ലക്നൗ ∙ മുംബൈയിൽ ലൈംഗികത്തൊഴിലാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മധുരയിൽ നിന്നാണ് പ്രതി ചന്ദ്രപാൽ രാംഖിലാഡി (34) അറസ്റ്റിലായത്. സെപ്റ്റംബർ 25ന് നഗരത്തിലെ മലാഡ് പ്രദേശത്തായിരുന്നു കൊലപാതകം. ഇതിനുശേഷം ചന്ദ്രപാൽ ഒളിവിൽ പോവുകയായിരുന്നു.
‘‘ചർച്ച് റോഡിലെ സാവന്ത് കോംപൗണ്ടിൽ ഒരു സ്ത്രീ അബോധാവസ്ഥയിൽ കിടക്കുന്നതായി ഫോൺ കോൾ ലഭിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി ഇരയെ അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെവച്ച് അവൾ മരിച്ചതായി സ്ഥിരീകരിച്ചു.’’– മാൽവാനി പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, പ്രതി ഓട്ടോ ഡ്രൈവറാണെന്നും ഇര ലൈംഗിക തൊഴിലാളിയാണെന്നും തിരിച്ചറിഞ്ഞു.
ദുപ്പട്ട ഉപയോഗിച്ച് ഓട്ടോ ഡ്രൈവർ ഇരയെ കൊല്ലുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം. ഇവർ തമ്മിലുള്ള സാമ്പത്തിക തർക്കങ്ങളുടെ പേരിലായിരുന്നു കൊലപാതകമെന്നും മനസിലായി. പിന്നീടുള്ള അന്വേഷണത്തിൽ പ്രതി ആഗ്ര സ്വദേശിയാണെന്നു കണ്ടെത്തി. തുടർന്ന് ഇയാൾ ഒളിവിൽ കഴിയുന്ന മധുരയിലേക്കു പോയി അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ പൊലീസ് മുംബൈയിൽ എത്തിച്ചു. English Summary:
Woman Killed: Auto Driver Arrested In UP For Raping, Killing Sex Worker In Mumbai |