റംബുട്ടാന് വില താഴുമോ? വൈകി പൂവിട്ടാൽ വാങ്ങാൻ ആളില്ലാതെ വരുമോ? തിരിവ് കായ്കൾ എന്തു ചെയ്യും? റംബുട്ടാൻകൃഷിയിൽ മുതൽ മുടക്കിയവര്‍ക്കും മുടക്കാൻ ആഗ്രഹിക്കുന്നവര്‍ക്കും ആശങ്കകള്‍ തീരുന്നില്ല. ഇന്ത്യ മുഴുവൻ ഈ പഴം നൽകാൻ മലയാളി മാത്രമേയുള്ളൂ. എങ്കിലും വിദൂര നഗരങ്ങളിലും മറ്റും വിപണനം ചെയ്യാൻ എല്ലാവർക്കും ആത്മവിശ്വാസമുണ്ടാവണമെന്നില്ല. ഈ സാഹചര്യത്തില്‍ ചക്കയും വാഴപ്പഴവുമൊക്കെ മൂല്യവർധന നടത്തുന്നതുപോലെ റംബുട്ടാനും സംസ്കരിച്ച് സൂക്ഷിപ്പുകാലം കൂട്ടാൻ കഴിഞ്ഞിരുന്നെങ്കിൽ വലിയ ആശ്വാസമായേനെ. എങ്കിൽ കയറ്റുമതിയും ഓഫ് സീസൺ വിൽപന യുമൊക്കെയായി വലിയ നേട്ടമുണ്ടാക്കാമായിരുന്നു. നിർഭാഗ്യവശാൽ ഇതുവരെ റംബുട്ടാന്റെ മൂല്യവർധന കേരളത്തിൽ സാധ്യമായിരുന്നില്ല. എന്നാൽ, ഈ ആശങ്കകള്‍ക്കു പരിഹാരം ഒരു കർഷകൻതന്നെ കണ്ടെത്തിയിരിക്കുന്നു. റംബുട്ടാൻ പഴങ്ങൾക്ക് ഒന്നര വർഷത്തിലേറെ സൂക്ഷിപ്പുകാലം നൽകാമെന്നു കാണിച്ചുതരുന്നു. ചാലക്കുടി മോതിരക്കണ്ണിയിലെ ഫ്രൂട്ട് ഫുഡ് ഫാം ഉടമ അഡ്വ. ബാബു ജോസഫ് പൈനാടത്ത് ആണ് മറ്റു ഫലവർഗങ്ങളിലെന്നപോലെ കാനിങ്ങിലൂടെ റംബുട്ടാന്റെയും സൂക്ഷിപ്പുകാലം കൂട്ടാമെന്നു തെളിയിച്ചത്.
- Also Read രുചിയുണ്ട്, മണമുണ്ട്, പോഷകഗുണമുണ്ട്, ഔഷധവുമാണ്... പക്ഷേ സൂക്ഷിക്കണം ചില അപകടകാരികളെ...
‘‘ഇക്കഴിഞ്ഞ സീസണിൽ ഞാന്‍ വാഴക്കുളത്തെ ഒരു സംസ്കരണശാലയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി 200 കിലോ റംബുട്ടാൻ സംസ്കരിച്ചു. സംസ്കരിച്ച റംബുട്ടാൻ പഴങ്ങൾ 6 മാസത്തിനു ശേഷവും നിലവാരം ചോരാതെയിരിക്കുന്നു.’’ ബാബു ജോസഫ് പറയുന്നു. ഇവ മുഴുവൻ സുഹൃത്തുക്കൾക്കും കയറ്റുമതിക്കാർക്കും സാംപിളായി നല്‍കി. ഇറക്കുമതി ചെയ്ത കാൻഡ് റംബുട്ടാനോടു കിടപിടിക്കുന്നതാണ് തന്റെ ഉൽപന്നമെന്നു ബാബു പറയുന്നു. അതുകൊണ്ടുതന്നെ വിപണിയിൽ അവയോട് മത്സരിക്കാനാവും.
- Also Read മോദി വെറുതെയല്ല പുട്ടിന് ആ സൂപ്പ് നൽകിയത്! ഇത് കോടികളുടെ കച്ചവടം, 300ൽപ്പരം രോഗങ്ങൾക്ക് ഒറ്റമൂലി
ഉതിമൂട് ഭാഗത്ത് വിളവെത്തി നിൽക്കുന്ന റംബുട്ടാൻ.
നേരിയ തോതിൽ പഞ്ചസാരലായനിയല്ലാതെ മറ്റു സംരക്ഷകങ്ങളൊന്നും കാനിങ്ങിൽ ഉപയോഗിക്കുന്നില്ലെന്ന് ബാബു പറയുന്നു. മറ്റു പഴങ്ങളുടെ കാനിങ്ങിൽനിന്ന് അല്‍പം വ്യത്യാസമുള്ളതാണ് റംബുട്ടാന്റെ സംസ്കരണം. സംസ്കരണപ്രക്രിയ പൂർത്തിയാക്കിയ പഴങ്ങൾ കുറച്ചുകൂടി മൃദുവാകുന്നുണ്ട്. ഏകദേശം 90 ഡിഗ്രി സെൽഷ്യസിൽ ആവിയിലൂടെ കടത്തി അണുവിമുക്തമാക്കുന്നതു കൊണ്ടാണിത്. സാധാരണ റംബുട്ടാൻ തോടു പൊളിച്ചു കഴിക്കുന്നതിലും വേഗം കാനിങ് നടത്തിയ റംബുട്ടാൻ നാവിൽ അലിയും. നല്ല മധുരവുമുണ്ട്. പുറംതോട് നീക്കി, കുരു കളയാതെയാണ് കാനിങ് നടത്തിയത്. കുരുനീക്കിയും കാനിങ് നടത്താനാകുമെന്ന് ബാബു പറഞ്ഞു. കാനിങ് നടത്തിയ പഴങ്ങൾ ഒരു ലീറ്റർ ടിന്നുകളിലാണ് പായ്ക്ക് ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. ടിന്നിലടച്ചു സൂക്ഷിക്കുന്നതിനാൽ ഇവ ചെറുവാഹനങ്ങളിൽപോലും കയറ്റി അയയ്ക്കാം.
- Also Read ‘സാർ, ഇവിടത്തെ യുവാക്കൾ മാസം 2 ലക്ഷം രൂപ സമ്പാദിക്കുന്നു; മുരിങ്ങ ഇല പൊടിയായി കയറ്റി അയക്കുന്നു’
Image credit:GreenOak/ShutterStock
ഒരു ടിന്നിൽ 900 ഗ്രാം പഴങ്ങളാണുള്ളത്. 2 കിലോ റംബുട്ടാൻ പഴങ്ങളിൽ നിന്നാണ് ഒരു ടിന്നിലേക്കു വേണ്ട കാമ്പ് ലഭിക്കുക. ഒരു ടിൻ റംബുട്ടാന്റെ സംസ്കരണപ്രക്രിയയ്ക്കു മാത്രം 160 രൂപ ചെലവ് വന്നു. വാണിജ്യാടിസ്ഥാനത്തിൽ സംസ്കരണം നടത്തുമ്പോൾ ചെലവ് 150 രൂപ ആയേക്കും. കിലോയ്ക്ക് 175 രൂപ നിരക്കിൽ 2 കിലോ പഴങ്ങളുടെ വില കൂടി കണക്കിലെടുത്താൽ ഒരു ടിന്നിന്റെ ആകെ ഉൽപാദനച്ചെലവ് 500 രൂപയാണ്. ഇത്രയധികം ചെലവുണ്ടെങ്കിലും കാനിങ് ആദായകരമാകുമെന്നതിൽ ബാബുവിന് ആശങ്കയില്ല. ഇറക്കുമതി ചെയ്ത കാന്‍ഡ് റംബുട്ടാൻ കിലോയ്ക്ക് 3000 രൂപ നിരക്കിൽ ഇവിടെ വിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാബു പൈനാടത്ത് ടിന്നിലടച്ച റംബുട്ടാനുമായി (Photo Arranged)
അടുത്ത വർഷം 1000 രൂപ നിരക്കിൽ കാൻഡ് റംബുട്ടാൻ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഒരു ലക്ഷം കാനുകളാണ് ലക്ഷ്യം. ബാബു ചെയർമാനായ കേരള റംബുട്ടാൻ ആൻഡ് മാങ്കോസ്റ്റിൻ ഫാർമേഴ്സ് അസോസിയേഷന്റെ അംഗങ്ങളിൽനിന്ന് ഇതിനാവശ്യമായ 2 ലക്ഷം കിലോ റംബുട്ടാൻ സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഉയർന്ന വില നേടാൻ മാത്രമല്ല, വലുപ്പം കുറഞ്ഞ കായ്കൾക്കു വിപണി കണ്ടെത്താനും ഈ രീതി ഉപകരിക്കുമെന്ന് ഹൈക്കോടതി അഭിഭാഷകനായ ബാബു ചൂണ്ടിക്കാട്ടുന്നു. ടൂറിസം കേന്ദ്രങ്ങളിലും മറ്റും വർഷം മുഴുവൻ കേരളത്തിന്റെ സ്വന്തം റംബുട്ടാൻ ലഭ്യമാക്കാനും കഴിയും. സ്വന്തം പ്രശ്നങ്ങൾക്ക് ഗവേഷകരെയോ ഉദ്യോഗസ്ഥരെയോ കാത്തിരിക്കാതെ മുന്നിട്ടിറങ്ങണമെന്നു തിരിച്ചറിയുന്ന ഇത്തരം കർഷകരാണ് കാലഘട്ടത്തിന്റെ ആവശ്യം. ഫോൺ: 9947364727 English Summary:
Rambutan canning is the innovative solution a Kerala farmer has developed to preserve the fruit for over a year, eliminating worries about spoilage and price drops. This value-addition process allows for off-season sales and competition with expensive imported products, promising huge profits for local growers. |
|