കോട്ടയം∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങൾ അടക്കമുള്ള കാര്യങ്ങൾക്കു മൂർച്ഛ കൂട്ടാൻ പാർലമെന്റ് അടിസ്ഥാനത്തിൽ നിരീക്ഷരെ നിയമിച്ച് സുനിൽ കനഗോലു ടീം. 20 ലോക്സഭാ മണ്ഡലങ്ങൾക്കു കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കുക, ഇവിടങ്ങളിലെ കോൺഗ്രസിന്റെ വിജയ സാധ്യത എങ്ങനെ?, താഴെത്തട്ടിലെ അഭിപ്രായം ക്രോഡീകരിക്കുക, മണ്ഡലത്തിൽ പാർട്ടി പിന്നിലെങ്കിൽ മുന്നിലെത്താൻ എന്തു ചെയ്യണം അടക്കമുള്ള കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഇവരുടെ നിയമനം. സിറ്റിങ് എംഎൽഎമാരുമായി ഇവർ സമ്പർക്കം പുലർത്തുന്നുണ്ടെന്നാണു വിവരം. മണ്ഡലം നിലനിർത്തുന്നതിനു ഒപ്പം പ്രവർത്തനം മെച്ചപ്പെടുത്താൻ എന്തു വേണമെന്നുകൂടി നിർദേശിക്കാനാണ് എഐസിസി നിർദേശപ്രകാരം ഇവർ എംഎൽഎമാരെ കാണുന്നത്.
സമൂഹമാധ്യമങ്ങളിൽ സജീവമാകാൻ കോൺഗ്രസ് എംഎൽഎമാർക്ക് സുനിൽ കനഗോലു സംഘം നിർദേശം നൽകിയെന്ന തരത്തിൽ കഴിഞ്ഞദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിലായിരുന്നു എംഎൽഎമാർക്ക് ടീം അംഗങ്ങൾ നിർദേശം നൽകിയത്. വാട്സാപ് ഗ്രൂപ്പുകൾ വഴി പ്രാദേശിക ബന്ധങ്ങൾ സ്ഥാപിക്കണമെന്നും നിലവിലുള്ള ഗ്രൂപ്പുകൾ പോരെന്നും ആണു ലഭിച്ച നിർദേശം എന്ന് ഒരു കോൺഗ്രസ് എംഎൽഎ മനോരമ ഓൺലൈനോടു പറഞ്ഞു. വാട്സാപ് ഗ്രൂപ്പുകൾ മെച്ചപ്പെടുത്താനും ഒരേസമയം ഒന്നിലധികം വാട്സാപ് ഗ്രൂപ്പുകൾ ഉപയോഗിക്കാനും കഴിയുന്ന സംവിധാനം എംഎൽഎമാർക്ക് കനഗോലുവിന്റെ സംഘം പറഞ്ഞുകൊടുത്തു. ഇത് അടക്കം സമൂഹമാധ്യമ അക്കൗണ്ടുകളുടെ ഉപയോഗത്തിനു പ്രത്യേക ടൂൾ കനഗോലു സംഘം എംഎൽഎമാർക്കു നൽകും.
ഉദ്ഘാടന ചിത്രങ്ങൾ മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യേണ്ടത്. മണ്ഡലത്തിൽ ഉള്ളവർ അറിയുന്നതിന് ഒപ്പം പുറത്തുള്ളവരും വികസന പ്രവർത്തനങ്ങളെക്കുറിച്ച് അറിയണം. ഫെയ്സ്ബുക്കിന് അപ്പുറം ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങി ജെൻസി മാധ്യമങ്ങളിലും സജീവമാകണം. ആനുകാലിക വിഷയങ്ങളിൽ ഉൾപ്പെടെ റീൽസും വിഡിയോകളും ചെയ്യണം. ആവശ്യമെങ്കിൽ എഐയുടെ സഹായവും തേടാം. വിഡിയോകളുടെയും റീലുകളുടെയും ഉള്ളടക്കത്തിന് ജനങ്ങളെ ആകർഷിക്കാൻ കഴിയണമെന്നും രസകരമായിരിക്കണമെന്നും നിർദേശമുണ്ട്. എംഎൽഎമാർക്ക് ഇതിനായി ടീമിനെ നിയോഗിക്കാം. അല്ലെങ്കിൽ എല്ലാ സഹായങ്ങളും പാർട്ടി ചെയ്തുകൊടുക്കുമെന്നാണു വിവരം. സിറ്റിങ് സീറ്റുകളെല്ലാം നിലനിർത്തുകയാണ് ഇതുവഴി പ്രാഥമികമായി ലക്ഷ്യമിടുന്നത്.
പാർട്ടിയുടെ വാർ റൂമിന്റെ പ്രവർത്തനങ്ങൾ കൂടുതൽ രഹസ്യാത്മകമായിരിക്കണമെന്നാണ് എഐസിസി നിർദേശം. നിലവിൽ കെപിസിസിയിലും ഡിസിസികളിലും വാർ റൂം പ്രവർത്തിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് ഡിസിസികളിലെ വാർ റൂമുകളിൽ പ്രധാനമായും നടക്കുന്നത്. ഡിസിസി ഓഫിസുകളിൽ എല്ലാവർക്കും കയറിവരാമെന്നിരിക്കെ ആവശ്യമെങ്കിൽ പ്രത്യേകം കെട്ടിടങ്ങളിലേക്ക് വാർ റൂം മാറ്റണമെന്നാണു നിർദേശം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ വാർ റൂമിനു വേണ്ടി വീട് വാടകയ്ക്കെടുത്തു.
സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രവർത്തിക്കുന്നതിനായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ വീട് വാടകയ്ക്ക് എടുത്തുവെന്നും കോഴിക്കോട് വീട് നോക്കുകയാണെന്നും നേരത്തെ മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. English Summary:
Kerala Assembly Elections: Congress Campaign Strategy focuses on leveraging digital tools for upcoming elections. The Sunil Kanugolu team is providing MLAs with social media training, including WhatsApp strategies and AI-assisted content creation. The goal is to enhance their online presence and engagement with constituents. |