കരൂർ ആൾക്കൂട്ട ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ് പ്രതികരിച്ചതാണ് ഇന്നത്തെ മുഖ്യ വാർത്തകളിലൊന്ന്. പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം നടന്നതും ഇന്ന് വലിയ വാർത്താ പ്രാധാന്യം നേടി. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം തിരിച്ചടിക്കണമെന്നു മനസ്സിൽ തോന്നിയിരുന്നുവെങ്കിലും സർക്കാർ സൈനിക നടപടിക്ക് മുതിർന്നില്ലെന്ന് മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ വെളിപ്പെടുത്തലും ഇന്ന് മുഖ്യ വാർത്തകളിൽ ഇടം പിടിച്ചു. അറിയാം ഇന്നത്തെ മറ്റു പ്രധാന വാർത്തകളും.
ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച ഒരു ഘട്ടത്തിലൂടെ കടന്നുപോയിട്ടില്ലെന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെയാണ് വിജയ്‌യുടെ പ്രതികരണം. എത്രയും വേഗം സത്യം പുറത്തുവരും. രാഷ്ട്രീയം തുടരും, ഉടൻ എല്ലാവരെയും കാണും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് കരൂരിൽ തുടരാത്തതെന്നും വിജയ് വിഡിയോയിൽ പറയുന്നു.
ഗാസയിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിക്കു മറുപടി നൽകാൻ ഹമാസിനു മൂന്ന് മുതൽ നാലു ദിവസം വരെ സമയമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മറ്റ് എല്ലാ കക്ഷികളും കരാറിൽ ഒപ്പുവച്ചിട്ടുണ്ടെന്നും അവർ ഹമാസിനായി കാത്തിരിക്കുകയാണെന്നും ട്രംപ് കർശനമായ മുന്നറിയിപ്പ് നൽകി.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തിനു പുറത്ത് ശക്തമായ കാർ ബോംബ് സ്ഫോടനം. കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റതായും അധികൃതർ വാർത്താ ഏജൻസിയായ എപിയോട് പറഞ്ഞു.
2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം തിരിച്ചടിക്കണമെന്നു മനസ്സിൽ തോന്നിയിരുന്നുവെങ്കിലും സർക്കാർ സൈനിക നടപടിക്ക് മുതിർന്നില്ലെന്ന് മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ വെളിപ്പെടുത്തൽ. അന്ന് രാജ്യാന്തര തലത്തിൽനിന്നുള്ള സമ്മർദവും ഐഎഫ്എസിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും നിലപാടും കാരണമാണ് പാക്കിസ്ഥാനെതിരെ സൈനികമായി പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതികാരം എന്റെ മനസ്സിൽ ഉണ്ടായിരിന്നെങ്കിലും സൈനിക നടപടി സ്വീകരിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചുവെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ചിദംബരം പറഞ്ഞത്. എന്നാൽ ഈ വെളിപ്പെടുത്തലിനോടു വൈകിപ്പോയി എന്നാണ് ബിജെപിയുടെ നിലപാട്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചത്തു വെടിയുണ്ട വീഴുമെന്നു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ കൊലവിളി ഉയർത്തിയ എബിവിപി മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി ടീച്ചേഴ്സ് സെൽ സംസ്ഥാന കൺവീനറുമായ പ്രിന്റു മഹാദേവനെതിരെ പേരാമംഗലം പൊലീസ് കേസെടുത്തു. കലാപാഹ്വാനം അടക്കം ചൂണ്ടിക്കാട്ടി ഭാരതീയ ന്യായ സംഹിതയിലെ 192, 352, 351 (2) വകുപ്പുകൾ ചുമത്തി.
ശബരിമല ദ്വാരപാലക ശില്‍പത്തില്‍ പതിച്ചിരുന്ന നാല് കിലോ സ്വര്‍ണം അടിച്ചുമാറ്റിയ സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണ് അയ്യപ്പസംഗമം നടത്തി കേരളത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശബരിമല ക്ഷേത്രം കേന്ദ്രീകരിച്ച് എല്‍ഡിഎഫ് ഗൂഢസംഘം കാലങ്ങളായി നടത്തുന്ന അഴിമതിയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. English Summary:
Todays Recap September 30th |