കൊച്ചി ∙ മുൻ കേന്ദ്ര ടെലികോം സെക്രട്ടറിയും 1982 കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥയുമായിരുന്ന അരുണ സുന്ദർരാജൻ കേന്ദ്ര സർക്കാർ രൂപീകരിച്ച പേയ്‌മെന്റ് റെഗുലേറ്ററി ബോർഡ് അംഗം. രാജ്യത്തെ പേയ്‌മെന്റ് സംവിധാനങ്ങൾക്കും സെറ്റിൽമെന്റ് സംവിധാനങ്ങൾക്കും മേൽനോട്ടം വഹിക്കാനാണ് പുതിയ സംവിധാനം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ (അധ്യക്ഷൻ), ആർബിഐ ഡപ്യൂട്ടി ഗവർണർ, പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റത്തിന്റേയും മേൽനോട്ടത്തിന്റേയും ചുമതലയുള്ള ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടർ, ധനകാര്യ സേവന വിഭാഗം സെക്രട്ടറി, ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയ സെക്രട്ടറി എന്നിവർക്കൊപ്പമാണ് കേന്ദ്ര സർക്കാർ പ്രതിനിധിയായി അരുണ സുന്ദർരാജനെ നിയമിച്ചിരിക്കുന്നത്. ബോർഡ് ഫോർ റെഗുലേഷൻ ആൻഡ് സൂപ്പർവിഷൻ ഓഫ് പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് (BPSS)ന് പകരമായാണ് പുതിയ സംവിധാനം രൂപീകരിച്ചിരിക്കുന്നത്.
രാജ്യത്തെ അതിവേഗം വളരുന്ന ഡിജിറ്റൽ പേയ്‌മെന്റ് മേഖലയെ നിയന്ത്രിക്കാൻ കൂടുതൽ കൃത്യവും സ്വതന്ത്രവുമായ മേൽനോട്ട സംവിധാനമാണ് ആർബിഐ ഈ ബോർഡ് വഴി ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ പേയ്‌മെന്റ് സംവിധാനങ്ങൾക്കും കർശനമായ മേൽനോട്ടം, പേയ്‌മെന്റ് സംവിധാനങ്ങളിൽ ജാഗ്രതയും ഉത്തരവാദിത്തവും വർധിപ്പിക്കുക, ഏകീകൃത നയങ്ങൾ പ്രാവർത്തികമാക്കി അതുവഴി രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾക്ക് പിന്തുണ നൽകുക, യുപിഐ, മൊബൈൽ വാലറ്റുകൾ, ഫിൻടെക് നവീകരണങ്ങൾ എന്നിവയുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പുതിയ ബോർഡിന്റെ ലക്ഷ്യങ്ങൾ. സംസ്ഥാനത്തെ ആദ്യ ഐടി വകുപ്പ് സെക്രട്ടറിയായിരുന്ന അരുണ സുന്ദർരാജൻ തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക് എന്നിവ സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. English Summary:
Payment Regulatory Board: Payment Regulatory Board welcomes Aruna Sundararajan as a member. |