കുട്ടനാട്ടിൽനിന്ന് തിരുവനന്തപുരത്തേക്കും അവിടെനിന്ന് ബോംബെയിലേക്കും പറിച്ചുനടപ്പെട്ട, തിരുവിതാംകൂറിൽനിന്ന് ദേശീയതലത്തിലേക്ക് പടർന്ന പത്രപ്രവർത്തകന്റെ ഇടമുറിയാത്ത ഓർമകളായിരുന്നു ടി.ജെ.എസ്.ജോർജിന്റെ ആത്മകഥ. ആ ഓർമകളുടെ ‘ഘോഷയാത്ര’ പിന്നീട് പത്രപ്രവർത്തകരുടെ റഫറൻസ് ഗ്രന്ഥമായി. എസ്.ഗുപ്തൻ നായരും മലയാറ്റൂർ രാമകൃഷ്ണനും കേശവൻ നായരും ഇ.വി.കൃഷ്ണപിള്ളയും മക്കളായ അടൂർ ഭാസിയും ചന്ദ്രനും മുതൽ വിലായത് ഖാനും അനിൽ ബിശ്വാസും ബാൽ താക്കറെയും അടക്കം കഥാപാത്രങ്ങൾ വന്നുപോകുന്ന എത്രയോ കഥകൾ.
- Also Read മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ് അന്തരിച്ചു
ആലപ്പുഴയിലെ കായലോരത്തുനിന്നാണ് ടിജെഎസിന്റെ ഓർമകളാരംഭിക്കുന്നത്. കായലിനടിയിലെ വളക്കൂറുള്ള മണ്ണിൽ കൃഷി ചെയ്യാനിറങ്ങിയ ജോസഫ് മുരിക്കനെക്കുറിച്ചുള്ള ഓർമകൾ, ചിത്തിര, മാർത്താണ്ഡം, റാണി എന്നീ കായൽനിലങ്ങളിലെ രണ്ടായിരത്തോളം ഏക്കർ നികത്തിയെടുത്ത് നൂറുമേനി കൊയ്തെടുത്ത മുരിക്കനെ നാട്ടുകാർ ഭ്രാന്തനെന്നും സർക്കാർ വർഗശത്രുവെന്നും വിളിച്ച് ശിക്ഷിച്ച കഥ. മുരിക്കന്റെ ദീർഘവീക്ഷണമാണിതെന്നു പറഞ്ഞ ടിജെഎസ് ഭൂപരിഷ്കരണത്തോടെ ഇത് അട്ടിമറിക്കപ്പെട്ടുവെന്നും വാദിച്ചു. എന്നാൽ ഇതിനെതിരെ കമ്യൂണിസ്റ്റ് പാർട്ടികൾ വലിയ വിമർശനമാണുന്നയിച്ചത്. ഐസിഎസ്‌ഇ ഏഴാംക്ലാസ് പുസ്തകത്തിൽ ‘മുരിക്കൻ’ എന്ന പേരിലുണ്ടായിരുന്ന പാഠഭാഗം പിൻവലിക്കണമെന്ന് വി.എസ്.അച്യുതാനന്ദനും പിണറായിയും ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
- Also Read മറ്റുള്ളവർക്ക് പുതുജീവനേകി അജിത മടങ്ങി; ദാനം ചെയ്തത് 6 അവയവങ്ങൾ; കുടുംബത്തോട് നന്ദി പറഞ്ഞ് വീണാ ജോർജ്
1950ൽ ബോംബെയിലെ ഫ്രീ പ്രസ് ജേണലിൽ റിപ്പോർട്ടറായാണ് ടിജെഎസിന്റെ പത്രപ്രവർത്തനം ജീവിതം ആരംഭിക്കുന്നത്. ആരുടെ മുന്നിലും മുട്ടുമടക്കാത്ത എല്ലാവരോടും ആശയപരമായി ഇടപെട്ട എഡിറ്റർ സദാനന്ദിന് ഒപ്പമുള്ള നല്ലകാലവും അദ്ദേഹത്തിനു പിന്നാലെ വന്ന പത്രാധിപർ പരസ്യത്തെ വാർത്താരൂപത്തിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് ഫ്രീ പ്രസ് വിട്ടതുമെല്ലാം ടിജെഎസ് ഘോഷയാത്രയിൽ ഓർക്കുന്നു. അന്ന് ഫ്രീ ഫ്രസിൽനിന്ന് രാജിവച്ച് ടിജെഎസിനൊപ്പം ഇറങ്ങിയ ആറുപേരിൽ ഒരാൾ അന്ന് കാർട്ടൂണിസ്റ്റായിരുന്ന ബാൽ താക്കറെയായിരുന്നു.
‘ദ് സേർച്ച് ലൈറ്റ്’ എന്ന പ്രസിദ്ധീകരണത്തിൽ എഡിറ്ററായിരിക്കെയാണ് 37ാം വയസ്സിൽ ടിജെഎസിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നത്. പട്ന ബന്ദിനിടെ വെടിവയ്പ്പുണ്ടായത് റിപ്പോർട്ട് ചെയ്തതിന് അന്നത്തെ ബിഹാർ മുഖ്യമന്ത്രി ബി.കെ.സഹായി നൽകിയ ശിക്ഷയായിരുന്നു ആ ജയിൽവാസം. പട്നയിലെ ജയിലിലായിരുന്നു ആദ്യം ടിജെഎസിനെ പാർപ്പിച്ചത്. പിന്നീട് ഹസാരിബാഗ് സെന്‍ട്രൽ ജയിലിലും. ജയിലിൽ ഇരുന്ന് ‘ബിഹാർ കലാപം: 1965ലെ മുന്നേറ്റത്തിന്റെ പഠനം’ എന്ന പേരിൽ ടിജെഎസ് ഒരു ലേഖനവുമെഴുതി. ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ പാക്കിസ്ഥാനുമായി യുദ്ധത്തിന്റെ വക്കിലായിരുന്നു രാജ്യം. ഒരു ഇന്ത്യക്കാരനു സ്വന്തം രാജ്യത്തിനുനേരെ ‘വിമർശനത്തിന്റെ വെളിച്ചം’ തെളിക്കേണ്ട സമയമല്ലല്ലോ അത്’ എന്നു പറഞ്ഞുകൊണ്ട് ലേഖനം പ്രസിദ്ധീകരിക്കുന്നത് ടിജെഎസ് മാറ്റിവച്ചതായി മകൻ ജീത് തയ്യിൽ ഓർമിക്കുന്നു.
- Also Read മരണമെത്തുന്ന നേരത്ത്... ഭയം വേണ്ട, ചികിത്സ നിഷേധിക്കില്ല, മരണത്തിന് വിട്ടുകൊടുക്കലുമല്ല; എന്താണ് ലിവിങ് വിൽ? വിദഗ്ധർ പറയുന്നു
ജയിലിൽനിന്നിറങ്ങിയപ്പോഴേക്കും അദ്ദേഹം പ്രശസ്തനായിക്കഴിഞ്ഞിരുന്നു. ബിഹാറിൽ തുടരാനാകാതെ വന്നപ്പോൾ ഹോങ്കോങ്ങിലേക്കു ചുവടുമാറ്റി. ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ റീജനൽ എഡിറ്ററായി ജോലി. ഏഷ്യ മാഗസിനു പുതുമുഖം സമ്മാനിക്കാൻ അദ്ദേഹവും സഹപ്രവർത്തകൻ മൈക്ക് ഒനീലും അത് ഏറ്റെടുത്തു. സിംഗപ്പുർ, മലേഷ്യ, തായ്‌ലൻഡ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ഏഷ്യേതര വാർത്തകളിൽ ഏഷ്യവീക്ക് മുൻപന്തിയിൽനിന്നു. എന്നാൽ പിന്നീട് ഏഷ്യവീക്കിന്റെ ഓഹരികളുടെ നല്ലൊരു ഭാഗം ടൈമിന് വിറ്റതോടെ ടിജെഎസ് ഇന്ത്യയിലേക്കു മടങ്ങി. ഒനീൽ ഹൃദയാഘാതം മൂലവും മരിച്ചു. പ്രശസ്തരുടെ മറുമുഖങ്ങളും അപ്രശസ്തരുടെ ആറുമറിയാത്ത ജീവിതങ്ങളും ടിജെഎസിന്റെ പുസ്കതങ്ങളിൽ നിറഞ്ഞു. വിഖ്യാത ഗായിക എം.എസ്.സുബ്ബലക്ഷ്മിക്ക് ജിഎൻ.ബാലസുബ്രഹ്മണ്യത്തോടുണ്ടായിരുന്ന പ്രണയവുമെല്ലാം ടിജെഎസിലൂടെ നമ്മളറിഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ പത്രാധിപരായിരുന്നു ടിജെഎസ്. രാജ്യം ആദ്യമായി പത്മവിഭൂഷൺ നൽകി ആദരിച്ച പത്രപ്രവർത്തകനും ടിജെഎസായിരുന്നു. English Summary:
TJS George: TJS George, a prominent Indian journalist, was known for his critical approach to journalism. His autobiography offers insights into his life, career, and the socio-political landscape of his time. He left a legacy of fearless journalism and insightful commentary. |