വിജയദശമി ദിനത്തിൽ കുഞ്ഞുങ്ങൾ അറിവിന്റെ ആദ്യാക്ഷരം നുകരാനെത്തിയതാണ് ഇന്നത്തെ മുഖ്യ വാർത്ത. ഇന്ത്യ–ചൈന ബന്ധം സാധാരണ നിലയിലേക്കെന്നു സൂചന നൽകി ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാനസർവീസുകൾ പുനഃസ്ഥാപിക്കാൻ ധാരണയായതും ഇന്ന് വലിയ വാർത്താ പ്രാധാന്യം നേടി. പാക്ക് അധിനിവേശ കശ്മീരിൽ സംഘർഷം തുടരുന്നതും മുഖ്യവാർത്തകളിലൊന്നായി. വായിക്കാം ഇന്നത്തെ മറ്റു പ്രധാന വാർത്തകളും.
വിജയദശമി ദിനത്തിൽ മലയാള മനോരമ ഒരുക്കിയ വിദ്യാരംഭത്തിൽ അക്ഷരമധുരം നുകർന്ന് കുരുന്നുകൾ. കേരളത്തിലെ 11 യൂണിറ്റുകളിലും കേരളത്തിനു പുറത്ത് ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ദുബായ് എന്നിവിടങ്ങളിലുമായിരുന്നു വിദ്യാരംഭച്ചടങ്ങ്. സാഹിത്യ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളാണ് കുഞ്ഞുങ്ങളെ അക്ഷരമെഴുതിച്ചത്. യൂണിറ്റുകളിൽ രാവിലെ ആറരയോടെ തുടങ്ങിയ വിദ്യാരംഭത്തിൽ നിരവധി കുരുന്നുകളാണ് ഹരിശ്രീ കുറിച്ചത്. സമ്മാനങ്ങളും ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും വാങ്ങി അവർ സന്തോഷത്തോടെ മടങ്ങി.
ഇന്ത്യ–പാക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്ക് കേന്ദ്രീകരിച്ച് സൈനികവിന്യാസം നടത്തുന്ന പാക്കിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കത്തിനും കനത്ത വിലനൽകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. സർ ക്രീക്ക് മേഖലയിലെ ലക്കി നാല സൈനിക കേന്ദ്രത്തിൽ വിജയദശമി ദിനത്തിൽ ജവാന്മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ–ചൈന ബന്ധം സാധാരണ നിലയിലേക്കെന്നു സൂചന നൽകി ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാനസർവീസുകൾ പുനഃസ്ഥാപിക്കാൻ ധാരണ. ഒക്ടോബർ അവസാനത്തോടെ സർവീസുകൾ പുനഃസ്ഥാപിക്കും. 2020ൽ കോവിഡ് കാലത്താണ് ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തലാക്കിയത്. പിന്നീട് ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തെത്തുടർന്ന് സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയായിരുന്നു.
മൂന്നാം ദിവസവും കെട്ടടങ്ങാതെ പാക്ക് അധിനിവേശ കശ്മീരിൽ സംഘർഷം തുടരുന്നു. പാക്കിസ്ഥാൻ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കു പിന്നാലെ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ ഇതുവരെ പന്ത്രണ്ടു സാധാരണക്കാരും മൂന്നു പൊലീസുകാരും കൊല്ലപ്പെട്ടു. 200ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ശക്തമാക്കുന്നതിനിടെ പ്രതികരണവുമായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. സത്യം പുറത്തുവരേണ്ടത് തന്റെ ആവശ്യമാണെന്നും പറയാനുള്ളതെല്ലാം കോടതിയില്‍ പറയുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കും. English Summary:
Todays Recap October 2nd |