ന്യൂഡൽഹി∙ കൃത്യത കൊണ്ടും പ്രഹരശേഷികൊണ്ടും ചരിത്രത്തിന്റെ ഭാഗമാകുന്ന ആക്രമണമായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി.സിങ്. പാക്കിസ്ഥാനിൽ 300 കിലോമീറ്റർ ഉള്ളിൽ വരെ ഇന്ത്യ ആക്രമണം നടത്തി. പാക്കിസ്ഥാന്റെ എഫ്–16, എഫ്–17 ഉൾപ്പെടെ 10 യുദ്ധവിമാനങ്ങൾ തകർത്തു. സാധാരണക്കാരെ കൊലപ്പെടുത്തിയതിന്റെ വില തീവ്രവാദികൾക്കു നൽകേണ്ടിവന്നു. പാക്കിസ്ഥാൻ ഇന്ത്യയോടു വെടിനിർത്തലിന് അഭ്യർഥിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.   
  
 
‘‘ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന്റെ കരുത്ത് ഓപ്പറേഷൻ സിന്ദൂറിനിടെ ലോകം കണ്ടു. ദീർഘദൂര സർഫേസ് ടു എയർ മിസൈലുകളാണ് നിർണായകമായത്. പാക്കിസ്ഥാന്റെ 300 കിലോമീറ്റർ ഉള്ളിൽ വരെ ലക്ഷ്യം കാണാൻ നമുക്കായി. കൃത്യതയോടെ ആക്രമിക്കാൻ നമുക്കായി. പാക്കിസ്ഥാന്റെ തിരിച്ചുള്ള ആക്രമണത്തിൽ ചെറിയ പരുക്കുകൾ മാത്രമാണ് നമുക്കുണ്ടായത്. ഓപ്പറേഷൻ സിന്ദൂറിലൂടെ ഒറ്റ ദിവസം കൊണ്ട് പാക്കിസ്ഥാനെ മുട്ടിൽ നിർത്തി. ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർത്തെന്ന പാക്കിസ്ഥാന്റെ വാദം പാക്ക് ജനതയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രമാണ്.  
 
പാക്കിസ്ഥാന്റെ ഒട്ടേറെ വ്യോമകേന്ദ്രങ്ങൾ ആക്രമിച്ചു. നാലു കേന്ദ്രങ്ങളിലെ റഡാറുകൾ, രണ്ടു കേന്ദ്രങ്ങളിലെ കമാൻഡ് സെന്ററുകൾ, രണ്ടു കേന്ദ്രങ്ങളിലെ റൺവേകൾ, മൂന്നു കേന്ദ്രങ്ങളിലെ യുദ്ധവിമാന ഹാങ്ങറുകൾ എന്നിവ തകർത്തു. ഒരു സി–130 വിമാനം, എഫ്–16 ഉൾപ്പെടെ ഹാങ്ങറിലെ നാലോ അഞ്ചോ യുദ്ധവിമാനങ്ങൾ തകർത്തു. ഇതോടൊപ്പം അവരുടെ വ്യോമപ്രതിരോധ സംവിധാനവും തകർത്തു. സ്വന്തം അതിർത്തിക്കുള്ളിൽ നിശ്ചിത ദൂരപരിധിക്കുള്ളിൽ പോലും പ്രവർത്തിക്കാനാകില്ലെന്ന് അവർക്ക് വ്യക്തമായിട്ടുണ്ട്. 300 കിലോമീറ്റർ ഉള്ളിലുള്ള ലക്ഷ്യമാണ് നമ്മൾ നേടിയത്. ഇത് അവരുടെ പ്രവൃത്തികളെ സാരമായി ബാധിച്ചു’’–വ്യോമസേന മേധാവി പറഞ്ഞു. English Summary:  
Air Chief Marshal A.P. Singh on the Success of Operation Sindoor: Operation Sindoor showcased the strength of the Indian Air Force. It demonstrated India\“s ability to strike deep within Pakistan, effectively neutralizing threats and forcing a ceasefire. The operation highlighted the precision and minimal collateral damage achieved by the Indian forces. |