കാസർകോട് ∙ ‘ആകെ കിട്ടിയത് ഒന്നര മണിക്കൂർ ക്ലാസും ചായയും പഴംപൊരിയും. സംശയം ചോദിക്കാൻ കിട്ടിയ സമയം 10 മിനിറ്റ്. ഇതു കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം എസ്ഐആർ ഫോം വീടുകളിലെത്തിച്ചു തുടങ്ങിയപ്പോഴാണ് ഇതിന്റെ പുകില് മനസ്സിലായത്.’– പഞ്ചായത്ത് ജീവനക്കാരനായ ബിഎൽഒ തന്റെ അനുഭവം വിവരിക്കുന്നു.‘ട്രെയ്നിങ് ക്ലാസിൽ പങ്കെടുത്തിട്ടു പോലും ഫീൽഡിൽ എത്തിയപ്പോൾ ഫോം പൂരിപ്പിക്കുന്നതിനിടെ വോട്ടറുടെ സംശയങ്ങൾക്ക് മറുപടി പറയാൻ കഴിയുന്നില്ലെന്നു മാത്രമല്ല, സ്വന്തം സംശയങ്ങൾ കൊണ്ടും തല വട്ടം കറങ്ങുന്നത് പോലെയായിരുന്നു. ഇതിനിടയിലാണ് മറ്റൊരു ബിഎൽഒ വിളിച്ചു ചോദിക്കുന്നത് ഇത് എങ്ങനെ പൂരിപ്പിക്കണമെന്ന്.
ഇതേ ബിഎൽഒ തനിക്കു നിയോഗിക്കപ്പെട്ട ബൂത്ത് പരിധിയിലെ ഒരു വീട്ടിൽ കയറി 4 ഫോം നൽകിയതും സ്കാൻ ചെയ്തതും ഒന്നിച്ചായിരുന്നു. എന്നാൽ അതിലൊന്ന് ഗൃഹനാഥന്റെ അന്തരിച്ച ഭാര്യയുടേതായിരുന്നു. ഭാര്യ ജീവിച്ചിരിപ്പില്ലെന്നറിയിച്ചപ്പോൾ സ്കാൻ ചെയ്തുപോയി അത് കയ്യിൽ തന്നെ വച്ചോ എന്നായി ബിഎൽഒ.ഇതേ വീട്ടിൽ കൊടുക്കേണ്ട ഫോം ഒരെണ്ണം അയൽവാസിയുടെ വീട്ടിലാണ് നൽകിയിരുന്നത്. ആ ഫോം അവിടെ പോയി തിരികെ വാങ്ങിയതോടെ ഫോം പ്രശ്നം അവിടെ തീർന്നു.
പൂരിപ്പിക്കാൻ ഫോം എടുത്തപ്പോഴാണ് വീണ്ടും പ്രശ്നം ഉയർന്നത്. കോഴിക്കോട് എലത്തൂരിൽ നിന്നു 20 വർഷം മുൻപ് കാസർകോട് സ്ഥിരം താമസം തുടങ്ങിയ വോട്ടർ 2002 ലെ വോട്ടർപട്ടികയിലെ ബൂത്ത് നമ്പർ, ക്രമനമ്പർ തുടങ്ങിയവ രേഖപ്പെടുത്താനുള്ള കോളത്തിലെ വിവരങ്ങൾ തേടി സന്ധ്യയോടെ ബിഎൽഒയെ വിളിച്ചു.ബൂത്ത് നമ്പറും മറ്റും കിട്ടാനുള്ള സഹായം തേടിയായിരുന്നു ബിഎൽഒയെ ഫോണിൽ വിളിച്ചത്. എന്നാൽ കോഴിക്കോട്ടെ വോട്ടർക്കു പോലും നിശ്ചയമില്ലാത്ത ഏതോ ബൂത്തിലെ നമ്പർ തനിക്കെവിടുന്നു കിട്ടുമെന്നായി ബിഎൽഒ.
സമ്മർദ്ദം താങ്ങാനാവാതെ...
എസ്ഐആർ ഫോം വീടുകളിൽ കൊണ്ടുപോയി നൽകുകയും തിരിച്ചുവാങ്ങാനും നിയോഗിക്കപ്പെട്ട് ദുരിതമായപ്പോൾ ഒരു ഘട്ടത്തിൽ ജോലി പോലും മതിയാക്കാമെന്ന് ചിന്തിച്ചതായി ശാരീരിക അസ്വാസ്ഥ്യങ്ങളിൽ ഇടയ്ക്കിടെ വിദഗ്ധ ചികിത്സ തേടുന്ന അങ്കണവാടി അധ്യാപിക പറഞ്ഞു. കുഞ്ഞു ഫോണിൽ ഫോം സ്കാൻ ചെയ്യുകയും ആപ്പിൽ കയറ്റുകയും ചെയ്യുക, ഫോം പൂരിപ്പിക്കൽ വിവരങ്ങൾ നൽകുക, ആവർത്തിച്ചുള്ള സംശയങ്ങൾ പരിഹരിക്കുക തുടങ്ങി സമ്മർദ്ദമേറ്റുന്ന ജോലി.
രാവിലെ 8ന് ഇറങ്ങി വൈകിട്ട് 3 ആകുമ്പോഴേക്കും എത്ര വീടുകളിൽ കയറിയെന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം, ഇങ്ങനെ മതിയോ എന്ന മറു പ്രതികരണം തുടങ്ങിയവ കൊണ്ട് വീർപ്പുമുട്ടൽ അനുഭവിക്കുന്നു ഈ അധ്യാപിക.രക്തസമ്മർദം 110ൽ നിന്ന് 167 ആയി ഉയർന്നു. ആശുപത്രിയിൽ ഡോക്ടറെ കണ്ടപ്പോൾ തന്നെ അവിടെ നിന്ന് ഇങ്ങോട്ടുള്ള ചോദ്യം ബിഎൽഒ ആണല്ലേ ...? എന്നായിരുന്നു. 1200 ലേറെ വോട്ടർമാരുടെ ഫോം വീടുകളിൽ എത്തിക്കേണ്ട ചുമതല ആയിരുന്നു.
രാവിലെ എട്ടിന് ഇറങ്ങി രാത്രി 8 കഴിയും വരെ വീടുകളിലെത്തും. മൂന്നോ നാലോ വീട് കഴിഞ്ഞ് അടുത്ത ഏരിയ 2 കിലോമീറ്റർ കഴിഞ്ഞുള്ള പ്രദേശമാണ്. ഇങ്ങനെ 3 ബൂത്തുകളിലായുള്ള സ്ഥലം കിട്ടിയപ്പോൾ യാത്രയും കഠിനമായി. ചില സ്ഥലങ്ങളിൽ ബൂത്ത് തല ഏജന്റുമാരുടെ സഹായം കിട്ടുന്നത് ആശ്വാസമാണെങ്കിലും രാഷ്ട്രീയക്കാരുടെ പഴി കേൾക്കേണ്ടി വരുന്നതും മാനസികമായ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.
കുഴയ്ക്കുന്ന ഫോം പൂരിപ്പിക്കൽ
എസ്ഐആർ ഫോം പൂരിപ്പിക്കുന്നതിൽ പല ബിഎൽഒ മാർക്കും വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ വോട്ടർമാരും ആശയക്കുഴപ്പത്തിലാണ്. വീടുകളിൽ കിട്ടിയ ഫോം അവർ വരുമ്പോൾ പൂരിപ്പിച്ചു നൽകാം എന്നു തീരുമാനിച്ചു എഴുതാതെ കാത്തുനിൽക്കുന്നവരുണ്ട്.2002ൽ വോട്ടർപട്ടികയിൽ പേര് ഇല്ലാത്ത മകളുടെ, മകന്റെ വിവരങ്ങൾ അവർക്കു പിന്നീട് ലഭിച്ച വോട്ടർ തിരിച്ചറിയൽ കാർഡ് വച്ച് അവർക്കു ലഭിച്ച എസ്ഐആർ ഫോമിൽ എങ്ങനെ രേഖപ്പെടുത്തണം എന്നതു സംബന്ധിച്ച് സംശയങ്ങൾ തീരുന്നില്ല.
ബിഎൽഒമാർ എത്തുമ്പോൾ വീടുകളിലെത്തുമ്പോൾ ആരും ഇല്ലാത്ത സാഹചര്യത്തിൽ പല തവണ കയറിയിറങ്ങേണ്ടി വരുന്നു. പലരും ഈ ഫോം പൂരിപ്പിച്ചു നൽകേണ്ടത് ഗൗരവമായെടുത്തിട്ടുമില്ല. പൂരിപ്പിച്ചു തിരികെ കിട്ടുന്ന ഫോമുകളിലെ വിവരങ്ങളിൽ ജനന തീയതി, ആധാർ നമ്പർ തുടങ്ങിയവ തെറ്റായി രേഖപ്പെടുത്തിയത് മൊബൈൽ ആപ്പിൽ കയറാത്തതും ആവശ്യമായ റേഞ്ച് ഇല്ലാത്തത് ആപ്പ് പ്രവർത്തനക്ഷമം അല്ലാത്തതും ബിഎൽഒമാർക്ക് ഇരട്ടിയിലേറെ ജോലി ഭാരമാണ് ഉണ്ടാക്കുന്നത്. ഡേറ്റ എൻട്രി സംബന്ധിച്ച് ഇവർക്ക് കാര്യമായ പരിശീലനം കിട്ടിയിട്ടുമില്ല.
മൊബൈൽ അപ്ഡേഷൻ ആകുന്നില്ല പലർക്കും. എസ്ഐആർ സംബന്ധിച്ച് ഉദ്യോഗസ്ഥരിൽ നിന്നു കിട്ടുന്ന വിവരങ്ങളിൽ കൃത്യത ഉണ്ടാകുന്നില്ലെന്നതും വോട്ടർമാരെയും ബിഎൽഒ മാരെയും ഒരുപോലെ കുഴയ്ക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർണയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും മുഴുകിയതിനാൽ എസ്ഐആർ ഫോം പൂരിപ്പിക്കുന്നതിന് സഹായിക്കാനുള്ള നടപടികളിൽ അവരുടെ ഭാഗത്തു നിന്നു പ്രത്യേക ശ്രദ്ധ ഉണ്ടാകുന്നില്ല. എസ്ഐആർ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടുക, ഫോം പൂരിപ്പിച്ചു കൃത്യത ഉറപ്പു വരുത്തുന്നതിന് ബൂത്തുകൾ തോറും ഹെൽപ് ഡെസ്ക് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയരുന്നുണ്ട്.
തിരക്കിട്ട് നടപടി
എസ്ഐആർ ഫോം വിതരണം ഉടൻ പൂർത്തിയാക്കാനുള്ള തിരക്കിട്ടുള്ള വിജ്ഞാപനമാണ് ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം. ഫോം വിതരണം ചെയ്യുന്ന സമയത്ത് ഓരോ കുടുംബത്തിലെയും എല്ലാവരുടേയും അപേക്ഷ ഫോമുകൾ ലഭിച്ചിരുന്നില്ല. അതിനാൽ ഒന്നിൽ കൂടുതൽ തവണ ഒരേ വീട്ടിൽ തന്നെ പോകേണ്ടിവരുന്നു. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി വിതരണം ചെയ്ത ഫോമുകൾ ഈ മാസം 25ന് അകം തിരിച്ചുവാങ്ങി അടുത്തമാസം 4നുള്ളിൽ അപ്‌ലോഡ് ചെയ്യണമെന്നാണ് ബിഎൽഒ മാർക്ക് ലഭിച്ച നിർദേശം.
എന്നാൽ ഫോം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട വ്യക്തമായ ക്ലാസുകൾ തങ്ങൾക്കു ലഭിച്ചിട്ടില്ലെന്ന് ബിഎൽഒമാർ പറയുന്നു.ഇതര ജില്ലകളിൽനിന്നും മറ്റും സ്ഥലം മാറിവന്നു താമസിക്കുന്നവർ, പ്രായമുള്ള ആളുകൾ തുടങ്ങിയവരുടെ നമ്പറുകൾ 2002 ലെ വോട്ടർ പട്ടികയിൽനിന്നും കണ്ടുപിടിക്കാൻ ഏറെ ബുദ്ധിമുട്ടാണ്. ചിലർ പഴയ വോട്ടർ പട്ടികയിലെ നമ്പറുകൾ തെറ്റായിട്ടാണ് എഴുതിക്കൊണ്ടുവരുന്നത്. ഇതു പരിശോധിച്ചുനോക്കാൻ പോലും സമയം കിട്ടുന്നില്ല. ഒരു മാസം കൂടി സമയം നീട്ടിക്കിട്ടണമെന്നു ബിഎൽഒമാർ ആവശ്യപ്പെടുന്നു. English Summary:
Kerala Voter List Update focuses on the challenges faced by BLOs in Kerala during the SIR form distribution process. This article highlights the issues, concerns, and demands of BLOs involved in updating the voter list, especially regarding tight deadlines and inadequate training. |
|