LHC0088 • 7 hour(s) ago • views 116
കഠിനാധ്വാനത്തിന്റെ ട്രാക്കിലൂടെ സുവർണനേട്ടങ്ങളിലേക്ക് ഓടിക്കയറി വിസ്മയം സൃഷ്ടിക്കുന്നവരിൽ അഭിമാനിക്കുന്നവരാണു മലയാളികൾ. പി.ടി.ഉഷയും അഞ്ജു ബോബി ജോർജും പി.ആർ.ശ്രീജേഷും മറ്റും ഉൾപ്പെടുന്ന സമ്പന്നമായ പാരമ്പര്യമാണ് ഇന്ത്യൻ കായികഭൂപടത്തിൽ കേരളത്തിന്റെ മേൽവിലാസം. എന്നാൽ, ഈ പ്രൗഢപാരമ്പര്യത്തിനു പോറലേൽപിക്കുന്ന വിവരങ്ങളാണു തിരുവനന്തപുരത്ത് ഇന്നു സമാപിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ വേദിയിൽനിന്ന് ഉയരുന്നത്.
സീനിയർ പെൺകുട്ടികളുടെ ട്രാക്കിനങ്ങളിൽ രണ്ടു മെഡലുകൾ നേടിയ അത്‌ലീറ്റ് പ്രായത്തട്ടിപ്പ് നടത്തിയെന്ന പരാതി ഗുരുതരമാണ്. കോഴിക്കോട് ജില്ലയ്ക്കായി ഇറങ്ങിയ ഉത്തർപ്രദേശ് സ്വദേശിനിക്കെതിരെയാണ് ആരോപണം. ഉത്തർപ്രദേശ് അത്‌ലറ്റിക് അസോസിയേഷന്റെ വെബ്സൈറ്റിലും കേരളത്തിൽ സ്കൂൾ പ്രവേശനത്തിനായി നൽകിയ രേഖയിലും ജനനത്തീയതി വ്യത്യസ്തമാണെന്ന കണ്ടെത്തൽ അതീവ ഗൗരവമുള്ളതാണ്. 19ൽ താഴെ പ്രായമുള്ളവർക്കു മാത്രമാണു സ്കൂൾ കായികമേളയിൽ മത്സരിക്കാൻ യോഗ്യത എന്നിരിക്കെ, അതിലും പ്രായമുള്ള ഒരു അത്‌ലീറ്റ് ട്രാക്കിലിറങ്ങി എന്നതു ഞെട്ടിക്കുന്നതു തന്നെയാണ്.
പകിട്ടേറിയ പ്രകടനത്തിന്റെയും പ്രതിഭാവിലാസത്തിന്റെയും പേരിലാണ് കായികമേളകൾ ആഘോഷിക്കപ്പെടേണ്ടത്. തട്ടിപ്പും വെട്ടിപ്പും നടത്തി, വളഞ്ഞ വഴിയിലൂടെ മെഡൽ പീഠത്തിലേക്കു കയറാനുള്ള ഏതു ശ്രമവും മുളയിലേ നുള്ളിക്കളയേണ്ടതു തന്നെയാണ്. ഇത്തരം ശ്രമങ്ങൾക്കു പിന്നിലുള്ളവർ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ട ഉത്തരവാദിത്തം സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനുമുണ്ട്.
- ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
- ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
- സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
ചാംപ്യൻപട്ടം പിടിക്കാനുള്ള പോരാട്ടം സകല അതിരുകളും ലംഘിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണു പ്രായത്തട്ടിപ്പ്. ഏതുവിധേനയും കപ്പ് നേടുക എന്നതിനുപകരം, ഓരോ താരത്തെയും ഭാവിയിൽ രാജ്യത്തിനായി മെഡൽ നേടുന്ന അത്‌ലീറ്റായി വളർത്തിയെടുക്കാനുള്ള ദൗത്യമാണ് പരിശീലകർക്കുള്ളത്. ഇക്കാര്യം മറന്ന്, സ്കൂൾ മീറ്റിലെ മെഡൽ മാത്രം ലക്ഷ്യമിട്ടു മറുനാടൻ കുട്ടികളെ കേരളത്തിലേക്കു കൊണ്ടുവന്നു മത്സരിപ്പിക്കുന്ന രീതി ഒരിക്കലും കേരളത്തിന്റെ കായികപാരമ്പര്യത്തിനു ഭൂഷണമല്ല. ഒരു പതിറ്റാണ്ടു മുൻപും ചില സ്കൂളുകൾക്കെതിരെ പ്രായത്തട്ടിപ്പ് ആരോപണമുയർന്നിരുന്നു. വിലക്ക് ഉൾപ്പെടെയുള്ള നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് കർശനമായി ഇടപെട്ടതിനാൽ അന്നു കാര്യങ്ങൾ കൈവിട്ടുപോയില്ല. പിന്നീട് അത്തരം നീക്കങ്ങൾ സ്കൂളുകൾ നടത്തിയതുമില്ല.
കായികമേളകളിൽ പ്രായപരിശോധന കർശനമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത്തരം വിവാദങ്ങൾ കൈചൂണ്ടുന്നത്. രേഖകൾ കൃത്യമാക്കിയും ശരീരപരിശോധന നിർബന്ധമാക്കിയും മാത്രമേ പ്രായത്തട്ടിപ്പ് തടയാൻ കഴിയൂ. ഇനി വരുന്ന കായികമേളകളിലെങ്കിലും വിദ്യാഭ്യാസ വകുപ്പ് അതിനുള്ള കർശന നടപടികളെടുത്തേതീരൂ.
സ്കൂൾ കായികമേളകളിൽ ഉത്തേജക പരിശോധന നിർബന്ധമാക്കുന്നതും സർക്കാർ പരിഗണിക്കണം. ഉത്തേജകത്തിന്റെ പിൻബലത്തിൽ കളത്തിലിറങ്ങി മെഡൽ നേടുന്നവരെ പൂട്ടേണ്ടത് അത്യാവശ്യമാണ്. ചെലവിന്റെ പേരിൽ ഒഴിവാക്കിയ പരിശോധന പുനഃസ്ഥാപിക്കണം. എങ്കിൽമാത്രമേ, കഠിനാധ്വാനം നടത്തിയെത്തുന്ന അത്‌ലീറ്റുകളുടെ പ്രകടനത്തിനു ഫലം കിട്ടൂ.
ഒളിംപിക്സ് മാതൃകയിൽ സംഘടിപ്പിച്ച സ്കൂൾ കായികമേളയ്ക്ക് ഇന്നു കൊടിയിറങ്ങുന്നത് പ്രതീക്ഷകൾ ബാക്കിയാക്കിയാണ്. മികവുറ്റ പ്രകടനങ്ങൾ നടത്തിയ കുട്ടിത്താരങ്ങൾക്കെല്ലാം അഭിനന്ദനങ്ങൾ. സ്കൂൾ മീറ്റിൽ അവസാനിപ്പിക്കാതെ ഭാവിയിൽ ഉജ്വലപ്രകടനങ്ങൾ പുറത്തെടുക്കാൻ ഈ താരങ്ങൾക്കു കഴിയട്ടെ. ശോഭനമായ നേട്ടങ്ങളിലേക്ക് അവരെ കൈപിടിച്ചു നയിക്കാൻ കായികാധ്യാപകരും പരിശീലകരും ഭരണസംവിധാനവും ഒപ്പമുണ്ടാകുകയും വേണം.
കായികമേളയ്ക്കു മുന്നോടിയായി, മലയാള മനോരമ സംഘടിപ്പിച്ച ‘വിഷൻ 2036: നമ്മുടെ ഒളിംപിക്സ്, നമുക്കൊരു മെഡൽ’ ആശയക്കൂട്ടായ്മയിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ ഉൾപ്പെടെയുള്ളവർ സൂചിപ്പിച്ചപോലെ, ഒളിംപിക്സിൽ ഒരു മെഡൽ എന്ന ലക്ഷ്യത്തിലേക്കു നമ്മുടെ സ്കൂൾ താരങ്ങൾക്കു ട്രാക്കൊരുക്കാൻ സമയബന്ധിതമായ നടപടികളുണ്ടാകണം. ഭാവിയിൽ രാജ്യത്തിനായി കളിക്കളങ്ങളിലെത്താൻ, വീറോടെ പോരാടാൻ, വിജയശ്രീലാളിതരാവാൻ നമ്മുടെ കുട്ടികൾക്കു കഴിയട്ടെ. English Summary:
Editorial: Age fraud in sports undermines fair competition. This article discusses concerns about age manipulation in Kerala\“s school sports meet and emphasizes the need for stricter verification processes to protect the integrity of the games and promote genuine talent. |
|