തിരുവനന്തപുരം∙ പരിപാടിക്ക് കാഴ്ചക്കാരില്ലാത്തതിന്റെ പേരില്‍ മന്ത്രി ദേഷ്യപ്പെട്ടതോടെ ആനയറയിലെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കേന്ദ്രത്തില്‍ പൊടിയടിച്ചു കിടക്കുന്നത് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മോട്ടര്‍ വാഹന വകുപ്പിനു ലഭിച്ച കോടിക്കണക്കിനു രൂപ വിലവരുന്ന വാഹനങ്ങള്‍. വര്‍ഷങ്ങളായി വകുപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റിന് വാഹനങ്ങള്‍ ആവശ്യത്തിന് ഇല്ലെന്ന് ചൂണ്ടിക്കാട്ടി റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ വാഹനങ്ങളാണ് മന്ത്രിയുടെ പിടിവാശിയില്‍ കുടുങ്ങി വെറുതേ കിടക്കുന്നത്. മന്ത്രിയുടെ നടപടിക്കെതിരെ വകുപ്പില്‍ വലിയ പ്രതിഷേധമാണുയരുന്നത്.   
  
 
തിരഞ്ഞെടുപ്പ് അടുത്തതോടെ മോട്ടര്‍ വാഹനവകുപ്പിനെയും കെഎസ്ആര്‍ടിസിയെയുമൊക്കെ മന്ത്രി വിലകുറഞ്ഞ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പൊതുസമൂഹത്തില്‍ വകുപ്പുകളുടെ വിലയിടിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അടക്കം പറയുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ക്ക് ആവശ്യത്തിന് വാഹനങ്ങള്‍ ഇല്ലാതെ ഉദ്യോഗസ്ഥര്‍ വലയുമ്പോഴാണ് ഇത്രയും വാഹനങ്ങള്‍ കൂട്ടത്തോടെ പിടിച്ചിട്ടിരിക്കുന്നത്. പുതുതായി ലഭിച്ച 52 വാഹനങ്ങളില്‍ 40 എണ്ണമാണ് ഇപ്പോള്‍ വിവിധ ജില്ലകളിലേക്ക് അനുവദിച്ചിരിക്കുന്നത്. ബാക്കി 10 വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് പിന്നീട് സംഘടിപ്പിക്കാനാണ് പദ്ധതി.  
  
 
കഴിഞ്ഞ ദിവസം കനകക്കുന്നിലെ പരിപാടി കാഴ്ചക്കാരില്ലാത്തതിന്റെ പേരില്‍ റദ്ദാക്കിയതോടെ എല്ലാ ജില്ലകളില്‍നിന്നും വാഹനം കൊണ്ടുപോകാന്‍ ഒരിക്കല്‍ കൂടി ഡ്രൈവറും മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും വരേണ്ട അവസ്ഥയാണുള്ളത്. തിങ്കളാഴ്ചയും എല്ലാ ജില്ലകളില്‍നിന്നും ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. രാവിലെ എട്ടിനു നിശ്ചയിച്ചിരുന്ന പരിപാടി പിന്നീട് വൈകിട്ടത്തേക്കു മാറ്റി. കാസര്‍കോട് നിന്നുള്‍പ്പെടെ എത്തിയ ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ എത്തി വൈകിട്ടു വരെ കാത്തിരുന്നിട്ടാണ് മന്ത്രികോപം മൂലം വെറുംകൈയ്യോടെ മടങ്ങേണ്ടിവന്നത്. ഇനി മന്ത്രിക്ക് സൗകര്യപ്പെടുമ്പോള്‍ വീണ്ടും വരാനുള്ള കാത്തിരിപ്പിലാണ് ഉദ്യോഗസ്ഥര്‍. English Summary:  
Delay in Vehicle Distribution: Due to the minister KB Ganesh Kumar\“s actions, crores worth of vehicles procured for the Motor Vehicle Department using Road Safety Authority funds remain unused. |