കോഴിക്കോട് ∙ പയ്യാനക്കലിൽ 12 വയസ്സുകാരനായ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന പരാതിയുമായി നാട്ടുകാർ തടഞ്ഞുവച്ചയാളെ പന്നിയങ്കര പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് സ്വദേശി സിനാൻ അലി യുസഫാണ്(33) പിടിയിലായത്. ലഹരിക്കടിമയാണ് ഇയാളെന്ന് തുടരന്വേഷണത്തിനു ശേഷം പൊലീസ് പറഞ്ഞു. ഡീഅഡിക്‌ഷൻ സെന്ററിൽ മുൻപ് ചികിത്സ തേടിയിട്ടുളള ഇയാൾക്കെതിരെ മുൻപ് കേസുകളില്ലെന്നാണ് സൂചന. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് പന്നിയങ്കര സ്റ്റേഷനിലും കാർ തട്ടിക്കൊണ്ടുപോയതിന് വെള്ളയിൽ സ്റ്റേഷനിലും ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
രാവിലെ പത്തുമണിയോടെ മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിയോട് കാറിലെത്തിയ ഇയാൾ കയറാൻ ആവശ്യപ്പെട്ടു. കയറാതെ പോയ കുട്ടിയെ ഇയാൾ ബലം പ്രയോഗിച്ച് കാറിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതോടെ നാട്ടുകാർ എന്തിനാണ് കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടത് എന്ന് ചോദിച്ചെങ്കിലും കുട്ടിയെ ഒരു സ്ഥലം വരെ കൊണ്ടുപോകാൻ ആണെന്നായിരുന്നു ഇയാളുടെ മറുപടിയെന്ന് നാട്ടുകാർ പറഞ്ഞു. സംശയം തോന്നി നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുമായി യുവാവിനെ ബന്ധമില്ലെന്നു മനസ്സിലായത്.
കാസർകോട് സ്വദേശിയാണെന്നും കുട്ടിയെ വീട്ടിൽ ഇറക്കാനാണ് വണ്ടിയിൽ കയറാൻ ആവശ്യപ്പെട്ടതെന്നും ആയിരുന്നു പിന്നീട് യുവാവിന്റെ മറുപടി. ഇതോടെ നാട്ടുകാർ കാറിന്റെ താക്കോൽ ഊരി മാറ്റിയ ശേഷം ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിയ്ക്ക് സമീപം നിർത്തിയിട്ട ടാക്‌സി കാർ മോഷ്ടിച്ചാണ് ഇയാൾ പയ്യാനക്കൽ എത്തിയതെന്ന് തുടരന്വേഷണത്തിൽ കണ്ടെത്തി. നാട്ടുകാരിൽ ചിലരിൽ നിന്നേറ്റ മർദനത്തിൽ പരുക്കേറ്റ യുവാവിനെ ബീച്ച് ഹോസ്പിറ്റലിൽ ചികിത്സ നൽകിയ ശേഷമാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.
English Summary:
Child Abduction Foiled by Locals: Child abduction attempt in Kozhikode highlights a concerning incident where a 12-year-old was nearly kidnapped by a drug-addicted individual. The suspect has been apprehended, and investigations are underway to uncover the full scope of the crime and ensure the child\“s safety. |