ഇന്ത്യക്കാരായ പ്രവാസികളിൽ ചുരുക്കം ചിലരുടെ അതിരുവിട്ട പ്രവൃത്തികൾ മറ്റുള്ളവർക്ക് പ്രശ്നമുണ്ടാക്കുന്നു. കുടിയേറിയ രാജ്യങ്ങളിൽ ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കുമെതിരെ വികാരമുയരാനും അതു കാരണമാകുന്നു. ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനും രാജ്യത്തിന്റെ വികസനത്തിനും അതു വിലങ്ങുതടിയാകാം
- Also Read ‘സുഹൃത്തു വഴി ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ചു; കഴിച്ചെന്ന് രാഹുൽ വിഡിയോ കോളിൽ ഉറപ്പിച്ചു, ഗുരുതര രക്തസ്രാവമുണ്ടായി’
ഇന്ത്യൻ വംശജയായ ആറു വയസ്സുകാരിക്ക് അയർലൻഡിലെ തന്റെ സഹപാഠികളിൽനിന്ന് ഈയിടെ ശാരീരികാക്രമണം ഉണ്ടായത് ‘നിന്റെ രാജ്യത്തേക്കു മടങ്ങിപ്പോ’ എന്ന ആക്രോശത്തോടെയാണ്. മറ്റൊരു ഒൻപതു വയസ്സുകാരനും ഇതേ അനുഭവമുണ്ടായി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യക്കാരായ വിനോദസഞ്ചാരികളെക്കുറിച്ചും പ്രവാസികളെക്കുറിച്ചുമുള്ള വെറുപ്പേറിയ ചർച്ചകൾ സജീവം. അവരിൽ ചിലരുടെ, സാമൂഹിക അവബോധമോ സാമാന്യമര്യാദയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത പെരുമാറ്റവും ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന അപലപനീയ പ്രവൃത്തികളും വിദേശങ്ങളിലെ പൊതുരീതികളെയും അവിടുള്ളവരുടെ സ്വൈരജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ അവരിൽനിന്നു ശക്തമായ പ്രതിഷേധവും ഉയരുന്നു.
- Also Read ശബരിമലയിൽ വഴിപാടിനുള്ള തേൻ ആസിഡ് കന്നാസിൽ; കരാറുകാരന് നോട്ടിസ്, ഗുരുതര വീഴ്ചയെന്ന് ദേവസ്വം വിജിലൻസ്
കഴിഞ്ഞ കുറെ വർഷങ്ങളായി അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലേക്കു വിദ്യാഭ്യാസവും തൊഴിലും തേടി കുടിയേറുന്ന ഇന്ത്യൻ യുവതയുടെ എണ്ണം പലമടങ്ങു വർധിച്ചിട്ടുണ്ട്. രാജ്യാന്തര കുടിയേറ്റം സാമൂഹികപദവിയും അന്തസ്സും വർധിപ്പിക്കുന്ന പ്രക്രിയയായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, കുടിയേറിയ രാജ്യങ്ങളിൽ അനുഭവിക്കുന്ന വംശീയവിവേചനത്തിനും അപരവത്കരണത്തിനും അന്യഥാബോധത്തിനും ഒപ്പം നാട്ടിലേക്കു തിരികെ വിളിക്കുന്ന ഗൃഹാതുരത്വവും അനുഭവിച്ചു ജീവിക്കുന്നവരാണ് ആഗോള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലു തന്നെയായ പ്രവാസികളിലധികവും.
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
- വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
ലോകത്തിന്റെ എല്ലാ കോണിലേക്കും പ്രവാസികളെ സംഭാവന ചെയ്യുന്ന ഇന്ത്യ പക്ഷേ, ഇപ്പോൾ ‘വൈറൽ’ ആകുന്നത് ഇവിടെനിന്നു പോയവർ ഓസ്ട്രിയൻ തെരുവിൽ മുതൽ ദുബായ് ബുർജ് ഖലീഫയുടെ മുകളിൽ വരെ കൂട്ടം കൂടി നൃത്തം ചെയ്യുന്നതും കാനഡയിൽ പൊതുറോഡിൽ പാർട്ടി നടത്തുന്നതും ലണ്ടൻ മെട്രോയിലും പാരിസിലും ഉച്ചത്തിൽ പാട്ടുപാടുന്നതും തായ്‌ലൻഡിലെ ബീച്ചിൽ മദ്യപിച്ച് കുപ്പികൾ വലിച്ചെറിഞ്ഞു കിടന്നുറങ്ങുന്നതും അമേരിക്കയിലെ നടവഴികളിൽ പപ്പടം ഉണക്കുന്നതും പ്രധാന വിനോദ സഞ്ചാര മേഖലകളിലൂടെ നടന്നു പോകുന്നവരെ തള്ളിയും ഇടിച്ചും വിഡിയോ റീൽസ് എടുക്കുന്നതുമെല്ലാം പ്രചരിപ്പിക്കപ്പെടുന്നതിലൂടെയാണെന്നു മാത്രം! ഡോ. നിയതി ആർ. കൃഷ്ണ
വൃത്തിയില്ലാതെ പെരുമാറുക, മാലിന്യം വലിച്ചെറിയുക, പൊതുനിരത്തിൽ തുപ്പുക, ക്യൂ തെറ്റിക്കുക, ആഘോഷങ്ങളുടെ പേരിൽ പരിസര-ശബ്‌ദ മലിനീകരണം നടത്തുക തുടങ്ങി ഗാർഹിക അതിക്രമവും സ്ത്രീപീഡനവും വരെ ആരോപണങ്ങളായുണ്ട്. കുറച്ചുപേരുടെ മോശം പ്രവൃത്തികളിലൂടെ, മുഴുവൻ പ്രവാസികളും പ്രതിക്കൂട്ടിലാകുന്നു. അതുവഴി, കാലാകാലങ്ങളായി നിലനിൽക്കുന്ന വംശവെറിക്ക് അപകടകരമായ സ്വീകാര്യതയും ന്യായീകരണവും ലഭിക്കുന്നു.
അതേസമയം ഇന്ത്യയിലാണെങ്കിലോ, പൊതുനിരത്ത്, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ, കെട്ടിടങ്ങൾ, പ്രതിമകൾ തുടങ്ങി മെട്രോ സ്റ്റേഷൻ തൂണുകൾ വരെ മലിനമാക്കുന്ന ചിലർ ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികൾക്ക് അമ്പരപ്പ് സമ്മാനിക്കുന്നു. സ്ഥലകാല വ്യത്യാസം മൂലമുണ്ടാകുന്ന സാംസ്കാരിക ആഘാതമല്ല, ചിലരിൽ നിലനിൽക്കുന്ന പെരുമാറ്റവൈകല്യമാണ് ഈ പ്രവൃത്തികൾക്കു പിന്നിലെന്നു സാരം! ഇന്ത്യയിൽ ലൈംഗിക അതിക്രമത്തിനു വിധേയരാകുന്ന വനിതാ വിനോദ സഞ്ചാരികളുടെ എണ്ണം പ്രതിദിനം വർധിക്കുന്നു. കൂട്ടിവായിക്കുമ്പോൾ, ഇത് ഒരു ജനതയുടെ മുഴുവൻ സ്വഭാവമായി മുദ്രകുത്തപ്പെടുന്നു.
ഇന്ത്യക്കാരെക്കുറിച്ചുള്ള ഇത്തരം വാർപ്പുമാതൃകകൾ വർധിച്ച വംശീയവിദ്വേഷത്തിനു കാരണമാകുമ്പോൾ, രാജ്യത്തിന്റെ വികസനത്തെപ്പോലും പ്രതികൂലമായി ബാധിക്കാൻ കെൽപുള്ള കർശനമായ കുടിയേറ്റ നിയമങ്ങളാകും പരിണതഫലം. ഇന്ത്യൻ പ്രവാസികൾ ഏറെയുള്ള രാജ്യങ്ങളിലെ തദ്ദേശവാസികൾ കുടിയേറ്റത്തിനെതിരായ പ്രക്ഷോഭങ്ങൾ നയിക്കാനും കുടിയേറ്റത്തിനു വിലങ്ങിടുന്ന ഭരണാധികാരികളെ തിരഞ്ഞെടുക്കാനും തയാറാകുന്നു. അത് അവിടങ്ങളിൽ നിലവിലുള്ളവരുടെ വീസ പുതുക്കലിലും ഭാവിയിൽ കുടിയേറുന്നവരുടെ വീസ അനുമതിയിലും പൗരത്വ നിയമങ്ങളിലും കാർക്കശ്യവും നിയന്ത്രണവും വർധിക്കാൻ ഇടയാക്കും; സമസ്തമേഖലകളിലും ഇതിന്റെ പ്രത്യാഘാതമുണ്ടാകും.
വൈകാരിക സമീപനത്തിനു പകരം, വിമർശനപരമായ ആത്മപരിശോധനയോടെ ഈ പ്രതിസന്ധിയെ തിരിച്ചറിയുകയും സാംസ്കാരിക വ്യത്യാസങ്ങളെ ബഹുമാനിക്കാൻ പഠിക്കുകയും വേണം. ചെറുപ്പം മുതലേ കുട്ടികളിൽ പൗരബോധവും സാമൂഹികമൂല്യങ്ങളും വളർത്തിയെടുക്കാനുള്ള പദ്ധതികൾ അത്യാവശ്യമാണ്. മാറിയ ലോകത്തിനനുസരിച്ചുള്ള മര്യാദരീതികൾ, പൊതുവിടങ്ങളിലെ മാന്യമായ പെരുമാറ്റം, പരിധികൾ നിലനിർത്തിയും പരസ്പര ബഹുമാനത്തോടെയുമുള്ള ഇടപെടലുകൾ തുടങ്ങിയവ നിത്യജീവിതത്തിൽ പരിശീലിച്ചാലേ വിദേശത്തും സ്വദേശത്തും ആരോഗ്യകരമായ സാമൂഹികജീവിതം സാധ്യമാവുകയുള്ളൂ. ലോകം ഒരു കുടക്കീഴിലാകുമ്പോൾ ആരും മഴയും വെയിലും കൊള്ളേണ്ടതില്ലല്ലോ!
(ചണ്ഡിഗഡിലെ രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റിൽ അസിസ്റ്റന്റ് പ്രഫസറാണ് ലേഖിക) English Summary:
The Impact of NRI Behavior on International Relations: Indian diaspora behavior is a critical issue affecting the reputation of Indians abroad. Some NRIs\“ actions lead to resentment and can impact tourism and development. It\“s essential to promote cultural sensitivity and responsible behavior among overseas Indians. |
|