പത്തനംതിട്ട ∙ ജില്ലയിലെ ദേശസാൽകൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും 10 വർഷത്തിനു മുകളിലായി അവകാശവാദം ഉന്നയിക്കാതെ (അൺ ക്ലെയിംഡ് ഡിപ്പോസിറ്റ്) കിടക്കുന്നത് 111.82 കോടി രൂപ. ഈ പണം അവകാശികൾക്കോ ബന്ധപ്പെട്ടവർക്കോ കൈമാറാൻ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നവംബർ 3നു രാവിലെ 9.30 മുതൽ അബാൻ ആർക്കേഡിന്റെ 4 ാം നിലയിൽ ക്യാംപ് നടത്തും. ജില്ലയിലെ പ്രധാന ബാങ്കുകളുടെ പ്രതിനിധികൾ, ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
പൗരന്മാർക്ക് അവകാശപ്പെട്ടതും ഇതുവരെ ക്ലെയിം ചെയ്യപ്പെടാത്ത ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് തുകകൾ, ഡിവിഡന്റുകൾ, മ്യൂചൽ ഫണ്ട് യൂണിറ്റുകൾ, പെൻഷൻ ബാലൻസുകൾ തുടങ്ങിയ തുകകളെകുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനും പണം അവകാശികളിലേക്ക് എത്തിക്കാനുള്ള സാഹചര്യം ഒരുക്കാനുമാണ് ക്യാംപെയ്ൻ ലക്ഷ്യമിടുന്നത്.
ജില്ലയിലെ വിവിധ ബാങ്കുകളിലെ 4.07 ലക്ഷം അക്കൗണ്ടുകളിലായി 111.82 കോടി രൂപയാണ് അവകാശവാദം ഉന്നയിക്കാതെ കിടക്കുന്നത്. രേഖകളിൽ കൃത്യമായ വിവരങ്ങളുള്ള അക്കൗണ്ട് ഉടമകൾക്കും ബന്ധപ്പെട്ടവർക്കും അതത് ബാങ്ക് അധികൃതർ മുഖേന നോട്ടിസ് നൽകിയിട്ടുണ്ടെന്ന് ലീഡ് ബാങ്ക് അധികൃതർ അറിയിച്ചു. ഈ നോട്ടിസ് കിട്ടിയവർക്ക് ക്യാംപിലെത്തി നടപടികൾ പൂർത്തിയാക്കാനും സംശയങ്ങൾ ദൂരീകരിക്കാനും അവസരമുണ്ട്. English Summary:
Unclaimed deposits in Pathanamthitta district total ₹111.82 crore across nationalized banks and financial institutions. A camp is being organized to facilitate the transfer of these funds to rightful claimants and raise public awareness about unclaimed assets. |