തിരുവനന്തപുരം∙ ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവുമായി ദേവസ്വം വിജിലന്‍സ്. 1998-99 കാലഘട്ടത്തില്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം ഉപയോഗിച്ച് ശബരിമലയില്‍ ശ്രീകോവിലും ദ്വാരപാലകശില്‍പങ്ങളും ഉള്‍പ്പെടെ സ്വര്‍ണം പൂശിയതിന്റെ രേഖകള്‍ ദേവസ്വം വിജിലന്‍സ് കണ്ടെടുത്തു. ഏറെ നാളായി കാണാനില്ലാതിരുന്ന രേഖകള്‍ ദേവസ്വം മരാമത്ത് ഓഫിസില്‍നിന്നാണ് കണ്ടെത്തിയത്.
2019ല്‍ ലഭിച്ചത് ചെമ്പു പാളികള്‍ മാത്രമാണെന്ന് ചെന്നൈയില്‍ സ്വര്‍ണം പൂശുന്ന കമ്പനിയായ സ്മാര്‍ട്ട് ക്രിയേഷന്‍സ് വെളിപ്പെടുത്തിയതോടെയാണ് വിഷയം കൂടുതല്‍ ദുരൂഹമായിരിക്കുന്നത്. വിജയ് മല്യ നല്‍കിയ സ്വര്‍ണം ഉപയോഗിച്ച് 1998ല്‍ പൂശിയ വസ്തുക്കള്‍ എങ്ങനെ 2019 ആയപ്പോള്‍ ചെമ്പായി മാറി എന്ന ചോദ്യമാണ് ഉയരുന്നത്. 1998ല്‍ വിജയ് മല്യ 30.3 കിലോ സ്വര്‍ണവും 1900 കിലോ ചെമ്പുമാണ് ദേവസ്വം ബോര്‍ഡിന് നല്‍കിയത്. മേല്‍ക്കൂരയും ശ്രീകോവിലും ദ്വാരപാലകശില്‍പങ്ങളുമാണ് ഇതുപയോഗിച്ച് സ്വര്‍ണം പൂശിയത്.
2019ല്‍ ദ്വാരപാലകശില്‍പങ്ങളുടെ തിളക്കം മങ്ങിയെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും സ്വര്‍ണം പൂശാന്‍ തീരുമാനിക്കുകയും ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പിക്കുകയും ചെയ്തത്. എന്നാല്‍ 2019ല്‍ തങ്ങള്‍ക്കു ലഭിച്ചത് ചെമ്പ് പാളിയാണെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നത്. ചെമ്പ് പാളി എന്നാണ് ദേവസ്വം ബോര്‍ഡ് രേഖപ്പെടുത്തിയിരിക്കുന്നതും. അപ്പോള്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം പൂശിയ ദ്വാരപാലകശില്‍പങ്ങള്‍ എവിടെ എന്നതാണ് ദുരൂഹമാകുന്നത്. ഇക്കാര്യം പരിശോധിക്കാനാണ് ദേവസ്വം വിജിലന്‍സ് വിജയ് മല്യ നല്‍കിയ സ്വര്‍ണത്തിന്റെ യഥാര്‍ഥ രേഖകള്‍ പരിശോധിച്ചത്. എന്നാല്‍, രേഖകള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്ന മറുപടിയാണ് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസര്‍ നല്‍കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ ഓഫിസില്‍നിന്ന് രേഖകള്‍ കിട്ടിയത്. 1999ല്‍ സ്വര്‍ണം പൂശുന്നതുള്‍പ്പെടെയുള്ള ജോലികളുടെ നിയന്ത്രണം ദേവസ്വം മരാമത്ത് വിഭാഗത്തിനായിരുന്നുവെന്നാണു റിപ്പോര്‍ട്ട്.
English Summary:
Sabarimala gold controversy: The Devaswom Vigilance discovered records from 1998-99 detailing the gold plating, while discrepancies arose in 2019 when copper sheets were reportedly found instead of gold. |