കൊച്ചി ∙ സംസ്ഥാനത്തെ ‘സൂപ്പർ സ്റ്റാർ’ നഗരസഭകളാണു തൃക്കാക്കരയും കളമശേരിയും മരടും. 144.23 കോടി രൂപ! ഞെട്ടരുത്, തൃക്കാക്കര നഗരസഭയുടെ വരുമാനക്കണക്കാണിത്; നീട്ടി എഴുതിയാൽ 144,23,41,819 രൂപ. കേരളത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള നഗരസഭയും തൃക്കാക്കര തന്നെ. ജില്ലയിലെ രണ്ടാമൻ കളമശേരിയാണ്; 103,65,81,189 രൂപ. 50 കോടി രൂപ വരുമാനവുമായി മരട് നഗരസഭ മൂന്നാമത്. ജില്ലയിലെ തന്നെ ചില നഗരസഭകൾ മാസാവസാനം ജീവനക്കാർക്കു ശമ്പളം കൊടുക്കാൻ പണമില്ലാത്ത വലയുമ്പോഴാണു തൃക്കാക്കര – കളമശേരി – മരട് നഗരസഭകളിലെ പണമൊഴുക്ക്.
കൈ നിറയെ കാശുണ്ട്..
ഇൻഫോപാർക്ക്, സ്മാർട് സിറ്റി, കൊച്ചി പ്രത്യേക സാമ്പത്തിക മേഖല, ബഹുനില പാർപ്പിട സമുച്ചയങ്ങൾ.... സംസ്ഥാനത്തിന്റെ തന്നെ ഐടി ഹബ് ഉൾക്കൊള്ളുന്ന നഗരസഭ. ഇട്ടു മൂടാൻ വരുമാനമുണ്ട്; പക്ഷേ, അനുഭവിക്കാൻ യോഗമില്ല എന്ന പഴഞ്ചൊല്ലു പോലെയാണു തൃക്കാക്കരയുടെ അവസ്ഥ. ഈ വർഷം അവതരിപ്പിച്ച ബജറ്റിൽ 187,97,72,658 രൂപയാണു വരുമാന പ്രതീക്ഷ. ഇതനുസരിച്ചുള്ള വമ്പൻ വികസന പദ്ധതികളൊക്കെ ബജറ്റിൽ ഉൾപ്പെടുത്തിയെങ്കിലും സാങ്കേതിക തടസ്സങ്ങളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പ്രതിസന്ധി സൃഷ്ടിച്ചു. കോടികൾ ബാങ്ക് അക്കൗണ്ടിൽ കെട്ടിക്കിടക്കുമ്പോഴും എടുത്തു പറയാവുന്ന പദ്ധതികൾ നടപ്പാക്കാൻ കാലാകാലങ്ങളിൽ നഗരസഭ ഭരിച്ചവർക്കു കഴിഞ്ഞിട്ടില്ലെന്ന പരിഭവം നാട്ടുകാർക്കുണ്ട്.
തൃക്കാക്കരയുടെ പ്രധാന വരുമാന മാർഗം കെട്ടിട നികുതിയും തൊഴിൽ നികുതിയുമാണ്. ലക്ഷങ്ങളാണു ദിവസവും നഗരസഭയുടെ അക്കൗണ്ടിലെത്തുന്നത്. നഗരസഭയായി ഉയർത്തിയിട്ടും പഞ്ചായത്തായിരുന്ന കാലത്തെ ജീവനക്കാർ മാത്രമേ ഇപ്പോഴുമുള്ളൂ. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നു ദിവസക്കൂലിക്കു താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് ഓഫിസ് നിർവഹണം. കാശ് ഇഷ്ടംപോലെയുണ്ടെങ്കിലും നഗരസഭയ്ക്ക് ആസ്ഥാന മന്ദിരം, ബസ് ടെർമിനൽ, പഴങ്ങാട്ടുചാൽ ടൂറിസം പദ്ധതി ഉൾപ്പെടെ വൻ പദ്ധതികൾ യാഥാർഥ്യമാകാൻ ബാക്കിയാണ്.
തെളിയണം, നക്ഷത്ര വിളക്കുകൾ
കളമശേരിയുടെ 2025– 26 ലെ ബജറ്റ് പ്രതീക്ഷിക്കുന്ന വരുമാനം 150 കോടിക്കും മുകളിലാണ്; 164,62, 59,068 രൂപ. ലുലു മാളും വമ്പൻ വ്യാപാര സ്ഥാപനങ്ങളുമൊക്കെയാണു കളമശേരി നഗരസഭയുടെ കീശ നിറയ്ക്കുന്നത്. കെട്ടിട നികുതിയിനത്തിലാണു പ്രധാന വരുമാനം. 15 കോടിയോളം രൂപ ഈ ഇനത്തിൽ ലഭിക്കുന്നു. തൊഴിൽ നികുതിയിനത്തിൽ 5.5 കോടി രൂപ, വിനോദ നികുതിയിനത്തിൽ 3.07 കോടി രൂപ എന്നിങ്ങനെ നീളുന്നു, വരുമാനക്കണക്ക്. 37.5 കോടി രൂപയാണു തനതു വരുമാനം. ഇതു കൂടാതെ ജനറൽ പർപസ് ഫണ്ട് ഇനത്തിൽ സർക്കാരിൽ നിന്നു 3.98 കോടി രൂപ, പദ്ധതി വിഹിതമായി 8 കോടിയോളം രൂപ, മറ്റു റവന്യു ഗ്രാന്റുകളായി 29.42 കോടി രൂപ.
ബാങ്കുകളിൽ 18.76 കോടി രൂപയുടെ നിക്ഷേപം ഉണ്ട്. വാർഡുകളിലെ വികസന പ്രവർത്തനങ്ങൾക്കായി നഗരസഭ 20 മുതൽ 30 ലക്ഷം രൂപ വരെയാണു നൽകുന്നത്. തനതു ഫണ്ടും പദ്ധതി വിഹിതവും ഉപയോഗപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ പുരോഗതി നേടുന്നുണ്ട്. പാലങ്ങളും റോഡുകളും കാനകളുമൊക്കെ നിർമിക്കുന്നുണ്ട്. എന്നാൽ, മൂന്നു കോടി രൂപ ചെലവിട്ട് ആവിഷ്കരിച്ച എയ്റോബിക് വേസ്റ്റ് ബിൻ പദ്ധതി എവിടെയുമെത്തിയില്ല. 2020 ൽ സീപോർട്ട് – എയർപോർട്ട് റോഡിന്റെ വള്ളത്തോൾ നഗർ മുതൽ എച്ച്എംടി ജംക്‌ഷൻ വരെയുള്ള സ്ട്രെച്ച് പൂർത്തിയായെങ്കിലും വഴി വിളക്കുകൾ ഇനിയും മിഴി തുറന്നിട്ടില്ല.
വൻ സംരംഭങ്ങൾ കാത്ത്
നക്ഷത്ര ഹോട്ടലുകളും ഷോപ്പിങ് മാളുകളും സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയും ആഡംബര കാർ ഷോറൂമുകളുമാണു മരടിനെ ‘സ്റ്റാർ സിറ്റി’യാക്കുന്നത്. സർക്കാർ ഗ്രാന്റുകൾ ഉൾപ്പെടെ ആകെ വരുമാനമായ 50 കോടിയിൽ 35 കോടി രൂപയാണു തനതു വരുമാനം. തൊഴിൽ നികുതി, വീട്ടു കരം, പെർമിറ്റ് ഫീസ് തുടങ്ങിയവയാണു പ്രധാന വരുമാന സ്രോതസ്സ്. മുൻ വർഷങ്ങളിലെ നീക്കിയിരിപ്പ് ഉൾപ്പെടെ ബാങ്ക് ബാലൻസ് 24 കോടി രൂപ. 25 ലക്ഷം രൂപ വീതമാണ് ഓരോ വാർഡ് അംഗത്തിനും നൽകുന്ന ഫണ്ട്. കഥ ഇങ്ങനെയാണെങ്കിലും വൻകിട സ്വകാര്യ സംരംഭങ്ങൾ പുതുതായി വരാത്തതിനാൽ വികസനത്തിന് ഇത്തിരി തിളക്കം കുറഞ്ഞിട്ടുണ്ട്.
സർക്കാർ നിർദേശ പ്രകാരം ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നതും പദ്ധതി നടപ്പാക്കലിനെ ബാധിക്കുന്നു. സുപ്രീം കോടതി നിർദേശപ്രകാരം ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കിയ ശേഷം വൻകിട സ്വകാര്യ സംരംഭങ്ങളുടെ വരവു കുറഞ്ഞു. നഗരസഭയ്ക്കു വമ്പൻ വരുമാനം ഉണ്ടെങ്കിലും ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഒറ്റ റോഡ് പോലുമില്ലെന്നാണു നഗരവാസികളുടെ പരിഭവം. English Summary:
Trikkakara Municipality leads as the richest municipality in Kerala, boasting significant revenue from IT hubs and property taxes. Despite financial abundance, developmental projects face challenges due to technical and political obstacles. Kalamassery and Maradu municipalities also show strong financial performance but grapple with project implementation and infrastructure needs. |