തിരുവനന്തപുരം ∙ എംസി റോഡില്‍ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനു സമീപം കാറിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാര്‍ നിര്‍ത്താതെ പോയ പാറശാല മുൻ എസ്എച്ച്ഒ പി.അനില്‍കുമാറിന് മുന്‍കൂര്‍ ജാമ്യമില്ല. അനില്‍കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം അഡീ സെഷന്‍സ് കോടതി തള്ളി. കീഴ്‌ക്കോടതി പരിഗണിക്കേണ്ട കേസാണെന്നും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അനില്‍കുമാര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അപകടമുണ്ടായ ശേഷം തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കാതെ പോയതും പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാതിരുന്നതും ഗുരുതര കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. ഈ മാസം 7ന് പുലര്‍ച്ചെയാണ് ചേണിക്കുഴി മേലേവിള കുന്നില്‍ വീട്ടില്‍ രാജന്‍ (59) കാര്‍ ഇടിച്ചു മരിച്ചത്. കൂലിപ്പണിക്കാരനായ രാജന്‍ രാവിലെ ചായ കുടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.
ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി. പരുക്കേറ്റ് ഒരു മണിക്കൂറോളം റോഡില്‍ കിടന്ന രാജനെ 6 മണിയോടെ പൊലീസ് എത്തി കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചു. അജ്ഞാതവാഹനം എന്ന നിലയിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു വാഹനം തിരിച്ചറിഞ്ഞത്. കാര്‍ ഓടിച്ചത് അനില്‍കുമാറാണെന്നു ദൃശ്യങ്ങളില്‍ വ്യക്തമായി. തുടര്‍ന്ന് അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു കേസെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.
നിലമേല്‍ കൈതോട് സ്വദേശിയാണ് അനില്‍കുമാര്‍. ഒളിവിലുള്ള അനില്‍കുമാറിനായി തിരച്ചില്‍ തുടരുകയാണ്. സംഭവത്തിനു ശേഷം അദ്ദേഹം സ്റ്റേഷനിലോ എസ്പി ഓഫിസിലോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തിനു ശേഷം പാറശാലയിൽ കാറിന്റെ അറ്റകുറ്റപ്പണി നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തെളിവുനശിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നാണു നിഗമനം.
വാഹനം തട്ടിയതു അറിഞ്ഞില്ലെന്നും രണ്ട് ദിവസം കഴിഞ്ഞ് മാധ്യമങ്ങള്‍ വഴിയാണ് സംഭവം അറിഞ്ഞതെന്നും അനില്‍കുമാറിന്റെ ജാമ്യ അപേക്ഷയില്‍ പറയുന്നു. സെപ്റ്റംബര്‍ ഏഴിന് വെളുപ്പിന് 4.30 ന് കാറില്‍ കിളിമാനൂരില്‍ എത്തിയപ്പോള്‍ എതിര്‍വശത്തുനിന്നു വന്ന വാഹനങ്ങള്‍ ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തതു കാരണം ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. റിയര്‍വ്യൂ കണ്ണാടി തട്ടിയതാവാം എന്നാണു കരുതിയതെന്നും അനില്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എസ്എച്ച്ഒ മനപൂര്‍വം ഇടിച്ചതാണെന്നും അമിതവേഗതയാണ് അപകട കാരണമെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ ഇടിച്ചു വീണ ആളെ ആശുപത്രിയില്‍ എത്തിക്കാനോ വാഹനം നിര്‍ത്താനോ ശ്രമിച്ചിട്ടില്ല. കിളിമാനൂര്‍ പോലീസ് സ്റ്റേഷന്‍ തൊട്ട് അടുത്ത് ഉണ്ടായിട്ടും അവിടെ വിവരം അറിയിച്ചില്ല. ഇടിച്ച വാഹനം പിന്നീട് അറ്റകുറ്റപ്പണി ചെയ്യാന്‍ ശ്രമിച്ചു. പ്രതിക്കു ജാമ്യം നല്‍കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. English Summary:
Kilimanoor Accident Case: Kilimanoor accident case involves a hit-and-run incident where a pedestrian was killed. Former Parassala SHO Anil Kumar\“s anticipatory bail plea was rejected, leading to his suspension and ongoing search by police. |