കോഴിക്കോട് ∙ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സാമ്രാജ്യത്വ ശക്തികൾക്ക് കീഴടങ്ങുന്ന നിലപാട് സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ സമീപനം നമുക്ക് അപമാനകരമാണ്. വിവിധ ഇടങ്ങളിലെ വിഷയങ്ങളിൽ ഇടപെട്ട് ലോകത്തിന്റെ നായകനാവാനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമം. കോഴിക്കോട് എൽഡിഎഫ് പലസ്തീൻ ഐക്യദാർഢ്യ സദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പലസ്തീൻ ജനത നേരിടുന്നത് ക്രൂരമായ ആക്രമണങ്ങളാണ്. ഗാസയിലെ കുട്ടികളുടെ രോദനം നമ്മൾ മനസിലാക്കണം. ഇസ്രയേലും അമേരിക്കയും ആഗോളതലത്തിൽ ഒറ്റപ്പെട്ടു. ഒഴിഞ്ഞ കസേരകൾക്ക് മുന്നിലാണ് നെതന്യാഹു യുഎന്നിൽ പ്രസംഗിച്ചത്. പലസ്തീനിലെ വംശഹത്യ ലോകമാകെ എല്ലാവരും എതിർക്കുകയാണ്. ഗാസയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനാണ് അമേരിക്കയുടെ ശ്രമം. ഗാസയെ വിൽക്കാനാണ് ഇസ്രയേലിന്റെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു.
പലസ്തീന്റെ അസ്ഥിത്വം ആർക്കും നിഷേധിക്കാൻ കഴിയില്ലെന്ന് ഐക്യദാർഢ്യസദസ്സിൽ മുഖ്യാതിഥിയായ ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു സാവേശ് പറഞ്ഞു. പലസ്തീന് സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ നൽകാൻ എല്ലാവരും ശ്രമിക്കണം. ഇന്ത്യയിൽ നിന്ന് ഇനിയും പിന്തുണ പ്രതീക്ഷിക്കുന്നതായും അബു സാവേശ് പറഞ്ഞു. English Summary:
MV Govindan criticizes Narendra Modi\“s stance on the Israel-Palestine conflict: He asserts the central government\“s approach is subservient to imperial powers, while also condemning the actions of Israel and the United States in Gaza. |