മലയിൻകീഴ് ∙ രണ്ടു വലിയ വാഹനങ്ങൾ ഒരേ സമയം എത്തിയാൽ പിന്നെ ഗതാഗതക്കുരുക്കിന്റെ ചങ്ങലപ്പൂട്ടാകും ഇൗ ജംക‍്ഷൻ. കുരുക്ക് അഴിയണമെങ്കിൽ മിനിറ്റുകളോളം ചിലപ്പോൾ മണിക്കൂറുകളോളവും വേണ്ടി വരും. വികസനം വാഗ്ദാനങ്ങളിൽ ഒതുങ്ങിയ മലയിൻകീഴ് ജംക്‌ഷനിലെ നിത്യകാഴ്ചയാണിത്.
കുരുക്കിന്റെ സംഗമഭൂമി!
മൂന്നു പ്രധാന റോഡുകൾ സംഗമിക്കുന്ന ഇടമാണ് മലയിൻകീഴ് ജംക്‌ഷൻ. മലയോര മേഖലയെ നഗരവുമായി ബന്ധിപ്പിക്കുന്ന തിരുവനന്തപുരം – കാട്ടാക്കട റോഡ്, നഗരത്തിലേക്കു പോകുന്ന മലയിൻകീഴ് – പാപ്പനംകോട് റോഡ്, മലയിൻകീഴ് – ഊരൂട്ടമ്പലം റോഡ് എന്നിവ ചേരുന്നയിടം. പക്ഷേ, ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ജംക്‌ഷനിൽ വർഷങ്ങൾക്കു മുൻപ് നിർമിച്ച വീതി കുറഞ്ഞ റോഡാണ് ഇപ്പോഴുമുള്ളത്. സ്ഥല പരിമിതിയാൽ വീർപ്പുമുട്ടുന്ന ഇവിടെ കാൽനടയാത്ര പോലും ദുസ്സഹം.
ഗവ.കോളജ്, ഐടിഐ, എൽപി മുതൽ ഹയർസെക്കൻഡറി വരെയുള്ള സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, പിഎസ്‌സി പഠന കേന്ദ്രങ്ങൾ എന്നിവ ജംക്‌ഷനോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഇതിനു പുറമേ ജില്ലയിലെ തന്നെ പ്രശസ്തമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ബാങ്കുകൾ തുടങ്ങി ഒട്ടേറെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയും നിലകൊള്ളുന്നു. അതിനാൽ മലയിൻകീഴ് ജംക്‌ഷനിൽ എപ്പോഴും ജനബാഹുല്യം ആണ്. ദിവസവും ആയിരത്തിലധികം വിദ്യാർഥികളാണ് ഇവിടെ എത്തുന്നത്. ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളിൽ ജനത്തിരക്ക് കൂടും. ഇതിനു പുറമേയാണ് യാത്രക്കാരെയും പ്രദേശവാസികളെയും വലയ്ക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക്.
വാഹനങ്ങളുടെ പാർക്കിങ്
റോഡരികിലെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. റോഡ് കയ്യേറിയുള്ള വ്യാപാരങ്ങളും ഇറക്കിക്കെട്ടുകളും അനധികൃത പരസ്യ ബോർഡുകളും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. ജംക്‌ഷനിൽ നടുവിലുള്ള ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിൽ പോലും പരസ്യബോർഡുകൾ അപകടകരമായ വിധത്തിൽ സ്ഥാപിച്ചിരിക്കുകയാണ്. ഗതാഗത നിയന്ത്രണത്തിന് ഒരു ഹോംഗാർഡ് മാത്രമാണ് ഉള്ളത്. പലപ്പോഴും അദ്ദേഹത്തിന് കൈകാര്യം ചെയ്യാൻ പറ്റാത്തവിധം വാഹനങ്ങൾ തിങ്ങി നിറയും. ഇതോടെ ടാക്സി ഡ്രൈവർമാരും വ്യാപാരികളും ഗതാഗത നിയന്ത്രണം ഏറ്റെടുക്കും.
സ്കൂളുകൾക്കു മുന്നിൽ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ കുട്ടികളെ റോഡ് കുറുകെ കടക്കാൻ സഹായിക്കാൻ നിൽക്കാറുണ്ടെങ്കിലും സുരക്ഷാപ്രശ്നം നിലനിൽക്കുന്നു. ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന സ്കൂൾ, കോളജ് ബസുകളും കെഎസ്ആർടിസി , സ്വകാര്യ വാഹനങ്ങളും സമയത്തിന് എത്താൻ കഴിയാതെ വീർപ്പുമുട്ടുകയാണ്. വാഹനങ്ങൾ കുരുങ്ങുന്നതോടെ സ്കൂൾ കുട്ടികൾ അടക്കമുള്ളവർ ഏറെ ബുദ്ധിമുട്ടിയാണ് പോകുന്നത്. കൃത്യമായ നടപ്പാത പോലും ഇവിടെ ഇല്ല. 3 തിരക്കേറിയ റോഡുകളുടെ സംഗമസ്ഥാനമായതിനാൽ അപകട സാധ്യതയും കൂടുതലാണ്. ഗതാഗതത്തിരക്കുള്ള സമയത്തു പോലും പരിഹരിക്കാൻ മലയിൻകീഴ് പൊലീസ് ഇറങ്ങാറില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
പരിഹാരം എങ്ങനെ ?
∙ ജംക്‌ഷനിൽ സ്ഥലം ഏറ്റെടുത്ത് റോഡ് വീതി കൂട്ടാനുള്ള നടപടി ഉണ്ടാകണം
∙ കെഎസ്ആർടിസി ബസുകൾ നിർത്താൻ ബസ്ബേ സംവിധാനം ഒരുക്കണം
∙ നടപ്പാത നിർമിക്കണം
∙ സ്വകാര്യ വാഹനങ്ങൾക്കായി ജംകഷന് സമീപം സ്ഥലം കണ്ടെത്തി പാർക്കിങ് ഏരിയ നിർമിക്കണം
∙ റോഡ് കയ്യേറിയുള്ള വ്യാപാരങ്ങളും പരസ്യ ബോർഡുകളും നീക്കം ചെയ്യണം
∙ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കണം
∙ ഗതാഗത നിയന്ത്രണത്തിന് കൂടുതൽ ഹോംഗാർഡ്, ട്രാഫിക് പൊലീസ് എന്നിവരെ നിയോഗിക്കണം
∙ ജംക്‌ഷനോടു ചേർന്നുള്ള ഇടറോഡുകളും വികസിപ്പിക്കണം
∙ വിദ്യാർഥികൾ ഏറെ എത്തിച്ചേരുന്ന ജംക്‌ഷൻ ആയതിനാൽ അവർക്കു നടക്കാനായി നടപ്പാലം പണിയണം
∙ വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാനായി കൃത്യമായ പഠനം നടത്തി മേൽപാലം നിർമിക്കണം
കാത്തിരുന്ന് നഷ്ടമായ വികസനം
∙ 10 വർഷം മുൻപ് റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി ഓഫ് കേരള ( റിക്ക് ) പദ്ധതി പ്രകാരം 225 കോടി ചെലവഴിച്ച് 14.5 മീറ്റർ വീതിയിൽ മലയിൻകീഴ് ജംക്‌ഷൻ ഉൾപ്പെടുന്ന കരമന – വെള്ളറട റോഡ് നവീകരിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി മലയിൻകീഴ് ജംക്‌ഷനും വികസിപ്പിക്കുമെന്നായിരുന്നു നിർദേശം. മൂന്നു റിച്ചിലായി റോഡിനാവശ്യമായ സ്ഥലമെല്ലാം അളന്നു തിട്ടപ്പെടുത്തി.
ഒന്നാം ഘട്ടമായ കരമന മുതൽ കുണ്ടമൺഭാഗം വരെയുള്ള ഏറ്റെടുക്കൽ പൂർത്തിയായി. പക്ഷേ, ബാക്കി ഭാഗത്തെ കാത്തിരിപ്പ് വിഫലം. ഫണ്ടില്ലെന്ന പേരിൽ ഈ പദ്ധതി ഇപ്പോൾ ഉപേക്ഷിച്ച സ്ഥിതിയാണ്. പകരം വിഴിഞ്ഞം – നാവായിക്കുള്ള ഔട്ടർ റിങ് റോഡുമായി ബന്ധപ്പെടുത്തി ഈ റോഡ് നാലുവരി പാതയാക്കുന്നതിനുള്ള പദ്ധതി പൊതുമരാമത്തിന്റെ പരിഗണനയിൽ ഉണ്ടെന്നാണ് വിവരം.
കുരുക്കിന്റെ റൂട്ട് മാപ് ഇങ്ങനെ...
രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് 3 മുതൽ രാത്രി 7 വരെയും മലയിൻകീഴ് ജംക്‌ഷനിൽ ദിവസവും ചെറുതും വലുതുമായ ഗതാഗതക്കുരുക്കാണ്. തിരുവനന്തപുരം, പാപ്പനംകോട്, ഊരൂട്ടമ്പലം ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകൾ യാത്രക്കാരെ കയറ്റാനും ഇറക്കാനും ജംക്‌ഷനിലാണ് നിർത്തുന്നത്. English Summary:
Malayinkeezhu Junction Traffic is a significant issue due to the convergence of three major roads, causing daily congestion and inconvenience. The lack of infrastructure development and increased traffic volume necessitates urgent solutions to alleviate the problem. |
|