LHC0088 • 1 hour(s) ago • views 1023
തച്ചനാട്ടുകര ∙ സന്ദീപ് വാരിയരുടെ വരവ് കോൺഗ്രസിന് പുതിയ സീറ്റ് നൽകിയെന്നും അതേസമയം, സിറ്റിങ് വാർഡ് നഷ്ടപ്പെടുത്തിയെന്നും നിരീക്ഷണം. 30 വർഷമായി സിപിഎം ജയിക്കുകയും യുഡിഎഫ് മൂന്നാം സ്ഥാനത്തു നിൽക്കുകയും ചെയ്തിരുന്ന ചെത്തല്ലൂർ കാവുവട്ടം വാർഡിൽ ഇക്കുറി കോൺഗ്രസ് സ്ഥാനാർഥി വി.ഡി.മണികണ്ഠൻ മൂന്നു വോട്ടിന് അട്ടിമറി വിജയം നേടിയതും എട്ടാം വാര്‍ഡില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കൂടിയായിരുന്ന കെ.രാമചന്ദ്രനെതിരെ കോണ്‍ഗ്രസിലെ സൈതലവി കുന്നനാത്ത് പത്തു വോട്ടിന് അട്ടിമറി വിജയം നേടിയതുമാണ് സന്ദീപിന്റെ വരവിന്റെ ഗുണമായി പരിഗണിക്കുന്നത്. ചെത്തല്ലൂർ വാർഡിൽ ബിജെപിയുടെ വിജയം തടഞ്ഞത് സന്ദീപിന്റെ ഇടപെടല്‍ കൊണ്ടാണെന്നാണ് അവകാശവാദം.
എന്നാൽ സന്ദീപ് ഉള്‍പ്പെടുന്നതും കോൺഗ്രസ് സിറ്റിങ് വാർഡുമായ തെക്കുമുറിയിൽ യുഡിഎഫ് സ്ഥാനാർഥി ഊരക്കാട്ടിൽ സതീശൻ സേവ് സിപിഐ സ്ഥാനാർഥി അബ്ദുൽ മജീദിനോട് തോറ്റത് സന്ദീപ് വന്നതിന്റെ ക്ഷീണമായി ആരോപിക്കപ്പെടുന്നു. ഇവിടെ കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പാര്‍വതി ഹരിദാസ് വിജയിക്കുകയും പഞ്ചായത്ത് ഉപാധ്യക്ഷയാകുകയും ചെയ്തിരുന്നു, ഇവിടെ ലീഗും കോൺഗ്രസും തമ്മിൽ സ്ഥാനാർഥി നിർണയം മുതൽക്കേ തർക്കങ്ങൾ തുടങ്ങുകയും ലീഗ് വിമതൻ പത്രിക സമർപ്പിക്കുകയും ചെയ്തിരുന്നു.
പത്രിക പിന്നീട് പിൻവലിച്ചെങ്കിലും യുഡിഎഫ് വോട്ടുകൾ എൽഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകൂട്ടന്നത്. ഇതു പരിഹരിക്കാന്‍ വേണ്ടത്ര ശ്രമമുണ്ടായില്ലെന്നാണ് ആരോപണം. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പിനു മുൻപേ സന്ദീപിന്റെ സ്വാധീനത്തിൽ വിവിധ പാർട്ടികളിൽനിന്നു ധാരാളം പേർ കോൺഗ്രസിലേക്ക് എത്തുമെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം സമൂഹ മാധ്യമങ്ങളില്‍ അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. |
|