LHC0088 • 1 hour(s) ago • views 786
കടക്ക് പുറത്ത്’ എന്നൊന്നും ജനം പറഞ്ഞില്ല. പക്ഷേ, തിരഞ്ഞെടുപ്പിൽ ഒരു ‘രക്ഷാപ്രവർത്തനം’ നടത്തി. മുങ്ങിച്ചാവാൻ പോകുന്നവൻ വൈക്കോൽത്തുരുമ്പിൽ പിടിച്ചു കയറുന്നതുപോലെ ഒന്ന്. ‘ആത്മരക്ഷാ പ്രവർത്തനം’ എന്നും വിളിക്കാം.
- Also Read കണ്ണൂരിലും കാലിടറുന്നോ? പാർട്ടി ഗ്രാമങ്ങളിലെ ആധിപത്യവും അടിത്തറയും നഷ്ടമാകുന്നു; സിപിഎമ്മിന് ആഘാതം
‘ഒന്നാന്തരം പെൻഷൻ മേടിച്ച് ഇഷ്‌ടംപോലെ തിന്നതാണ്. എന്നിട്ട് നേരെ എതിർവോട്ടു ചെയ്തത് എന്തൊരു പിറപ്പുപണിയാണ്’ എന്ന് എം.എം.മണി പറഞ്ഞതാണ് ഏറ്റവും സിംപിൾ ഇലക്‌ഷൻ അനാലിസിസ്. തങ്ങളോട് ഭരണക്കാർ ചെയ്തത് എന്തൊരു പിറപ്പുപണിയാണ് എന്ന് ജനത്തിനും തോന്നിയിട്ടുണ്ടാവാം.
- Also Read ‘പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ കാണിച്ചത് നന്ദികേട്’: വോട്ടര്‍മാരെ അപമാനിച്ച് എം.എം. മണി
മണിയാശാൻ സത്യസന്ധനാണ്. ഇടുക്കിയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ വൺ, ടു, ത്രീ, ഫോർ എന്നു കൊന്നുതള്ളിയത് പണ്ടു മറയില്ലാതെ പറഞ്ഞിട്ടുണ്ട്. ഇത്തവണ സിപിഎമ്മിനെതിരെ പ്രവർത്തിച്ചവർക്കു നേരെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽത്തന്നെ അതിന്റെ സാംപിൾ വെടിക്കെട്ട് തുടങ്ങിയിട്ടുണ്ട്. ഇന്നീപ്പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ കാരണഭൂതൻ പിണറായി വിജയനെന്ന സഖാവു തന്നെ എന്നാണ് തിരുവാതിരപ്പാട്ടു പോലും. എന്നിട്ട് കാരണഭൂതന്റെ നാട്ടിൽത്തന്നെ ശോഭകേടു തുടങ്ങിയാൽ എങ്ങനെ സഹിക്കും?
- കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
- കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
- കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
MORE PREMIUM STORIES
‘ഈ കപ്പൽ ആടിയുലയുകയില്ല സാർ, ഇതിനൊരു കപ്പിത്താനുണ്ട്. നവകേരളത്തിന്റെ തീരത്തേക്ക് ഈ കപ്പൽ അടുത്തുകൊണ്ടിരിക്കുകയാണ് എന്നു മന്ത്രി വീണാ ജോർജ് പറഞ്ഞ ശേഷമാണ് കപ്പലിന്റെ ഗതിപിടിക്കാത്ത പോക്ക് തുടങ്ങിയതെന്നു കരുതുന്നവരുണ്ട്. നാവിൽ ഗുളികൻ ആയിരിക്കണം. ലൈഫ് ജാക്കറ്റ് പോലും എടുക്കാൻ നിൽക്കാതെയാണ് പിന്നാലെ പി.വി.അൻവർ നടുക്കടലിലേക്ക് എടുത്തുചാടിയത്. വീണയുടെ മണ്ഡലമായ ആറന്മുളയിലെ 13 തദ്ദേശസ്ഥാപനങ്ങളിൽ എൽഡിഎഫ് ഒരിടത്തു മാത്രമാണ് ജയിച്ചതത്രേ. കരയ്ക്കടുക്കുന്ന ലക്ഷണമല്ല ഇതൊന്നും.
തിരഞ്ഞെടുപ്പുകാലത്ത് വി.ഡി.സതീശനോട് 13 ചോദ്യം ചോദിക്കാൻ പിണറായിക്കു തോന്നിയതേ പിഴച്ചു. 13 കുഴപ്പം പിടിച്ച നമ്പറാണ്. ഭരണത്തെ വിലയിരുത്താൻ സർക്കാരും സിപിഎമ്മും ഉടൻ നടത്തുന്ന നവകേരള സർവേയാണ് ജനത്തിന് അടുത്ത കഠിനപരീക്ഷ. ശ്രീകോവിൽ സ്വർണക്കൊള്ള, ആശമാരുടെ കണ്ണീർ, ശബരിമല ആചാരലംഘനം, ചികിത്സപ്പിഴവുകൊണ്ടും തെരുവുനായയുടെ കടിയേറ്റും സ്‌കൂൾ കെട്ടിടം വീണുമുള്ള മരണങ്ങൾ, എസ്എഫ്ഐക്കാരുടെ മർദനമേറ്റ് ദാരുണാന്ത്യം, ബാങ്ക് കൊള്ള, നവകേരള ബസ് യാത്രയിലെ തല തല്ലിപ്പൊളിച്ച രക്ഷാപ്രവർത്തനം, പീഡനത്തിന്റെ തീവ്രത, സ്വർണക്കടത്ത്, ലാവ്‌ലിൻ, കരിമണൽ, മാസപ്പടി, ഇ.ഡി സമൻസ് ഇങ്ങനെ എണ്ണം പറഞ്ഞ 13 എണ്ണം ഇട്ടുതരും. ഏറ്റവും വെറുപ്പിച്ചത് ഏതാണെന്നു വോട്ടറെക്കൊണ്ട് കണ്ടെത്തിക്കും. ജനം മൂക്കുകൊണ്ട് ക്ഷ,ഞ്ഞ, ണ്ണ വരയ്ക്കും.
കെ.എം.മാണിസാർ നട്ട് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പൊതുവേയും മീനച്ചിലാറിന്റെ തീരങ്ങളിൽ വിശേഷിച്ചും തഴച്ചു വളർന്ന രണ്ടില മാത്രമുള്ള ചെടിക്ക് ദ്രുതവാട്ടമുണ്ടാക്കുന്ന കാലാവസ്‌ഥാ വ്യതിയാനവും തിരഞ്ഞെടുപ്പിൽ കാണാതെ പോകരുത്. ‘വിജയവിഭവനാവട്ടെ മാണിപ്രമാണി’ എന്നാണ് മഹാകവി പാലാ പണ്ട് എഴുതിയത്. പ്രാമാണിത്തത്തിൽ മാണിത്തവും പ്രാണിത്തവും ഒളിച്ചിരിപ്പുണ്ട്. ഏതാണ് കാലം പുറത്തു കൊണ്ടുവരിക എന്നേ അറിയാനുള്ളൂ.
തിരഞ്ഞെടുപ്പു ദിനത്തിലെ ബുദ്ധിവൈഭവം
‘ഈ സ്ത്രീലമ്പടൻമാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്’ എന്ന് തിരഞ്ഞെടുപ്പു ദിവസം മുഖ്യമന്ത്രി പറഞ്ഞത് രാഹുൽ മാങ്കൂട്ടത്തിലിനെ മാത്രം ഉദ്ദേശിച്ചാണെന്നു കരുതിയവരാണ് മണ്ടൻമാർ. ആവശ്യത്തിലേറെ ലമ്പടർ മുഖ്യമന്ത്രിയുടെ ഓഫിസിലും നിയമസഭാ കക്ഷിയിലും സിപിഎമ്മിലും തൊട്ട് പരന്നുകിടന്നിട്ടും അങ്ങനെ തെറ്റിദ്ധരിച്ചതാണ് കഷ്‌ടം. സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെവരെ ഒടുവിൽ കേസായിട്ടുണ്ട്. ‘അറിയപ്പെടാത്ത മലപ്പുറം’ എന്നൊരു ഡോക്യുമെന്ററിയും കക്ഷി നിർമിച്ചിട്ടുണ്ടത്രേ. ‘അറിയപ്പെടാത്ത കുഞ്ഞുമുഹമ്മദ്’ എന്നൊരു ഡോക്യുമെന്ററി നിർമിക്കാൻ ആർക്കെങ്കിലും ഭാഗ്യമുണ്ടാകുമോ എന്നേ പേടിക്കാനുള്ളൂ.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനു നീതി ലഭ്യമായി എന്നാണ് തന്റെ വ്യക്‌തിപരമായ അഭിപ്രായം എന്നു തിരഞ്ഞെടുപ്പു ദിവസംതന്നെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞത് വലിയ അബദ്ധമായെന്നു കരുതുന്നവരുമുണ്ട്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ രഹസ്യമായി കണ്ട കാര്യം പുറത്തുപറയാൻ ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനു തോന്നിയതും തിരഞ്ഞെടുപ്പു ദിവസമാണ്. നേതാക്കൾ ബുദ്ധിയുടെ മാറ്റുരയ്ക്കാൻ തിരഞ്ഞെടുപ്പുദിവസംതന്നെ തിരഞ്ഞെടുക്കുന്നത് പുതിയ കീഴ്‌വഴക്കമാണ്.
സമൂഹത്തിൽ പീഡകർ കൂടിയാലുള്ള കുഴപ്പം ചെറുതല്ല. എല്ലാ രാഷ്ട്രീയപാർട്ടികളിലും ഇക്കൂട്ടർ കയറിക്കൂടും. നാട്ടിലും വിദേശത്തുമൊക്കെയായി എണ്ണിയാലൊടുങ്ങാത്ത കോൺക്ലേവുകൾ നടത്തിയ സർക്കാരിനു വിഷയദാരിദ്ര്യമുണ്ട്. പീഡനക്കേസിൽ ഉൾപ്പെട്ടവരുടെ കോൺക്ലേവ് കൂടി ആലോചിക്കണം. എല്ലാ കക്ഷികളിലുമുള്ളവർക്കും കൊടുക്കണം പശ്ചാത്താപത്തിനും കുമ്പസാരത്തിനുമുള്ള പൊതുവേദി.
പിടികൊടുക്കാഞ്ഞത് നന്നായി
ഡിജിറ്റൽ, കെടിയു വൈസ് ചാൻസലർ നിയമനത്തർക്കം തീർക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ ലോക്ഭവനിലേക്കു വരാഞ്ഞതെന്താണെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറിനു സംശയം. മുഖ്യമന്ത്രിയുടെ ദൂതുമായി വന്ന പി.രാജീവും ആർ.ബിന്ദുവും തനിക്കൊത്തവരല്ല എന്ന തോന്നൽ കൊണ്ടൊന്നുമല്ല. മുഖ്യമന്ത്രിയെ നേരിട്ടു പിടിക്കാനാണ്. ലോക്ഭവനിലേക്കു കാർ വാങ്ങാൻ തരാമെന്നു പറഞ്ഞ 36 ലക്ഷം എവിടെയെന്നു നേരിട്ടു ചോദിക്കാൻ ആയിരിക്കുമോ?. പിടികൊടുക്കാതെ പിണറായി വഴുതിയത് ഏതായാലും ബുദ്ധിയായി?.
മൂന്നു കൊല്ലം മാത്രം പഴക്കമുള്ള കാർ മാറ്റി മുഖ്യമന്ത്രി 1.10 കോടി രൂപയ്ക്കു പുതിയ രണ്ടെണ്ണം വാങ്ങാൻ പോകുന്ന കാര്യമൊക്കെ ഗവർണർ അറിയാതിരിക്കുമോ? ലോക്ഭവനിലാണെങ്കിൽ പതിറ്റാണ്ടു പിന്നിട്ട, ലക്ഷക്കണക്കിനു കിലോമീറ്റർ ഓടി സന്ധിബന്ധങ്ങൾ തകർന്ന വണ്ടികളാണു പലതും. പുതിയ കാറിനു കാശു കൊടുക്കാമെന്നു മന്ത്രിസഭ വാക്കു കൊടുത്തിട്ട് ഒരു കൊല്ലമാവുന്നു. സാമ്പത്തിക പ്രതിസന്ധി ഒഴിവുകഴിവാക്കി മുങ്ങിനടക്കുകയായിരുന്നു. മുഖ്യമന്ത്രി കാർ വാങ്ങാൻ തീരുമാനിച്ച സ്‌ഥിതിക്ക് ആ പരിപ്പ് ഇനി വേവില്ല. എസ്എഫ്ഐക്കാർ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടു പറഞ്ഞതുപോലെ ‘ദാറ്റ് ദാൽ വോണ്ട് കുക്ക് ഹിയർ’. അല്ലെങ്കിലും രാജ്‌ഭവൻ എന്ന പഴഞ്ചൻ പേർ ലോക്ഭവൻ എന്നു പുതുക്കി സ്വർണത്തിളക്കമുള്ള ബോർഡൊക്കെ വച്ച ശേഷവും ഉമ്മറത്ത് ഈ പഴഞ്ചടാക്കുകൾതന്നെ കിടക്കുന്നതിൽപ്പരം അശ്രീകരം വേറെയില്ല.
ഇങ്ങനെയൊക്കെ തങ്ങൾ കാട്ടിയാലും വൈസ് ചാൻസലർമാരായി തങ്ങൾ കൊടുത്ത പേരുകളേ ഗവർണർ ആർലേക്കർ ശുപാർശ ചെയ്യൂ എന്ന് മുഖ്യമന്ത്രി കരുതിയതേ തെറ്റ്. പേരുകൾ ഗവർണർ വെട്ടിത്തിരുത്തി സുപ്രീംകോടതിയിലേക്കു തട്ടി. അട്ടത്തു വച്ചിരുന്ന ഭാരതാംബ ചിത്രം വീണ്ടും പൊടിതട്ടിയെടുത്തു മേശപ്പുറത്തു വച്ചു. എല്ലാം ഇടയുന്നതിന്റെ സൂചനകളാണ്. സൂചന കണ്ടുപഠിച്ചില്ലെങ്കിൽ എന്നാണ് മുദ്രാവാക്യം പോലും. ‘സുപ്രീം കോടതി എന്തു പറഞ്ഞാലും തങ്ങൾ അംഗീകരിക്കും’ എന്ന് ഇപ്പോൾ അയഞ്ഞിട്ടുണ്ട് സർക്കാർ. ഈ ബുദ്ധി നേരത്തേ തോന്നേണ്ടിയിരുന്നു. തർക്കം മൂത്തപ്പോൾ പരിഹാരമുണ്ടാക്കാൻ സുപ്രീംകോടതി നിയമിച്ച സേർച് കമ്മിറ്റിക്കു സിറ്റിങ് വകയിൽ കൊടുക്കേണ്ടത് 32 ലക്ഷത്തോളം രൂപയാണ്. ഗവർണർക്കു കാർ വാങ്ങാനും അത്രയൊക്കെ മതിയായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല. പോയ ബുദ്ധി ആനയല്ല, ആർലേക്കർ പിടിച്ചാലും തിരികെ വരില്ല.
സ്‌റ്റോപ് പ്രസ്
സിൽവർലൈനിൽ ഇനി പ്രതീക്ഷ വേണ്ടെന്ന് ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ.
ജനത്തിനു പണ്ടേ മനസ്സിലായി. രഹസ്യം പിടിച്ചുവയ്ക്കാൻ മുഖ്യമന്ത്രി എന്തു ബുദ്ധിമുട്ടിക്കാണും എന്നോർത്താണ് സങ്കടം. English Summary:
Aazhchakurippukal: Kerala Politics is about a critical analysis of the recent political events in Kerala, focusing on public sentiment and the performance of the LDF government. The article uses satire to examine the government\“s actions and their impact on the electorate. |
|