search

തമിഴ് പുലികൾ നുഴ​ഞ്ഞു കയറിയിട്ടുണ്ടെന്ന സംശയം: കൊല്ലത്ത് രാഷ്ട്രപതിക്ക് നൽകിയത് കനത്ത സുരക്ഷ

LHC0088 1 hour(s) ago views 611
  

  

  

  



കൊല്ലം ∙ ഉപരാഷ്ട്രപതിക്കായി കൊല്ലം നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണമാണ് ഏർപ്പെടുത്തിയത്. തമിഴ് പുലികൾ കേരളത്തിലേക്കു നുഴ​ഞ്ഞു കയറിയിട്ടുണ്ടെന്ന സംശയത്തെത്തുടർന്നാണു സുരക്ഷ കർശനമാക്കിയതെന്നാണു പൊലീസ് കേന്ദ്രങ്ങൾ നൽകുന്ന വിവരം. തലേ ദിവസം മുതൽ കൊല്ലം നഗരം മുൻപെങ്ങുമില്ലാത്ത തരത്തിൽ പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു. നഗരത്തിലെ എല്ലാ പ്രധാന റോഡുകളിലും പൊലീസ് നിലയുറപ്പിച്ചു. ഗതാഗത ക്രമീകരണത്തിനു പുറമേ നഗരത്തിലെ സ്കൂളുകൾക്ക് അവധിയും നൽകിയിരുന്നു.   ഫാത്തിമ മാതാ കോളജിന്റെ 75–ാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യാൻ ഉപ രാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ കോളജിലേക്കെത്തിയപ്പോൾ. കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി സമീപം. ചിത്രം: മനോരമ

ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങ് നടന്ന ഫാത്തിമ മാതാ നാഷനൽ കോളജിനുള്ളിലും പുറത്തും കനത്ത സുരക്ഷ ഏർപ്പെടുത്തി. ഉച്ചയ്ക്ക് 12 മുതൽ 1.15 വരെയാണ് കോളജ് അങ്കണത്തിലേക്ക് പ്രവേശനം അനുവദിച്ചത്. മൊബൈൽ ഫോൺ അനുവദിച്ചില്ല. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിച്ചായിരുന്നു പ്രവേശനം. ആശ്രാമം മൈതാനത്തു നിന്നു ചിന്നക്കട വഴി കോളജ് വരെയും കടപ്പാക്കട, ചെമ്മാൻമുക്ക് വരെയും വഴികളെല്ലാം പൊലീസിന്റെ സുരക്ഷിത വലയത്തിലായിരുന്നു. വലിയ കെട്ടിടങ്ങളുടെ മുകളിൽ ഉൾപ്പെടെ പൊലീസ് നിലയുറപ്പിച്ചു.   കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിന്റെ 75–ാം വാർഷികാഘോഷത്തിന്റെ സദസ്സ്.

വിശ്രമത്തിനു സൗകര്യം ഒരുക്കിയിരുന്ന ഹോട്ടൽ റാവിസ് വരെയുള്ള വഴിയും പൊലീസ് കാവലിൽ ആയിരുന്നു. റാവിസ്  ഹോട്ടൽ പരിസരത്ത് മൊബൈൽ ഫോൺ ജാമർ ഏർപ്പെടുത്തിയിരുന്നു. വൈകിട്ട് 5ന് ഉപരാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങി.   കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിന്റെ 75–ാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുന്ന ഉപ രാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. പ്രിൻസിപ്പൽ ഡോ. സിന്ധ്യ കാതറിൻ, മന്ത്രി കെ.എൻ. ബാലഗോപാൽ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി എന്നിവർ സമീപം.

ആശ്രാമം മൈതാനത്ത് കർശന നിയന്ത്രണം
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആശ്രാമം മൈതാനത്തേക്ക് ഇന്നലെ രാവിലെ മുതൽ വലിയ വാഹനങ്ങൾ കടന്നു പോകുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നു.  മൈതാനത്ത് തമ്പടിച്ചിരുന്ന തെരുവു നായ്ക്കളെ വരെ തുരത്തി. ഇന്നലെ രാവിലെ മുതൽ നായ പിടിത്തക്കാർ ഇവിടെ നിന്നും ഒട്ടേറെ നായ്ക്കളെ പിടികൂടി പ്രത്യേക വാഹനത്തിലേക്ക് മാറ്റി. ഉപരാഷ്ട്രപതി എത്തുന്നതിന് അരമണിക്കൂർ മുൻപ് വരെയും നായ പിടിത്തക്കാർ മൈതാനത്ത് ഉണ്ടായിരുന്നു. പിടികൂടിയ നായ്ക്കളെ ഉപരാഷ്ട്രപതി തിരികെ പോയതിനു ശേഷം രാത്രിയോടെ തിരികെ മൈതാനത്തു തുറന്നു വിട്ടു.

വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ പങ്ക് വലുത്: ഗവർണർ
സാംസ്കാരിക –വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഒട്ടേറെ പൈതൃകം കേരളത്തിന് അവകാശപ്പെടാനുണ്ടെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. രാജ്യത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക മുന്നേറ്റത്തിൽ കേരളത്തിന്റെ പങ്ക് മറക്കാനാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം (ഓട്ടോണമസ്) വിദ്യാഭ്യാസ മേഖലയിൽ വ്യത്യസ്ത ആശയങ്ങൾ മെച്ചപ്പെട്ട രീതിയിൽ വികസിപ്പിക്കാനാകും. വിദ്യാഭ്യാസത്തിലൂടെ സമൂഹത്തെയും രാജ്യത്തെയും വളർത്താൻ കഴിയും. അതിലൂടെ 2047ലെ വികസിത ഭാരതം എന്ന സ്വപ്നത്തിലേക്ക് കൂടുതൽ അടുക്കാൻ കഴിയും. വെല്ലുവിളികളെ അതിജീവിച്ച് 75 വർഷം പൂർത്തിയാക്കിയ ഫാത്തിമാ മാതാ നാഷനൽ കോളജ് മാനേജ്മെന്റ് ഉൾപ്പെടെയുള്ളവർക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.

അമ്മയുടെ അടുത്ത് വരും പോലെ:സുരേഷ് ഗോപി
അമ്മയ്ക്കരികിലേക്ക് എത്തുന്ന അനുഭവമാണ് ഫാത്തിമമാതാ കോളജിൽ എത്തുമ്പോൾ ഉണ്ടാകുന്നതെന്ന് പൂർവ വിദ്യാർഥി കൂടിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപി. മനസ്സിനു കുളിർമ പകരുന്ന ഒട്ടേറെ ഓർമകളും ഊർജവുമാണ് ലഭിക്കുന്നത്. കലാകാരനെന്ന നിലയിലുള്ള തന്റെ വളർച്ചയുടെ തുടക്കം ഇവിടെ നിന്നാണ്. അന്നത്തെ ക്ലാസ് മുറി, സുഹൃത്തുക്കൾ, അധ്യാപകർ തുടങ്ങി എല്ലാവരെയും ഓർത്തെടുക്കാനാകുന്നു. തന്റെ പിതാവ് ഗോപിനാഥൻ പിള്ളയും സഹോദരൻമാരും പഠിച്ചതും ഫാത്തിമാ കോളജിലാണെന്നും സുരേഷ് ഗോപി പറ‍ഞ്ഞു.  

ശമ്പളത്തിൽ പകുതിയിലേറെയും വിദ്യാഭ്യാസ മേഖലയിൽ: ബാലഗോപാൽ
സംസ്ഥാനത്തു സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ  50 ശതമാനത്തിൽ അധികം തുക നൽകുന്നത് വിദ്യാഭ്യാസ മേഖലയിലാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തു പുതുതായി  നടപ്പാക്കുന്ന കണക്ട്‌ ടു വർക്ക്‌ പദ്ധതി 5  ലക്ഷം വിദ്യാർഥികൾക്ക്  പ്രയോജനപ്പെടും. കേരളത്തെ ഭ്രാന്താലയം എന്നാണ് സ്വാമി വിവേകാനന്ദൻ വിമർശിച്ചത്‌. അതേ വംഗനാട്ടിൽ നിന്നു വന്ന നൊബേൽ സമ്മാന ജേതാവ്‌ അമർത്യ സെൻ ഇപ്പോൾ പറയുന്നത്‌  കേരളം മാതൃകയാണെന്നാണ്. ആ മോഡൽ ആകുന്നതിന്‌ വലിയ പങ്ക്‌ വഹിച്ച സ്ഥാപനമാണ് ഫാത്തിമ മാതാ കോളജ്‌. കൊല്ലം നഗരം, ഉന്നത കലാലയങ്ങൾ നിറഞ്ഞ വിദ്യാഭ്യാസ ഹബ് ആണ്. അതിലെ തലയെടുപ്പുള്ള സ്ഥാപനമാണ് ഫാത്തിമ മാതാ നാഷനൽ കോളജ് എന്നും അദ്ദേഹം പറഞ്ഞു.  English Summary:
Kollam security was heightened due to the Vice President\“s visit. The city was under strict police surveillance, and traffic regulations were in place. Fatima Mata National College hosted the event with tight security measures.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158447