LHC0088 • 3 hour(s) ago • views 712
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോൾ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത് പെരുമാറ്റച്ചട്ട ലംഘനമാകുമോ? അടുത്ത ഭരണസമിതി വരുന്നതിന് മുൻപ് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തില്ലെങ്കിൽ പുലിവാലാകുമോ? ആനാട് പഞ്ചായത്ത് അധികൃതർക്കുണ്ടായ സംശയം ന്യായം. തിരഞ്ഞെടുപ്പു കാലത്തെ പെരുമാറ്റച്ചട്ട ലംഘനങ്ങൾ പരിശോധിക്കാനുള്ള സ്ക്വാഡിനെ പഞ്ചായത്ത് അധികൃതർ വിവരം അറിയിച്ചു.ഗുണഭോക്താക്കളെ നേരത്തെ തിരഞ്ഞെടുത്തിട്ടുള്ളതിനാൽ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനു തടസ്സമില്ലെന്ന് സ്ക്വാഡ് മറുപടി നൽകി.
രാഷ്ട്രീയ ഇടപെടൽ ഇല്ലാതെ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യണമെന്ന കർശന നിബന്ധനയോടെയാണ് അനുമതി നൽകിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇത്തരത്തിൽ ഒട്ടേറെ സംശയങ്ങൾക്കാണു ചട്ട ലംഘനം കണ്ടെത്തേണ്ട സ്ക്വാഡ് മറുപടി നൽകുന്നത്.അടുത്ത മാസം മൂന്നിന് ശംഖുമുഖം തീരത്ത് നടത്തുന്ന നേവി ദിനാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളെയും പെരുമാറ്റ ചട്ടം ബാധിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായി സിസിടിവി, എൽഇഡി വാൾ, ലൈറ്റുകൾ എന്നിവ സ്ഥാപിക്കാൻ അനുമതി തേടി സ്ക്വാഡിനെ സമീപിച്ചത് പൊതുമരാമത്ത് വകുപ്പാണ്. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ പൊതുമരാമത്ത് വകുപ്പിന് അനുമതി നൽകി.
ജീവനക്കാരുടെ നിയമനത്തിന് മുൻ നിശ്ചയിച്ച തീയതിയിൽ അഭിമുഖം നടത്താമോ എന്നായിരുന്നു പേരൂർക്കട ജില്ലാ ആശുപത്രി അധികൃതരുടെ സംശയം. പെരുമാറ്റ ചട്ടം അവസാനിക്കുന്നതു വരെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കരുതെന്ന നിർദേശത്തോടെ അഭിമുഖം നടത്താൻ അനുമതി നൽകി.ചട്ടം ലംഘിച്ച് അനധികൃതമായി സ്ഥാപിച്ചിരുന്ന 630 പ്രചാരണ ബോർഡുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ക്വാഡ് നീക്കം ചെയ്തു. ബോർഡ് നീക്കുന്നതിന്റെ ചെലവ് അതതു സ്ഥാനാർഥിയുടെ പ്രചാരണ ചെലവിൽ ഉൾകൊള്ളിക്കുമെന്നതിനാൽ ഇക്കുറി അനധികൃത ബോർഡുകൾ കുറവാണെന്നാണ് വിവരം. ഗ്രാമപ്പഞ്ചായത്തിൽ സ്ഥാനാർഥിക്ക് പ്രചാരണത്തിനായി ചെലവാക്കാവുന്ന പരമാവധി തുക 25,000 രൂപയാണ്.
ജൂനിയർ സൂപ്രണ്ട് കെ.ചന്ദ്രകുമാറാണ് ജില്ലയിൽ സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. താലൂക്ക് തലത്തിലും സ്ക്വാഡുകൾ പ്രവർത്തിക്കുന്നു. തിരുവനന്തപുരം താലൂക്കിൽ കാർഷിക കോളജ് ഡപ്യൂട്ടി ഡയറക്ടർ നിസാമുദ്ദീൻ, നെയ്യാറ്റിൻകരയിൽ ഓഡിറ്റ് ഓഫിസർ കെ. ബിജു, നെടുമങ്ങാട്ട് കാര്യവട്ടം ഗവ കോളജ് അസിസ്റ്റന്റ് പ്രഫ. ഡോ. എൻ. നിഷാദ്, ചിറയിൻകീഴിൽ ജിഎസ്ടി ഓഫിസ് ഓഡിറ്റ് ഓഫിസർ എസ്. നൗഷാദ്, വർക്കലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ട് ആർ. ദിലീപ് കുമാർ, കാട്ടാക്കടയിൽ ചാല എച്ച്എസ്എസ് അധ്യാപകൻ െജ.ജെ.ക്രിസ്തുദാസ് എന്നിവർ സ്ക്വാഡിന് നേതൃത്വം നൽകുന്നു. English Summary:
Election code of conduct is the main focus here. This article discusses the queries and actions taken by election squads in Thiruvananthapuram regarding violations of the election code of conduct during local elections, including the distribution of chickens and preparations for Navy Day celebrations. |
|