ചെന്നൈ ∙ വെള്ളപ്പൊക്ക ദുരന്തത്തിൽ നിന്ന് നഗരത്തെ കരകയറ്റിയത് ഗിണ്ടി റേസ് കോഴ്സ് ഭൂമിയിൽ സർക്കാർ നിർമിച്ച കുളങ്ങൾ. ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയിൽ ഒഴുകിയെത്തിയ വെള്ളം റേസ് കോഴ്സ് ഭൂമിയിലെ കുളങ്ങളിലേക്കു തിരിച്ചുവിട്ടതോടെയാണു നഗരത്തിന്റെ പ്രധാന ഭാഗങ്ങളടക്കം വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷപ്പെട്ടു. പതിവായി വെള്ളക്കെട്ടു രൂപപ്പെടുന്ന സെയ്ദാപെട്ട്, ഗിണ്ടി, മധുവൻകര, ഫൈവ് ഫർലോങ് റോഡ്, വേളാച്ചേരി മേഖലകളിൽ ഇത്തവണ ദുരിതമുണ്ടായില്ലെന്ന് പ്രദേശവാസികളും പറയുന്നു. 12 ഏക്കർ വിസ്തീർണത്തിൽ നിർമിച്ച 6 കുളങ്ങളിൽ 28.75 കോടി ലീറ്റർ വെള്ളം ശേഖരിച്ചതായി അധികൃതർ പറഞ്ഞു.
നൂറ്റാണ്ടുകളുടെ കുതിരയോട്ട ചരിത്രം
രണ്ടര നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ചെന്നൈ റേസ്കോഴ്സ് ഭൂമി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സർക്കാർ ഏറ്റെടുത്തത്. റേസ് ക്ലബ്ബിന്റെ കൈവശമുണ്ടായിരുന്ന ഗിണ്ടിയിലെ 148 ഏക്കർ സ്ഥലത്തിന്റെ വാടകക്കരാർ റദ്ദാക്കുകയും ചെയ്തു. 730 കോടിയോളം രൂപയാണ് വാടക കുടിശികയിനത്തിൽ റേസ് ക്ലബ് നൽകാനുണ്ടായിരുന്നത്. കുതിരപ്പന്തയം, കായിക മത്സരങ്ങൾ തുടങ്ങിയവയ്ക്ക് 1946ലാണ് 160.86 ഏക്കർ സ്ഥലം മദ്രാസ് റേസ് ക്ലബ്ബിന് വാടകയ്ക്കു നൽകിയത്. ഇതിൽ 4.90 ഏക്കർ പിന്നീട് നീന്തൽ സമുച്ചയത്തിനും 8 ഏക്കറോളം സ്ഥലം മറ്റാവശ്യങ്ങൾക്കും നൽകിയിരുന്നു.1777ൽ ആരംഭിച്ച റേസ് കോഴ്സ് രാജ്യത്തെ പ്രധാന കുതിരപ്പന്തയ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. 1837ൽ മദ്രാസ് റേസ് ക്ലബ്ബിന്റെ സ്ഥാപനത്തോടെ ഇത് കുതിരപ്പന്തയത്തിന്റെ സ്ഥിരം കേന്ദ്രമായി. 1887ൽ മദ്രാസ് ജിംഖാന ക്ലബ്ബിന്റെ ഗോൾഫ് കോഴ്സും ഇവിടെ ആരംഭിച്ചു. 1974ൽ സംസ്ഥാന സർക്കാർ കുതിരപ്പന്തയം നിരോധിച്ചെങ്കിലും കുതിരപ്പന്തയം ചൂതാട്ടത്തിന്റെ പരിധിയിൽ വരില്ലെന്നും കായിക വിനോദമായി കണക്കാക്കണമെന്നുമുള്ള സുപ്രീം കോടതി ഉത്തരവ് തുണയായി.
വെള്ളപ്പൊക്കം നിയന്ത്രിക്കും; ശുദ്ധജലമേകും
റേസ് കോഴ്സും ഗോൾഫ് കോഴ്സും നിലനിന്നിരുന്ന സ്ഥലത്ത് പാർക്കും മഴവെള്ള സംഭരണത്തിന് 4 കുളങ്ങളും നിർമിക്കാനാണ് കോർപറേഷൻ പദ്ധതിയിട്ടത്. പ്രദേശത്ത് നിലനിന്നിരുന്ന 2 കുളങ്ങളുടെ നവീകരണവും നടത്തി. 6 കുളങ്ങളിലുമായി 13 ദശലക്ഷം ലീറ്റർ ജലം ശേഖരിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. തെക്കൻ ചെന്നൈയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്ന തരത്തിൽ ഭൂഗർഭ ജലനിരപ്പ് ഉയർത്തുന്നതിനും മഴക്കാലത്ത് പ്രദേശത്തുണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാനും ലക്ഷ്യമിട്ടാണ് കുളങ്ങളുടെ നിർമാണം. റേസ് കോഴ്സിനു ചുറ്റുമുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന ഏകദേശം 5 ലക്ഷത്തോളം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഇക്കോ പാർക്കും വരുന്നു
കുളങ്ങൾക്കു നീക്കിവച്ച സ്ഥലത്തിനു ചുറ്റുമുള്ള 118 ഏക്കറോളം സ്ഥലം ഇക്കോ പാർക്കായി വികസിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.ഇത് വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്ന് നഗരത്തിന് ആശ്വാസമേകുമെന്നു കോർപറേഷൻ അധികൃതർ പറഞ്ഞു. 25 കോടി രൂപ ചെലവിട്ട് തമിഴ്നാട് ഹോർട്ടികൾചർ വകുപ്പാണ് ഇക്കോ പാർക്ക് വികസിപ്പിക്കുന്നത്.ജൈവ വൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് അപൂർവ സസ്യങ്ങളടക്കം വച്ചുപിടിപ്പിക്കുന്ന നടപടികളും ആരംഭിച്ചുകഴിഞ്ഞു. വിശ്രമത്തിനും വിനോദത്തിനുമുള്ള സൗകര്യങ്ങളും പാർക്കിനോട് അനുബന്ധിച്ച് ഒരുക്കുന്നുണ്ട്. English Summary:
Chennai floods were effectively managed due to the Guindy Race Course reservoirs. These reservoirs helped to mitigate the impact of heavy rains by storing excess water, thereby reducing flooding in key areas. |
|