തിരുവനന്തപുരം ∙ കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയ സംഭവത്തിൽ കോടതിയെയും സമീപിക്കാൻ കോൺഗ്രസ് തീരുമാനം. സപ്ലിമെന്ററി വോട്ടർപട്ടികയിൽ മുട്ടടയിലടക്കം വ്യാപക തിരിമറി നടന്നിട്ടുണ്ടെന്ന പരാതിയും കോൺഗ്രസ് ഉന്നയിക്കും.
സപ്ലിമെന്ററി പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ ലഭ്യമാക്കാത്തതിനാൽ, വോട്ടർമാരുടെ വിവരങ്ങൾ സൂക്ഷ്മമായി പരിശോധിക്കാൻ സാധിക്കുന്നില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. സപ്ലിമെന്ററി വോട്ടർ പട്ടികയിൽനിന്നു പേര് നീക്കം ചെയ്തതിലുള്ള പരാതികളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെന്ന നിലയിൽ കലക്ടറാണ് തീരുമാനമെടുക്കുക. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോർപറേഷൻ പരിധിയിലെ വോട്ടറായിരിക്കണമെന്നു നിബന്ധനയുള്ളതിനാൽ, പേര് ഒഴിവാക്കപ്പെട്ടതോടെ വൈഷ്ണയുടെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലായി.
കോർപറേഷനിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥിയായാണ് ജനറൽ സീറ്റിൽ വൈഷ്ണയെ കോൺഗ്രസ് രംഗത്തിറക്കിയത്. ഇലക്ടറൽ റജിസ്റ്റർ ഓഫിസർ കൂടിയായ കോർപറേഷൻ അഡിഷനൽ സെക്രട്ടറി സപ്ലിമെന്ററി പട്ടികയിൽനിന്ന് വൈഷ്ണയുടെ പേരു നീക്കിയതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണു കോൺഗ്രസിന്റെ വാദം. വോട്ടർപട്ടികയിൽ രേഖപ്പെടുത്തിയിരുന്ന കെട്ടിടനമ്പർ തെറ്റാണെന്നും തിരുത്തണമെന്നും അറിയിച്ച് കോർപറേഷനു വൈഷ്ണ സത്യവാങ്മൂലം സമർപ്പിച്ചിട്ടും പേരു വെട്ടിയത് അംഗീകരിക്കില്ലെന്നു കാട്ടിയാണു നിയമപോരാട്ടത്തിനു കോൺഗ്രസ് ഒരുങ്ങുന്നത്.
അതേസമയം, സ്ഥാനാർഥിയായതിന്റെ പേരിൽ വൈഷ്ണയെ ഉന്നമിട്ടു നടത്തിയ രാഷ്ട്രീയ നീക്കമല്ലെന്നും കെട്ടിടനമ്പർ സംബന്ധിച്ച പരാതി കഴിഞ്ഞ സെപ്റ്റംബറിൽ നൽകിയതാണെന്നും സിപിഎം അറിയിച്ചു. ഈമാസം വീണ്ടും പരാതി നൽകി. വൈഷ്ണ അടക്കം 6 പേർക്കെതിരെ പരാതി നൽകിയിരുന്നു. 7 വർഷമായി മുട്ടട വാർഡിൽ താമസിക്കുന്നില്ലെന്നു കാട്ടിയായിരുന്നു പരാതി.
വൈഷ്ണ പ്രചാരണം തുടരും
വോട്ടർപട്ടികയിൽനിന്നു പേര് നീക്കിയതിൽ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിൽ പ്രചാരണവുമായി മുന്നോട്ടുപോകാൻ വൈഷ്ണയ്ക്കു കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശം. പ്രചാരണം നിർത്തിവയ്ക്കില്ലെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, സ്ഥാനാർഥിത്വം റദ്ദാക്കപ്പെടുന്ന സാഹചര്യം മുന്നിൽക്കണ്ട് ഡമ്മി സ്ഥാനാർഥിയെയും കോൺഗ്രസ് ഒരുക്കിനിർത്തും.
അപ്പീൽ കലക്ടർ തള്ളിയാൽ, നാമനിർദേശപത്രിക നൽകാനുള്ള അവസാനദിനം പകരം സ്ഥാനാർഥി പത്രിക സമർപ്പിക്കും.
ഒരേ വീട്ടുനമ്പരിൽ 22 വോട്ടർമാർ: പിഴവ് കോർപറേഷന്റേതെന്ന് സിപിഎം നേതാവ്
ഒരു കെട്ടിടനമ്പരിൽ തന്റേതടക്കം 22 വോട്ടർമാരുണ്ടെന്ന ആക്ഷേപത്തിൽ വിശദീകരണവുമായി മുട്ടടയിലെ സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാർ രംഗത്ത്. ധനേഷ് നൽകിയ പരാതിയിലാണു വൈഷ്ണയുടെ പേര് പട്ടികയിൽ നിന്നൊഴിവാക്കിയത്. ഇതിനു പിന്നാലെയാണ് 18/2464 എന്ന കെട്ടിടനമ്പരിൽ ധനേഷ് ഉൾപ്പെടെ 22 പേർ താമസിക്കുന്നതിന്റെ രേഖ കോൺഗ്രസ് പുറത്തുവിട്ടത്. താൻ താമസിക്കുന്നതിനു സമീപമുള്ള വീടുകളിലെ വോട്ടർമാരുടെയും പേരുകൾ ഒരേനമ്പരിലാണ് കോർപറേഷൻ അധികൃതർ രേഖപ്പെടുത്തിയതെന്നു ധനേഷ് പറഞ്ഞു. കെട്ടിടനമ്പരിൽ താൻ ആരെയും ചേർത്തിട്ടില്ല. പല വീടുകളിലെ വോട്ടുകളാണ് അവ. എല്ലാറ്റിനും വീട്ടുപേരും വ്യത്യസ്തമാണ്. മുട്ടട വാർഡ് രൂപീകരിക്കുന്നതിനു മുൻപ് 3/2464 ആയിരുന്നു തന്റെ കെട്ടിടനമ്പർ. വാർഡ് രൂപീകരിച്ചപ്പോൾ കോർപറേഷൻ അധികൃതരാണ് 18/2464 എന്ന പുതിയ നമ്പർ നൽകിയതെന്നും ധനേഷ് പറഞ്ഞു. English Summary:
The Congress candidate Vaishna Suresh\“s name removal from the voter list has sparked controversy. This incident raises concerns about voter list irregularities, leading the Congress to consider legal action and allege political conspiracy, while CPM denies the allegation.The party is preparing for potential candidate replacement if needed. |
|