തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒറ്റ പ്രശ്നബാധിത ബൂത്തു പോലുമില്ലാതെ കോട്ടയം ജില്ല. ഇത്തരം ബൂത്തുകളുടെ എണ്ണത്തിൽ മുൻപന്തിയിൽ കണ്ണൂർ ജില്ലയും. 11നു വോട്ടെടുപ്പ് നടക്കുന്ന കണ്ണൂർ ജില്ലയിൽ 1025 ബൂത്തുകളാണ് പ്രശ്നബാധിതം. സംസ്ഥാനത്താകെ 2513 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഇന്നു വോട്ടെടുപ്പ് നടക്കുന്നവയിൽ കോട്ടയം ഒഴികെയുള്ള 6 ജില്ലകളിലായി 458 ബൂത്തുകളാണ് ഈ പട്ടികയിൽ.
- Also Read തദ്ദേശ തിരഞ്ഞെടുപ്പ്: പാതി കേരളം ഇന്ന് വിധിയെഴുതും; വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റി
പ്രശ്നബാധിത ബൂത്തുകളിലെല്ലാം വെബ്കാസ്റ്റിങ് ഏർപ്പെടുത്താൻ ഇത്തവണ ഐടി ക്യാമറകളാണ് ഉപയോഗിക്കുന്നതെന്ന സവിശേഷതയുണ്ട്. വോട്ടു ചെയ്യുന്നവരുടെ മുഖം ഉൾപ്പെടെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ ലഭിക്കും. കലക്ടറേറ്റുകളിലെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫിസിലെയും കൺട്രോൾ സെന്ററുകളിൽ ക്യാമറയിലെ ദൃശ്യങ്ങൾ അപ്പപ്പോൾ കാണാം. വൈദ്യുതി പോയാലും 5 മണിക്കൂർ വരെ പ്രവർത്തിക്കുന്ന ബാറ്ററി ബാക് അപ് ഉള്ളവയാണ് ക്യാമറകൾ. കെൽട്രോണിനു വേണ്ടി സംസ്ഥാന, ജില്ലാ അക്ഷയ സംരംഭങ്ങൾക്കാണ് ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ചുമതല.
ഇരട്ടവോട്ടിന് എത്തിയാൽ പിടിവീഴും
ഒരാളുടെ പേര് ഒന്നിലധികം വോട്ടർപട്ടികകളിലോ ഒരു വോട്ടർപട്ടികയിൽ തന്നെ ഒന്നിലധികം പ്രാവശ്യമോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്താവൂ. ഒന്നിലധികം വോട്ട് ചെയ്താൽ കർശന നിയമനടപടിയുണ്ടാകും. വോട്ടു ചെയ്യാനെത്താത്തവരുടെയും മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആൾമാറാട്ടത്തിലൂടെ രേഖപ്പെടുത്താൻ എത്തിയാലും നടപടിയെടുക്കും. ഇവരെ പൊലീസിനു കൈമാറും. ഒരു വർഷം വരെ തടവും പിഴയുമാണ് ശിക്ഷ.
എ.ഷാജഹാൻ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ English Summary:
Kerala Local Body Election: Kerala election news focuses on problematic booths. Kottayam district has zero problematic booths, while Kannur has the highest number. Webcasting with IT cameras ensures clear monitoring of the election process. |
|