കൊച്ചി ∙ ഇന്ത്യയിലെ ആദ്യത്തെയും ദക്ഷിണേഷ്യയിലെ ഏറ്റവും വലുതുമായ സമകാലിക കലാമേളയായ കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തിന് വെള്ളിയാഴ്‌ച തുടക്കമാകും. വൈകിട്ട് ആറിന് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. രാജ്യാന്തര പ്രശസ്തനായ കലാകാരൻ നിഖിൽ ചോപ്രയും ഗോവയിലെ എച്ച്എച്ച്ആർട്ട് സ്‌പേസസും ചേര്‍ന്ന് ക്യുറേറ്റ് ചെയ്യുന്ന ഈ രാജ്യാന്തര പ്രദർശനത്തിൽ 25ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്റ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോർട്ട്കൊച്ചിയിലെ ആസ്പിൻവാൾ ഹൗസാണ് പ്രധാന വേദി. പ്രദര്‍ശനങ്ങള്‍ 110 ദിവസത്തിനു ശേഷം മാര്‍ച്ച് 31ന് സമാപിക്കും.
- Also Read ‘അന്ന് എന്ത് സന്തോഷമായിരുന്നു, എല്ലാരെയും കൊണ്ടുപോയില്ലേ’: വിങ്ങുന്ന ഓർമകളുമായി മുണ്ടക്കൈയിലും ചൂരൽമലയിലും വോട്ടെടുപ്പ്
വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12-ന് ആസ്പിൻവാൾ ഹൗസിൽ മാർഗി രഹിത കൃഷ്ണദാസിന്റെ തായമ്പകയോടെ ബിനാലെയുടെ പതാക ഉയരും. മോണിക്ക ഡി മിറാൻഡ, സറീന മുഹമ്മദ് എന്നിവരുടെ അവതരണങ്ങളും ഉദ്ഘാടന ദിവസത്തെ ആകർഷണങ്ങളാണ്. ഉദ്ഘാടന ചടങ്ങിനെ തുടർന്ന് ഏഴരയ്ക്ക് നേഹ നായർ, രശ്മി സതീഷ്, ഷഹബാസ് അമൻ, മൻദീപ് റൈഖി എന്നിവർ നയിക്കുന്ന ശംഖ ട്രൈബിന്റെ സംഗീതപരിപാടി അരങ്ങേറും. ആദ്യ ആഴ്ചയിൽ വിവിധ വേദികളിലായി മെഹ്ഫിൽ-ഇ-സമ, ദ എഫ്16സ്, നാഞ്ചിയമ്മ ആൻഡ് ടീം എന്നിവരുടെ പരിപാടികൾ നടക്കും. യുവ കേരള ചവിട്ടുനാടക കലാസമിതി അവതരിപ്പിക്കുന്ന ചവിട്ടുനാടകവും മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെ ഗാനമേളയും കരിന്തലക്കൂട്ടത്തിന്റെ വട്ടമുടിക്കോലം, തിര, കരിങ്കാളി കോലം തുടങ്ങിയവ ഉള്‍പ്പെട്ട നാടൻ കലാവിരുന്നും ഉണ്ടായിരിക്കും. ഇൻവിറ്റേഷൻസ്, സ്റ്റുഡന്റ്സ് ബിനാലെ, ആർട്ട് ബൈ ചിൽഡ്രൻ, ഇടം തുടങ്ങിയ വിഭാഗങ്ങൾ 13ന് ആരംഭിച്ച് 2026 മാർച്ച് 31 വരെ നീണ്ടുനിൽക്കും. ഇത്തവണ വില്ലിങ്ടൺ ഐലൻഡിലെ ഐലൻഡ് വെയർഹൗസിലേക്കും ബിനാലെ വേദികൾ വ്യാപിപ്പിച്ചിട്ടുണ്ട്. വാട്ടർ മെട്രോ, ഫെറി, റോഡ് മാർഗങ്ങളിൽ ഇവിടെ എത്തിച്ചേരാം.
വേദികൾ വർധിച്ചതിനാൽ ബിനാലെ പൂർണ്ണമായി കണ്ടുതീർക്കാൻ സന്ദർശകർക്ക് കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) ചെയർപേഴ്‌സൺ ഡോ. വി.വേണു പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിച്ച്, മികച്ച സംഘാടനത്തോടെയാണ് ഇത്തവണ ബിനാലെ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനപങ്കാളിത്തം കൊണ്ടാണ് കൊച്ചി ബിനാലെ \“പീപ്പിൾസ് ബിനാലെ\“ എന്ന് അറിയപ്പെടുന്നതെന്ന് കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ‘കലാകാരന്മാരും ക്യുറേറ്റർമാരും വോളണ്ടിയർമാരും കൊച്ചിയിലെ ജനങ്ങളും തമ്മിലുള്ള സഹകരണമാണ് ഓരോ ലക്കത്തിന്റെയും വിജയം’ – അദ്ദേഹം പറഞ്ഞു. കൊച്ചി ബിനാലെയുടെ പ്രോഗ്രാംസ് ഡയറക്ടര്‍ മാരിയോ ഡിസൂസയുടെ നേതൃത്വത്തിലുള്ള പ്രദർശനങ്ങളും പരിപാടികളും കൊച്ചിയുടെ സവിശേഷ ഭൗമ - സാംസ്ക്കാരിക - പാരമ്പര്യത്തെ മുൻ നിറുത്തിയുള്ള വൈവിധ്യമാര്‍ന്ന ചര്‍ച്ചകള്‍ക്ക് വേദിയാകും. ഏകീകൃത സ്വഭാവത്തില്‍ നിന്ന് പുറത്ത് കടന്ന് ജീവനുള്ള ആവാസവ്യവസ്ഥയായി സമൂഹത്തില്‍ ഇഴുകിച്ചേരുന്ന രീതിയിലാണ് ആറാം ലക്കം വിഭാവനം ചെയ്തിരിക്കുന്നത്. സൗഹൃദ സമ്പദ്‌വ്യവസ്ഥയെ പ്രദര്‍ശനത്തിന്റെ നെടുംതൂണായി സ്ഥാപിക്കുന്നു.
- വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
- യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
ഗ്ലോബൽ സൗത്തിൽ നിന്നുള്ള സാംസ്കാരിക ആവാസവ്യവസ്ഥയെ നിലനിർത്തുന്ന കലാകാരന്മാരെയും കൂട്ടായ്മകളെയും അംഗീകരിക്കുന്നതിനായി 2022ൽ ആരംഭിച്ച \“ഇൻവിറ്റേഷൻസ് പ്രോഗ്രാം\“ ഇത്തവണ ഏഴു വേദികളിലായി വിപുലമായി നടക്കും. ആലീസ് യാർഡ് (ട്രിനിഡാഡ് ആൻഡ് ടുബാഗോ), അൽകാസി കളക്ഷൻ ഓഫ് ഫോട്ടോഗ്രഫിയുമായി സഹകരിച്ച് അൽകാസി തിയേറ്റർ ആർക്കൈവ്സ് (ഇന്ത്യ), ബിയെനാല്‍ ദാസ് ആമസോണിയാസ് (ബ്രസീൽ), കോൺഫ്ലിക്റ്റോറിയം (ഇന്ത്യ), ദാർ യൂസഫ് നസ്‌രി ജാസിർ ഫോർ ആർട്ട് ആൻഡ് റിസർച്ച് (പാലസ്തീൻ), ഗെട്ടോ ബിനാലെ (ഹെയ്തി), ഖോജ് ഇന്റർനാഷണൽ ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ (ഇന്ത്യ), മ്യൂസിയോ ഡി ആർട്ടെ കണ്ടംപറാനിയോ ഡി പനാമ (പനാമ), നെയ്‌റോബി കണ്ടംപററി ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് (കെനിയ), പാക്കറ്റ് (ശ്രീലങ്ക), റുവാങ്‌റൂപ/ഓകെ.വീഡിയോ (ജക്കാർത്ത) തുടങ്ങിയ രാജ്യാന്തര പ്രശസ്തമായ സ്ഥാപനങ്ങൾ ഇതിൽ പങ്കെടുക്കും. ഇന്ത്യയിലുടനീളമുള്ള 175ലധികം കലാസ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി കലാകാരന്മാരുടെ പ്രോജക്റ്റുകൾ അവതരിപ്പിക്കുന്ന \“സ്റ്റുഡന്റ്സ് ബിനാലെ\“ മട്ടാഞ്ചേരിയിലെ വികെഎൽ വെയർഹൗസിലാണ് നടക്കുന്നത്. അങ്ക ആർട്ട് കളക്ടീവ്, അശോക് വിഷ്, ചിനാർ ഷാ, ഗാബ, ഖുർഷിദ് അഹമ്മദ്, സൽമാൻ ബഷീർ ബാബ, സവ്യസാചി അഞ്ജു പ്രബീർ, സെക്യുലർ ആർട്ട് കളക്ടീവ്, ശീതൾ സി.പി, സുധീഷ് കോട്ടമ്പ്രം, സുകന്യ ദേബ് എന്നിവരടങ്ങുന്ന ഏഴ് ക്യുറേറ്റർമാരും കൂട്ടായ്മകളുമാണ് ഇതിന് നേതൃത്വം നൽകുന്നത്.
ഐശ്വര്യ സുരേഷ്, കെ.എം. മധുസൂദനൻ എന്നിവർ ക്യുറേറ്റ് ചെയ്യുന്ന \“ഇടം\“ പ്രദർശനം മട്ടാഞ്ചേരി ബസാർ റോഡിലെ മൂന്നു വേദികളിലായി നടക്കും. കേരളത്തിൽ നിന്നും വിദേശത്തു നിന്നുമുള്ള 36 കലാകാരന്മാരും കൂട്ടായ്മകളുമാണ് ഇതിൽ പങ്കെടുക്കുന്നത്. അന്തരിച്ച വിവാൻ സുന്ദരത്തിന്റെ \“സിക്സ് സ്റ്റേഷൻസ് ഓഫ് എ ലൈഫ് പർസ്യൂഡ്\“ എന്ന ഫോട്ടോഗ്രാഫി അധിഷ്ഠിത ഇൻസ്റ്റലേഷൻ മട്ടാഞ്ചേരിയിലെ ക്യൂബ് ആർട്ട് സ്‌പേസിൽ പ്രദർശിപ്പിക്കും. English Summary:
Kochi-Muziris Biennale: Kochi-Muziris Biennale is the largest contemporary art festival in South Asia. The sixth edition showcases art projects from over 25 countries and runs until March 31st, promoting cultural exchange and artistic dialogue within the Kochi community. |