മോസ്കോ ∙ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ അംബാസഡർ വിനയ് കുമാർ, ജോയിന്റ് സെക്രട്ടറി മയാങ്ക് സിങ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഡിസംബർ ആദ്യവാരം നടക്കുന്ന ഇന്ത്യ–റഷ്യ ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളുൾപ്പെടെ ഇരുവരും ചർച്ച ചെയ്തു.
Also Read മുഹമ്മദ് ബിൻ സൽമാൻ വൈറ്റ്ഹൗസിൽ, വരവേറ്റ് ട്രംപ്; ഖഷോഗി വധത്തിനു ശേഷമുള്ള ആദ്യ യുഎസ് സന്ദർശനം
‘റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്‌ച നടത്താൻ സാധിച്ചതിൽ അഭിമാനമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ ആദ്ദേഹത്തെ അറിയിച്ചു. വരാനിരിക്കുന്ന ഇന്ത്യ – റഷ്യ ഉച്ചകോടിക്കായുള്ള ഒരുക്കങ്ങളെ കുറിച്ച് അദ്ദേഹത്തെ ധരിപ്പിച്ചു. പ്രാദേശിക – രാജ്യാന്തര വിഷയങ്ങൾ ചർച്ച ചെയ്‌തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകൾക്കും മാർഗനിർദേശങ്ങൾക്കും വലിയ മൂല്യം കൽപ്പിക്കുന്നു.’ – ജയശങ്കർ സമൂഹമാധ്യമത്തിൽ കുറിച്ചു.
ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ)യുടെ യോഗത്തിൽ പങ്കെടുക്കാനാണ് എസ്.ജയശങ്കർ മോസ്കോയിലെത്തിയത്. തിങ്കളാഴ്‌ച സെർഗെയ് ലാവ്‌റോവുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചകോടിക്കായി ഡിസംബർ 5ന് ഇന്ത്യയിൽ എത്തുന്ന പുട്ടിൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും.