ലക്നൗ∙ സ്ത്രീധന പീഡന കൊലപാതകത്തിൽ ഭർത്താവും ഭർതൃവീട്ടുകാരും നിയമനടപടി നേരിടുന്നതിനിടെ ‘മരിച്ച’ യുവതി രണ്ടു വർഷത്തിനു ശേഷം തിരിച്ചെത്തി. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലാണ് സംഭവം.   
  
 
2023ലാണ് ഇരുപതുകാരിയായ യുവതിയെ ഭർതൃ വീട്ടിൽനിന്ന് കാണാതാകുന്നത്. ഏറെ ദിവസങ്ങൾക്കു ശേഷവും ഇവരെക്കുറിച്ച് വിവരമൊന്നും ഇല്ലാതായതോടെ യുവതിയുടെ വീട്ടുകാർ 2023 ഒക്ടോബറിൽ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷിച്ചിട്ടും വിവരം ലഭിക്കാതായതോടെ യുവതിയെ ഭർതൃ വീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ കൊന്നതാണന്ന് ആരോപിച്ച് ഭർത്താവിനും ഭർത്താവിന്റെ കുടുംബത്തിലെ ആറു പേർക്കുമെതിരെ പരാതി നൽകി. രണ്ടു വർഷമായി ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മധ്യപ്രദേശിൽനിന്ന് യുവതിയെ കണ്ടെത്തുന്നത്.  
  
 
‘വിവാഹത്തിനു ശേഷം ഒന്നര വർഷം കഴിഞ്ഞാണ് യുവതിയെ കാണാതാകുന്നത്. വീട്ടുകാരുടെ പരാതിയിൽ കോടതിയുടെ നിർദേശപ്രകാരമാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്തത്. മധ്യപ്രദേശിൽനിന്ന് യുവതിയെ നാട്ടിലെത്തിച്ചിട്ടുണ്ട്. തുടരന്വേഷണം നടക്കുകയാണ്’–ഔറയ്യ സർക്കിൾ ഓഫിസർ അശോക് കുമാർ സിങ് പറഞ്ഞു. മധ്യപ്രദേശിൽ യുവതി എന്തു ചെയ്യുകയായിരുന്നെന്നും എന്തുകൊണ്ടാണ് വീട്ടുകാരുമായി ബന്ധപ്പെടാത്തതെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. English Summary:  
Dowry death case takes a surprising turn as a woman returns after being presumed dead for two years in Uttar Pradesh. The investigation continues to determine the circumstances surrounding her disappearance and reappearance, including her time in Madhya Pradesh. |