കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ഒപ്പിട്ടതിനെ തുടർന്ന് ഇടഞ്ഞ സിപിഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച വിവരമാണ് ഇന്നത്തെ പ്രധാന വാർത്തയായത്. കേരളത്തിൽ ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ രണ്ടാംഘട്ടത്തിൽ എസ്ഐആർ നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനവും ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന ഇടനിലക്കാരനായ കൽപേഷിനെ ചെന്നൈയിൽ കണ്ടെത്തിയതും യുഎസ് ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലിൽ തകർന്നുവീണതും ഇന്നാണ്. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന ‘മൊൻ ന്ത’ ചുഴലിക്കാറ്റ് രൂപപ്പെട്ടതും ഇന്നത്തെ പ്രധാന സംഭവമാണ്.
പിഎം ശ്രീയിൽ നിലപാടു കടുപ്പിച്ചുകൊണ്ടാണ് മന്ത്രിസഭാ യോഗത്തിൽ നിന്നു വിട്ടുനിൽക്കാനുള്ള സിപിഐ തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. ആലപ്പുഴ ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷവും അനുനയ നീക്കം പാളിയതോടെയാണ് തീരുമാനം. സിപിഐയ്ക്ക് നാല് മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. കെ. രാജൻ, ജി.ആർ. അനിൽ, പി. പ്രസാദ്, ചിഞ്ചുറാണി എന്നിവരാണ് സിപിഐ മന്ത്രിമാർ.
തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യം തള്ളിയാണ് കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. ബിഹാറിൽ നടന്ന ഒന്നാംഘട്ടത്തിനു പിന്നാലെ 12 സംസ്ഥാനങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ എസ്ഐആർ നടപ്പാക്കുക. നാളെ മുതൽ നവംബർ 3 വരെയാകും പ്രാഥമിക നടപടിക്രമങ്ങൾ. നവംബർ 4 മുതൽ ഡിസംബർ 12 വരെ വീടുകൾ കയറി വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കും. ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പ്രഖ്യാപിക്കും. ജനുവരി 8 വരെ കരട് വോട്ടർ പട്ടികയിൽ പരാതിയുണ്ടെങ്കിൽ സമർപ്പിക്കാം. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി ഏഴിനാകും പ്രസിദ്ധീകരിക്കുക. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ ആദ്യവാരം പ്രഖ്യാപിക്കാനിരിക്കെയാണ് കമ്മിഷന്റെ നീക്കം.
- ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
- കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
- 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
MORE PREMIUM STORIES
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന ഇടനിലക്കാരനായ കൽപേഷിനെ ചെന്നൈയിലാണണ് കണ്ടെത്തിയത്. ചെന്നൈയിലെ സ്വര്‍ണക്കടയിലെ ജീവനക്കാരനാണ് കൽപേഷ്. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി ബെല്ലാരിയിൽ ഗോവര്‍ധന് എത്തിച്ചു നൽകിയെന്നു കൽപേഷ് വെളിപ്പെടുത്തി. 31 വയസ്സുകാരനായ കൽപേഷ് രാജസ്ഥാൻ സ്വദേശിയാണ്. 13 വർഷമായി ചെന്നൈയിലെ സ്വർണക്കടയിൽ ജോലി ചെയ്തുവരികയാണ്. ജെയിൻ എന്നയാളാണ് കൽപേഷ് ജോലി ചെയ്യുന്ന സ്വര്‍ണക്കടയുടെ ഉടമ. ഉടമയുടെ നിര്‍ദേശം അനുസരിച്ച് താൻ പല സ്ഥലങ്ങളിൽ നിന്ന് സ്വര്‍ണവും മറ്റ് ഉരുപ്പടികളും എടുത്ത് മറ്റു സ്ഥലങ്ങളിൽ എത്തിക്കാറുണ്ടെന്ന് കൽപേഷ് പറയുന്നു.
നിരീക്ഷണ പറക്കലിനിടെയാണ് യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലിൽ തകർന്നു വീണത്. ആളപായമില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെയാണ് അപകടം. വ്യത്യസ്ത സമയങ്ങളിൽ നടന്ന അപകടങ്ങളെക്കുറിച്ച് യുഎസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്സില്‍ നിന്ന് നിരീക്ഷണ പറക്കൽ നടത്തുമ്പോഴാണ് എംഎച്ച് 60 ആർ ഹെലികോപ്റ്റർ കടലിൽ തകർന്നു വീണത്. മൂന്നു പേരെ രക്ഷപ്പെടുത്തി. 30 മിനിട്ടുകൾക്കുശേഷമാണ് ബോയിങ് എഫ്എ–18 എഫ് സൂപ്പർ ഹോണറ്റ് വിമാനം തകർന്നു വീണത്. നിരീക്ഷണ പറക്കൽ നടത്തുകയായിരുന്നു വിമാനം. പൈലറ്റുമാരെ രക്ഷപ്പെടുത്തി.
അതിതീവ്ര ന്യൂനമർദം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോടു ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും മുകളിലായി ‘മൊൻ ന്ത’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുകയാണ്. ഒക്ടോബർ 28നു വൈകുന്നേരമോ രാത്രിയോ ആന്ധ്രപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗത്തിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. English Summary:
Today\“s Recap 27-10-2025 |