അടിമാലി∙ തട്ടിപ്പുകാരിൽ നിന്ന് അയ്യപ്പ വിഗ്രഹത്തെ പോലും സംരക്ഷിക്കേണ്ട സാഹചര്യമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശബരിമലയിലെ തട്ടിപ്പിൽ എല്ലാ തെളിവുകളും പുറത്തുവരികയാണ്. ചെമ്പുപാളികൾ മാത്രമേ അവിടെ എത്തിയിട്ടുള്ളൂവെന്ന് അറ്റകുറ്റപ്പണി ഏറ്റെടുത്ത സ്വകാര്യ സ്ഥാപനം വ്യക്തമാക്കിയിരിക്കുകയാണ്. അതിന്റെ അർഥം സ്വർണം ഇവിടെവച്ചുതന്നെ അടിച്ചുമാറ്റിയെന്നാണ്. ചെമ്പുപാളികൾ മാത്രമാണ് ചെന്നൈയിലെത്തിച്ചത് –വി.ഡി.സതീശൻ പറഞ്ഞു.    
  
 
‘‘ഇവിടെ നിന്ന് പാളികൾ മാറ്റിയ ശേഷം 39 ദിവസം കഴിഞ്ഞാണ് ചെന്നൈയിലെത്തിച്ചതെന്ന നിരീക്ഷണം ഹൈക്കോടതി നടത്തിയിട്ടുണ്ട്. ഇത്രയും ദിവസം ഇത് എവിടെയായിരുന്നു. ചെമ്പിൽ ഇതേ മാതൃക ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അത്രയും ദിവസം മുഴുവൻ. സ്വർണം ചെന്നൈയിൽ എത്തിയിട്ടില്ല. അത് ഇവിടെ വച്ചുതന്നെ അടിച്ചുമാറ്റിയിട്ടുണ്ട്. ദേവസ്വം ബോർഡിനും സർക്കാറിനും അധികൃതർക്കും എല്ലാം ഇക്കാര്യത്തിൽ പങ്കുണ്ട്. അയ്യപ്പ വിഗ്രഹത്തെ പോലും ഇവരിൽ നിന്ന് സംരക്ഷിക്കേണ്ട സ്ഥിതിയിലാണ്. ശബരിമലയിൽ നിന്ന് മറ്റെന്തെല്ലാം അടിച്ചുമാറ്റിയിട്ടുണ്ടെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. കളവ് നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണ് സ്വർണപ്പാളികൾ കൊണ്ടുപോയത്.   
  
 
ദേവസ്വം ബോർഡിന്റെ വിജിലൻസ് പരിശോധനയിൽ തട്ടിപ്പ് വ്യക്തമായതാണ്. അത് ഇത്രയും നാൾ മൂടിവച്ചതാരാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ആരാണ് ഇത്രയും നാൾ സംരക്ഷിച്ചത്. ശബരിമലയിലെ സ്വർണം കവർച്ചുചെയ്തുവെന്ന് വ്യക്തമാണ്. അതിന് ഉത്തരവാദികളായ ആളുകൾക്കെതിരെ അടിയന്തരമായി കേസെടുക്കണം’’ –വി.ഡി.സതീശൻ പറഞ്ഞു. English Summary:  
 V D Satheesan Alleges Gold Theft in Sabarimala: He demands immediate action against those responsible for the gold theft. |