങ്– ടെക്നിക്കൽ വിദ്യാഭ്യാസ മേഖലകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് അതിനാണ്. കമ്മിഷനും കേന്ദ്രസർക്കാരും തമ്മിൽ തർക്കമുണ്ടായാൽ കേന്ദ്ര തീരുമാനങ്ങൾ നിലനിൽക്കും, ആവശ്യമെങ്കിൽ കമ്മിഷനെ ആറുമാസം വരെ സസ്പെൻഡ് ചെയ്യാനുമാകും. സ്വയംഭരണാധികാര ഭരണഘടനാ സ്ഥാപനമായിരുന്ന യുജിസിയുടെ നിലനിൽപും തീരുമാനങ്ങളും ഒരു പരിധിവരെയെങ്കിലും സ്വതന്ത്രമായിരുന്നു. പുതിയ കമ്മിഷന്റെ വരവോടെ സ്വതന്ത്ര സ്വഭാവമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മേഖലയും ഇല്ലാതാവുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കേന്ദ്രസർക്കാരിന്റെ അനിയന്ത്രിത കടന്നുകയറ്റമാണ് പുതിയ ബില്ലിൽ കാണാനാകുന്നത്.
രാജ്യത്തെ അൻപതിനായിരത്തോളം കോളജുകളെ നിയന്ത്രിക്കാനാണ് കമ്മിഷൻ വഴി സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസം അവരുടെ താത്വിക അടിത്തറ പടുത്തുയർത്താൻ സഹായിക്കുന്ന പ്രധാന മേഖലയാണ്. കമ്മിഷൻ രൂപീകരണം അതിനുള്ള വഴിയൊരുക്കലാണ്.
മത- ഭാഷാ ന്യൂനപക്ഷ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന പരിരക്ഷയും സ്വയംഭരണാധികാരങ്ങളും കമ്മിഷൻ വരുന്നതോടെ ദുർബലമാക്കപ്പെടുമെന്നും സംശയിക്കണം. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരേ തരത്തിലുള്ള അധികാരത്തിനും പാഠ്യപദ്ധതി നടപ്പാക്കലിനും വഴിപ്പെടേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടാം.
( ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ) English Summary:
Concerns over Centralized Control of Higher Education: Higher Education faces potential centralization with the proposed commission. This raises concerns about autonomy and the impact on the university system, potentially diminishing its relevance. |
|