വാഷിങ്ടൻ∙ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഗവർണർ ലിസ കുക്കിനെ പദവിയിൽ നിന്ന് പുറത്താക്കിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സുപ്രീം കോടതിയിൽ വീണ്ടും തിരിച്ചടി. 2026 ജനുവരിയിൽ കേസിൽ കോടതി വാദം കേൾക്കുന്നത് വരെ ലിസ കുക്കിന് പദവിയിൽ തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ കുക്കിനെ പദവിയിൽനിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു.
കൃത്യമായ കാരണത്തോടെ നിയമപരമായാണു ലിസ കുക്കിനെ പ്രസിഡന്റ് ട്രംപ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തതെന്നും തങ്ങളുടെ വാദങ്ങൾ കോടതിയിൽ വ്യക്തമാക്കി അന്തിമ വിജയം നേടാൻ ശ്രമിക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി പ്രസ്താവനയിൽ പറഞ്ഞു.
ഭവന വായ്പാച്ചട്ടങ്ങളിൽ ബോധപൂർവം തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് ഓഗസ്റ്റിലാണ് ട്രംപ് ലിസ കുക്കിനെ പുറത്താക്കിയത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു കേന്ദ്രബാങ്കിന്റെ ഗവർണറെ ഒരു പ്രസിഡന്റ് പദവിയിൽനിന്ന് നീക്കുന്നത്. ഫെഡറൽ റിസർവിന്റെ ഗവർണറാകുന്ന ആദ്യ ‘ബ്ലാക്ക് അമേരിക്കൻ’ വനിതയുമായിരുന്നു ലിസ. പിന്നാലെ തന്നെ പുറത്താക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്നും വാദിച്ചു കുക്ക് കോടതിയിലെത്തുകയായിരുന്നു. English Summary:
Lisa Cook to Stay as Fed Governor: Trump Faces Supreme Court Setback |