കൊച്ചി ∙ സ്പായിൽ ബോഡി മസാജിങ്ങിനു പോയ വിവരം ഭാര്യയെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി പൊലീസുകാരനിൽനിന്ന് 4 ലക്ഷം രൂപ തട്ടിയ കേസിലെ ഒന്നാം പ്രതിയായ പാലാരിവട്ടം സ്റ്റേഷൻ ഗ്രേഡ് എസ്ഐ കെ.കെ.ബൈജു ഒളിവിൽ തുടരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിയായ വൈക്കം സ്വദേശി സ്പാ ജീവനക്കാരി രമ്യയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. തൈക്കൂടത്ത് ഒളിവിൽ കഴിയുകയായിരുന്നു രമ്യ. രണ്ടാം പ്രതിയായ സ്പാ നടത്തിപ്പുകാരൻ കൊച്ചി വാത്തുരുത്തി രാമേശ്വരം പുള്ളി ഹൗസിൽ പി.എസ്. ഷിഹാമിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
കൊച്ചി സിറ്റി എആർ ക്യാംപിൽ ജോലി ചെയ്യുന്ന മരട് സ്വദേശിയായ പൊലീസുകാരനിൽ നിന്നാണ് പ്രതികൾ പണം തട്ടിയത്. ഓഗസ്റ്റ് 8ന് വൈകിട്ട് അഞ്ചരയോടെയാണ് ഇയാൾ സ്പായിലെത്തി ബോഡി മസാജ് ചെയ്തത്. പിറ്റേന്നു രാവിലെ പത്തു മണിയോടെ മൂന്നാം പ്രതിയായ രമ്യ പൊലീസുകാരനെ വിളിച്ചു. മസാജ് ചെയ്യുന്ന സമയത്തു താൻ ഊരിവച്ച മാല കാണുന്നില്ലെന്നും മാലയോ അല്ലെങ്കിൽ പണമായി ആറര ലക്ഷം രൂപയോ നൽകണമെന്നും ആവശ്യപ്പെട്ടു.
Also Read ബോഡി മസാജിങ്ങിനു പോയത് ഭാര്യയെ അറിയിക്കുമെന്നു ഭീഷണി; പൊലീസുകാരനിൽ നിന്ന് 4 ലക്ഷം തട്ടിയ എസ്ഐക്ക് സസ്പെൻഷൻ
എന്നാൽ, താൻ മാല എടുത്തിട്ടില്ലെന്നും പണം നൽകില്ലെന്നും കേസു കൊടുക്കാനും പൊലീസുകാരൻ മറുപടി പറഞ്ഞു. പിന്നാലെ രണ്ടാം പ്രതി ഷിഹാം പലതവണ വിളിച്ചു സ്പായിൽ പോയ വിവരം ഭാര്യയെയും ബന്ധുക്കളെയും അറിയിച്ചു നാണം കെടുത്തുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു. തുടർന്ന് എസ്ഐ ബൈജു മുഖേന 4 ലക്ഷം രൂപ പൊലീസുകാരന്റെ കയ്യിൽ നിന്നു വാങ്ങി.
‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
MORE PREMIUM STORIES
ഇതിൽ രണ്ടു ലക്ഷം രൂപ ബൈജുവും ബാക്കി രണ്ടു ലക്ഷം മറ്റു രണ്ടു പ്രതികളും എടുത്തുവെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. വീണ്ടും പണം നൽകാനുള്ള ആവശ്യം ഉയർന്നതോടെയാണു പൊലീസുകാരൻ പരാതി നൽകിയത്. എസ്ഐ ബൈജുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ശക്തമായ വകുപ്പുതല നടപടിയുണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞിരുന്നു. English Summary:
SI Baiju Still At Large in Extortion Case: The Kochi spa extortion case centers on SI Baiju, who is currently absconding. The case involves blackmailing a police officer after a spa visit, leading to an ongoing investigation.