അടിമാലി ∙ ആകാശ ഭക്ഷണശാലയിൽ കുടുങ്ങിയവരെ രക്ഷിച്ച അഗ്നിരക്ഷാസേനാംഗങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി. മൂന്നാർ അഗ്നിരക്ഷാസേനാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ ടി.അജയകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ സി.ജെ.മനോജ്, വിപിൻ രാജ്, റിജിൻ ദാസ്, അർജുൻ ടി.സോമൻ, ആർ.രാഹുൽ, ബിനീഷ് ഗോപി എന്നിവരാണു രക്ഷാദൗത്യം പൂർത്തീകരിച്ചത്. അടിമാലി, ഇടുക്കി അഗ്നിരക്ഷാസേനാ യൂണിറ്റ് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.ഏറ്റവുമാദ്യം തൗഫീനയെ ആണു കയർ വഴി താഴെയെത്തിച്ചത്. പിന്നീട് അജയകുമാർ, കുട്ടികളെ ശരീരത്തിൽ വച്ചുകെട്ടി ഇറങ്ങി. പിന്നീടു സഫ്‌വാൻ, ഹരിപ്രിയ എന്നിവരെയും താഴെയെത്തിച്ചു. രക്ഷാദൗത്യം ഒന്നര മണിക്കൂർ നീണ്ടു. വൈകിട്ട് അഞ്ചോടെയാണു ദൗത്യം അവസാനിച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ
ഇടുക്കി പള്ളിവാസലിൽ സ്കൈ ഡൈനിങ്ങ് ഹൈഡ്രോളിക് ലിഫ്റ്റിന്റെ പ്ലാറ്റ്ഫോമിൽ കുടുങ്ങിയവരെ സുരക്ഷിതരായി താഴെയിറക്കാൻ സാധിച്ചു എന്നത് ആശ്വാസകരമായ കാര്യമാണ്. രണ്ട് കുട്ടികൾ അടക്കമുള്ള കുടുംബവും സ്കൈ ഡൈനിങ് സ്ഥാപനത്തിലെ ഒരു ജീവനക്കാരിയുമാണ് പ്ലാറ്റ്ഫോമിൽ കുടുങ്ങിയത്. 125 അടി ഉയരത്തിൽ നിലച്ച പ്ലാറ്റ്ഫോമിലേക്ക് സേഫ്റ്റി ഹാർനെസും റോപ്പും ഉപയോഗിച്ച് കയറിയാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷാദൗത്യം വിജയകരമാക്കിയത്. അടിമാലി, മൂന്നാർ, ഇടുക്കി നിലയങ്ങളിൽ നിന്നെത്തിയ സേനാംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. രക്ഷാദൗത്യത്തിൽ പങ്കാളികളായ മൂന്നാർ നിലയത്തിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ പ്രത്യേക പ്രശംസ അർഹിക്കുന്നു. മണിക്കൂറുകൾ നീണ്ടുനിന്ന അത്യന്തം ബുദ്ധിമുട്ടുള്ള ദൗത്യം വിജയിപ്പിച്ച ഫയർഫോഴ്സ് സേനയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയത് കുട്ടികൾ ഉൾപ്പെടെ 5 പേർ
അടിമാലി∙ മൂന്നാറിനു സമീപം ആനച്ചാലിൽ പ്രവർത്തിക്കുന്ന സ്കൈ ഡൈനിങ്ങിൽ (ആകാശ ഭക്ഷണശാല) 2 കുട്ടികൾ ഉൾപ്പെടെ നാലംഗ കുടുംബവും ജീവനക്കാരിയും കുടുങ്ങി. അനിശ്ചിതത്വം നിറഞ്ഞ മൂന്നര മണിക്കൂറിനുശേഷം അഗ്നിരക്ഷാസംഘമെത്തി രക്ഷിച്ചു. 120 അടി ഉയരത്തിലാണ് ഇവർ കുടുങ്ങിയത്. മംഗളൂരുവിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ മുഹമ്മദ് സഫ്‌വാൻ, ഭാര്യ തൗഫീന, മക്കളായ ഇവാൻ (6), ഇനാറ (3), ജീവനക്കാരി ഹരിപ്രിയ എന്നിവർ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണു അപകടത്തിൽപ്പെട്ടത്. ഡൈനിങ് കാബിൻ ഉയർത്തുന്ന ക്രെയ്നിന്റെ സെൻസർ തകരാറായതാണു പ്രശ്നമായത്. തകരാർ പരിഹരിക്കാമെന്ന ആത്മവിശ്വാസത്തിൽ ആദ്യഘട്ടത്തിൽ അഗ്നിരക്ഷാസേനയെയോ പൊലീസിനെയോ ജീവനക്കാർ വിവരമറിയിച്ചില്ല.
ഒരു മണിക്കൂറിനുശേഷം നാട്ടുകാരാണു ദേവികുളം സബ് കലക്ടറെ വിവരമറിയിച്ചത്.തുടർന്ന് അഗ്നിരക്ഷാസേനാ അസി. സ്റ്റേഷൻ ഓഫിസർ ടി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം സ്ഥലത്തെത്തി ഡൈനിങ് സംവിധാനത്തിൽ നിന്നു താഴേക്ക് കിടന്നിരുന്ന കയർ ഉപയോഗിച്ച് മുകളിലെത്തുകയും ഓരോരുത്തരെയായി താഴെയെത്തിക്കുകയുമായിരുന്നു. രക്ഷാദൗത്യം ഒന്നര മണിക്കൂർ നീണ്ടു.
English Summary:
Idukki Sky Dining rescue operation successfully saved a family, including two children, and a staff member trapped on a hydraulic lift platform. The fire force team demonstrated exceptional skill and bravery in the challenging rescue at Pallyvasal, Idukki. This incident highlights the importance of safety measures in adventure tourism activities. |
|