തിരുവനന്തപുരം ∙ നിശ്ചയിച്ച ‘പുറത്താക്കൽ’ ഒരു ദിവസം വൈകി എന്നതൊഴിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിക്കാൻ കോൺഗ്രസിൽ ആരുമുണ്ടായില്ല. ലഭിച്ച പരാതികൾ പൊലീസിനു കൈമാറി ആർജവത്തോടെ നീങ്ങാൻ സമാന പ്രശ്നങ്ങളിൽ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ടോയെന്ന് എതിരാളികളോട് അതുകൊണ്ടു കൂടിയാണു പാർട്ടി ചോദിക്കുന്നത്.
കെപിസിസി പ്രസിഡന്റിനു ലഭിച്ച പരാതി കയ്യോടെ പൊലീസിനു കൈമാറിയതോടെ തന്നെ രാഹുലിനുള്ള പാർട്ടിയുടെ സന്ദേശം വ്യക്തമായിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരും മുൻപു പുറത്താക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയും മുൻ കെപിസിസി പ്രസിഡന്റുമാരും പാർട്ടിയോട് ആവശ്യപ്പെട്ടത്. ജാമ്യം അനുവദിച്ചാലും പാർട്ടി തീരുമാനം മാറുമായിരുന്നില്ലെന്നാണ് നേതാക്കൾ പറയുന്നത്.
എംഎൽഎയായ നേതാവിനെ പുറത്താക്കാൻ ആവശ്യമായ എഐസിസി അനുമതി നേരത്തേ തേടിയതും വാർത്തക്കുറിപ്പ് തയാറാക്കിവച്ചതും ആ സൂചന നൽകുന്നു. ജാമ്യാപേക്ഷ നിരസിച്ചതിന്റെ പേരിലല്ല പുറത്താക്കലെന്നു വ്യക്തമാക്കാനും നേതാക്കൾ ശ്രദ്ധിച്ചു. രണ്ടാമത്തെ പരാതി ലഭിക്കുകയും കേസുകൾ റജിസ്റ്റർ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണു നടപടിയെന്നാണ് അവർ വിശദീകരിച്ചത്.
‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
MORE PREMIUM STORIES
രേഖാമൂലമുള്ള പരാതികളുടെ അടിസ്ഥാനത്തിൽ അല്ല രാഹുലിനെതിരെ ആദ്യ രണ്ടുഘട്ട നടപടിയും കോൺഗ്രസ് സ്വീകരിച്ചത്. ഒടുവിൽ പരാതി ലഭിച്ച ഉടനെ അത് നിയമസംവിധാനത്തിനു കൈമാറുകയും ചെയ്തു. ലൈംഗികാതിക്രമ പരാതികൾ പൊലീസിനു കൈമാറാതെ മിക്കപ്പോഴും പാർട്ടിക്കകത്ത് കൈകാര്യം ചെയ്യുന്ന സിപിഎമ്മിന്റെ സമ്പ്രദായം ശരിയോയെന്ന ചോദ്യം ഉന്നയിക്കുക കൂടിയാണ് കോൺഗ്രസ് ചെയ്തത്. രാഹുലിനെപ്പോലെ തന്നെ നിയമസഭാംഗമായ മുകേഷിനെതിരെ പിണറായി സർക്കാരിന്റെ തന്നെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടും പരസ്യമായി തള്ളിപ്പറയാൻ പോലും പാർട്ടി തയാറായിട്ടില്ല. രാജി ആവശ്യപ്പെടണമെന്ന് സിപിഎമ്മിന്റെയും സിപിഐയുടെയും ഉന്നതരായ വനിതാ നേതാക്കൾ അഭിപ്രായപ്പെട്ടെങ്കിലും ഗൗനിക്കാതെ അദ്ദേഹത്തിനു നൽകി വരുന്ന സംരക്ഷണം വീണ്ടും ചർച്ചയാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കൊല്ലത്ത് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ വേണ്ടിയാണ് ഈ നിലപാട് പാർട്ടി എടുത്തതെന്ന സൂചനയാണ് സിപിഎം കേന്ദ്രങ്ങൾ നൽകുന്നത്.
രാഹുലിനെതിരെ പരാതി ഉയർന്ന ഘട്ടം മുതൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിലപാടിനു കൂടിയാണ് പുറത്താക്കൽ തീരുമാനം ബലം പകരുന്നത്. സസ്പെൻഡ് ചെയ്ത സമയത്ത് എംഎൽഎ സ്ഥാനത്തുനിന്നുള്ള രാജി ചോദിച്ചു വാങ്ങണമെന്ന അഭിപ്രായത്തിലായിരുന്നു സതീശൻ. പാർട്ടിയിൽനിന്ന് അപ്പോൾ പുറത്താക്കണമെന്ന അഭിപ്രായക്കാരനായിരുന്നു പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കു പരാതി ലഭിക്കുകയും രാഹുൽ ഒളിവിൽപോകുകയും ചെയ്തതോടെ പാർട്ടി സംരക്ഷണം അരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും നിർദേശിച്ചു.
എംഎൽഎ സ്ഥാനം രാജി വയ്പ്പിക്കാനും സമ്മർദം
എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജി ചോദിച്ചു വാങ്ങാനുള്ള സാധ്യത നേതാക്കൾ തള്ളുന്നില്ല. രാജിവയ്ക്കുകയാകും ഉചിതമെന്ന് കെപിസിസി പ്രസിഡന്റ് തന്നെ അഭിപ്രായപ്പെട്ടത് നേതൃത്വത്തിന്റെ ഉള്ളിലിരിപ്പാണ് വ്യക്തമാക്കുന്നത്. പ്രശ്നം തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാധ്യതകളെ ബാധിക്കുമെന്നു നേതാക്കൾ കരുതുന്നില്ല; പക്ഷേ ശബരിമല സ്വർണക്കവർച്ച അടക്കം ചൂണ്ടിക്കാട്ടിയുള്ള യുഡിഎഫിന്റെ പ്രചാരണത്തെ ബാധിച്ചെന്ന് സമ്മതിക്കുകയും ചെയ്യുന്നു. English Summary:
Rahul Mamkootathil Expelled: Rahul Mamkootathil\“s expulsion from the Congress party was a swift and decisive action taken immediately after a formal complaint was handed to the police. The party is now leveraging this move to challenge the political integrity of the CPIM, highlighting their different approach to similar allegations against their own MLAs.